Connect with us

Kasargod

നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ ഗ്രൂപ്പ് ബുക്കിംഗ് സംവിധാനം ഉടന്‍ നിലവില്‍ വരും: പാലക്കാട് ഡിവിഷണല്‍ മാനേജര്‍

ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ വൈകിട്ട് അഞ്ച് വരെയുള്ള സമയത്തായിരിക്കും ഗ്രൂപ്പ് ബുക്കിംഗ്.

Published

|

Last Updated

നീലേശ്വരം  | പാലക്കാട് ഡിവിഷണല്‍ മാനേജര്‍ അരുണ്‍കുമാര്‍ ചതുര്‍വേദി നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ചു. നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ ഗ്രൂപ്പ് ബുക്കിംഗ് സംവിധാനം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിലവില്‍ വരുമെന്ന് അദ്ദേഹം അറിയിച്ചു. നീലേശ്വരത്തെയും സമീപ പഞ്ചായത്തുകളിലെയും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഔദ്യോഗിക യാത്രകള്‍, യോഗങ്ങള്‍, വിവാഹം ഉള്‍പ്പെടെയുള്ള സ്വകാര്യ ചടങ്ങുകള്‍ എന്നീ ആവശ്യങ്ങള്‍ക്ക് കൂട്ടമായി യാത്ര ചെയ്യുന്നവര്‍ക്ക് ഒരുമിച്ച് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനമാണ് ഗ്രൂപ്പ് ബുക്കിംഗ്. ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ വൈകിട്ട് അഞ്ച് വരെയുള്ള സമയത്തായിരിക്കും ഗ്രൂപ്പ് ബുക്കിംഗ്.

ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഡിവിഷണല്‍ മാനേജരുടെ നേതൃത്വത്തിലുള്ള സംഘം നീലേശ്വരത്ത് എത്തിയത്. അമൃത ഭാരത് പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍, നീലേശ്വരത്തെ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ ഏര്‍പ്പെടുത്തേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്‍ ആര്‍ ഡി സി ഭാരവാഹികള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. കിഴക്കുഭാഗത്ത് വാഹന പാര്‍ക്കിങിനു വേണ്ടി നിശ്ചയിക്കപ്പെട്ട സ്ഥലത്തിന്റെ പ്രവൃത്തി റെയില്‍വേ ഉടന്‍തന്നെ ഏറ്റെടുക്കുമെന്നും രണ്ടാം പ്ലാറ്റ്‌ഫോമിന്റെ നീളം കൂട്ടുന്ന പ്രവൃത്തിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ നിരവധി ട്രെയിനുകള്‍ക്ക് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിച്ചിരുന്നു. ചെറുവത്തുര്‍, കയ്യൂര്‍-ചീമേനി, കിനാനൂര്‍-കരിന്തളം, മടിക്കൈ, ബളാല്‍, കോടോം-ബേളൂര്‍, വെസ്റ്റ്-എളേരി, ഈസ്റ്റ്-എളേരി, വലിയപറമ്പ തുടങ്ങിയ പഞ്ചായത്തുകളിലെയും നീലേശ്വരം മുന്‍സിപ്പാലിറ്റിയിലേയും ജനങ്ങള്‍ പൂര്‍ണമായും, കാഞ്ഞങ്ങാട് നഗരസഭയിലെ ജനങ്ങള്‍ ഭാഗികമായും നീലേശ്വരം റെയില്‍വേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്.

ഡിവിഷണല്‍ മാനേജരുടെ നേതൃത്വത്തിലുള്ള സംഘത്തെ എന്‍ ആര്‍ ഡി സിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. അഡീഷണല്‍ ഡിവിഷണല്‍ മാനേജര്‍ എസ് ജയകൃഷ്ണന്‍, അസിസ്റ്റന്റ് ഡിവിഷണല്‍ എന്‍ജിനീയര്‍ ജെ വിജയ് സുന്ദര്‍, കമേഴ്‌സ്യല്‍ സൂപ്പര്‍വൈസര്‍ സുരേഷ്, എന്‍ ആര്‍ ഡി സി പ്രസിഡന്റ് വി വി പുരുഷോത്തമന്‍, സെക്രട്ടറി എന്‍ സദാശിവന്‍, വൈസ് പ്രസിഡന്റ് സി എം സുരേഷ് കുമാര്‍, ട്രഷറര്‍ എം ബാലകൃഷ്ണന്‍, പി ടി രാജേഷ്, കെ എം ഗോപാലകൃഷ്ണന്‍, പി യു ചന്ദ്രശേഖരന്‍, കെ ദിനേശന്‍, അജിത് കുമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

അന്ത്യോന്ത്യ, മദ്രാസ് മെയില്‍ ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ക്ക് നീലേശ്വരത്ത് സ്റ്റോപ്പ് നേടിയെടുക്കാനുള്ള തീവ്രശ്രമത്തിലാണ് എന്‍ ആര്‍ ഡി സി.

 

Latest