Connect with us

feature

വളര്‍ന്ന്...വളര്‍ന്ന്... മലയാളം

കാലാകാലങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂപപ്പെട്ട ഫാസിസ്റ്റ് ശക്തികൾക്കുള്ള പൊതു സ്വഭാവമായിരുന്നു പുസ്‌തക ഭയം. അതുകൊണ്ട് തന്നെ വായനയെ നിർണയിക്കാനും നിയന്ത്രിക്കാനും വിവിധ കാലങ്ങളിൽ ഫാസിസ്റ്റ് ഭരണകൂടങ്ങൾ ശ്രമിച്ചിട്ടുണ്ട്. വായനയും എഴുത്തുമൊക്കെ കേവലം വിനോദ മാർഗങ്ങൾ മാത്രമല്ല മറിച്ച് സമൂഹ നന്മക്കായുള്ള പോരാട്ടങ്ങളുടെ ആയുധം കൂടിയാണ്.

Published

|

Last Updated

മോശം ലൈബറികൾ അവയുടെ ശേഖരത്തിൽ അടയിരിക്കും… മഹത്തായ ലൈബ്രറികൾ നാടിനെ നിർമിക്കും.
 – പ്രൊഫ. ആർ ഡേവിഡ് ലാങ്കെസി

ധുനിക കാലത്ത് സമൂഹം വികസിപ്പിച്ചെടുത്ത ഏറ്റവും ജനപ്രിയ ഇടങ്ങളാണ് വായനശാലകൾ. വിവിധ തരത്തിലുള്ള, രേഖപ്പെടുത്തിയ വിവരങ്ങൾ സമൂഹത്തിലേക്ക് തുറന്ന് വെച്ച് സംഘടിച്ചും പ്രചരിപ്പിച്ചും അറിവിലേക്കുള്ള പ്രാദേശിക കവാടങ്ങളാണ് ഒരോ വായനശാലയും.
സാമൂഹിക ജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സമൂഹത്തിന്റെ സാംസ്കാരിക പൈതൃകം അതിന്റെ ഒന്നിലധികം രൂപങ്ങളിൽ സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും അത്യന്താപേക്ഷിതമാണ് ഓരോ നാട്ടിലെയും വായനശാലകൾ.

കാലാകാലങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂപപ്പെട്ട ഫാസിസ്റ്റ് ശക്തികൾക്കുള്ള പൊതു സ്വഭാവമായിരുന്നു പുസ്‌തക ഭയം. അതുകൊണ്ട് തന്നെ വായനയെ നിർണയിക്കാനും നിയന്ത്രിക്കാനും വിവിധ കാലങ്ങളിൽ ഫാസിസ്റ്റ് ഭരണകൂടങ്ങൾ ശ്രമിച്ചിട്ടുണ്ട്. വായനയും എഴുത്തുമൊക്കെ കേവലം വിനോദ മാർഗങ്ങൾ മാത്രമല്ല മറിച്ച് സമൂഹ നന്മക്കായുള്ള പോരാട്ടങ്ങളുടെ ആയുധം കൂടിയാണ്. ഒരു ഗ്രാമത്തെ അറിവിലൂടെ സമ്പന്നമാക്കുന്ന കണ്ണൂർ ജില്ലയിലെ കുന്നരു വായനശാല ആൻഡ് ഗ്രന്ഥാലയം മാതൃകയാകുന്നത് ഇങ്ങനെയൊക്കെയാണ്. വായനയെ നെഞ്ചോടു ചേർത്തുവെച്ചു കൊണ്ട് കാലത്തെ അതിജീവിക്കുന്ന വായനാ വിപ്ലവം ഇന്നും തുടരുന്ന ഒരു ഗ്രാമത്തിന്റെയും അവിടുത്തെ വായനശാലയുടെയും ചരിത്രം ഈ വായനാ ദിന കാലത്ത് പ്രസക്തമാകുന്നു.

എ പ്ലസിൽ മലയാള കുതിപ്പ്

പൊതുവായനശാലകൾ വിനോദ വായനയുടെ സാമൂഹിക ഇടം എന്ന നിലയിൽ സാമൂഹിക ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തിത്തുടങ്ങിയ കാലത്താണ് 2013ൽ കുന്നരു കാരന്താട്ടിൽ മലയാള വായനശാല ആൻഡ് ഗ്രന്ഥാലയത്തിന് തുടക്കം കുറിക്കുന്നത്. നാടൻ കലാഗവേഷണത്തിന്റെ ആചാര്യൻ ഡോ. എം വി വിഷ്ണുനമ്പൂതിരിയുടെയും ടി ഐ മധുസൂദനന്റെയും നേതൃത്വത്തിലാണ് തുടക്കം കുറിച്ചത്. തുടർന്നിങ്ങോട്ട് 11 വർഷം പിന്നിടുമ്പോൾ ഒരു ഗ്രാമത്തിന്റെ ആകെ അക്ഷര വെളിച്ചമായി മാറാൻ മലയാളത്തിന് സാധിച്ചത് വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളിലൂടെയാണ്. മെല്ലെ തുടങ്ങി എ പ്ലസിൽ എത്തി നിൽക്കുകയാണ് മലയാളത്തിന്റെ അക്ഷരക്കുതിപ്പ്.മലയാളം വായനശാല ആൻഡ് ഗ്രന്ഥാലയം സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ എ പ്ലസ് അംഗീകാരം നേടി. 2015 മാർച്ച് 19ന് അഫിലിയേഷൻ ലഭിച്ചതു മുതൽ വ്യത്യസ്തങ്ങളും നൂതനങ്ങളുമായ പ്രവർത്തന പദ്ധതികളിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്.

വയോജനവേദി, ബാലവേദി, വനിതാ വേദി, യുവജനവേദി, കലാ സാംസ്കാരിക വേദി, സ്പോർട്സ് വിംഗ്,ഫിലിം ക്ലബ്, മ്യൂസിക് ക്ലബ്, ഡോ. എം വി വിഷ്ണു നമ്പൂതിരി സ്മാരക ഫോക് ലോർ പഠനകേന്ദ്രം തുടങ്ങിയ ഉപസമിതികൾ ഇവിടെ സജീവമായി പ്രവർത്തിക്കുന്നു. 14,300 പുസ്തകങ്ങൾ നിലവിലുണ്ട്. ലൈബ്രറിയുടെ ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. ‘

ഓർമകൾ പുസ്തകങ്ങളായി പുനർജനിക്കുന്നു

ഓർമകൾ പുസ്തകങ്ങളായി പുനർജനിക്കട്ടെ എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് 2015ൽ തുടക്കമിട്ട ഓർമപ്പുസ്തകം പദ്ധതിയിലൂടെയാണ് പുസ്തകങ്ങളുടെ എണ്ണം വർധിപ്പിക്കാനായത്. വിവാഹം, വിവാഹ വാർഷികം, ജന്മദിനം, അനുസ്മരണ ദിനം തുടങ്ങിയ സന്ദർഭങ്ങളിലെല്ലാം ‘മലയാള’ത്തിന് പുസ്തകങ്ങൾ നൽകുകയെന്നത് നാടിന്റെ ശീലമായി മാറിയിരിക്കുന്നു.

വായനയെ പരിപോഷിപ്പിക്കാൻ 365 വായനദിനങ്ങൾ എന്ന ആശയം മുൻനിർത്തി വായനോത്സവം, വായന വെളിച്ചം എന്നീ പദ്ധതികൾ നടപ്പിലാക്കി. മികച്ച വായനക്കാർക്ക് വായന പുരസ്കാരങ്ങൾ നൽകി. ഈ പരിപാടികളുടെ തുടർച്ചയായി ഈ വർഷം വായന വസന്തം -365 വായനദിനങ്ങൾ പദ്ധതി നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി ആറ് വായനക്കൂട്ടങ്ങളിലായി 200 വായനക്കാർ നിലവിലുണ്ട്. കൊവിഡ് കാലത്ത് സംഘടിപ്പിച്ച കൈത്താങ്ങ് പദ്ധതിയിലൂടെ ഓൺലൈൻ ക്ലാസ്സുകൾക്കാവശ്യമായ മൊബൈൽ ഫോണുകൾ, പുസ്തകങ്ങൾ, അവശ്യമരുന്നുകൾ, തെയ്യം കലാകാരന്മാർക്കുള്ള ഭക്ഷ്യക്കിറ്റുകൾ എന്നിവ വിതരണം ചെയ്തിട്ടുണ്ട്. വയോജനങ്ങൾക്കായി വാക്സിൻ ഹെൽപ്പ്ഡസ്ക് സംഘടിപ്പിച്ചു. വീടുകളിൽ പുസ്തകമെത്തിച്ചു. മലയാളത്തിന്റെ ഓൺ ലൈൻ പ്ലാറ്റുഫോമുകൾ ഉപയോഗിച്ചും നേരിട്ടുമായി 120 ഓളം പരിപാടികൾ സംഘടിപ്പിച്ചു.

വ്യത്യസ്തമാണ് മലയാളം

പയ്യന്നൂർ തളിപ്പറമ്പ് താലൂക്കുകളിലെ മികച്ച ഗ്രന്ഥാലയത്തിനുള്ള കടിഞ്ഞിയിൽ നാരായണൻ മാസ്റ്റർ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇ-സാക്ഷരത, പി എസ് സി പരീക്ഷ പരിശീലനം, ശുചീകരണ പ്രവർത്തനങ്ങൾ, കുന്നരു എ യു പി സ്കൂളിലെ എഴുത്തുപെട്ടി, കുട്ടികൾക്കായുള്ള വർണക്കൂടാരം ക്യാമ്പുകൾ, വാർത്താ ക്വിസ്സുകൾ, വീട്ടുമുറ്റ വായനാ സദസ്സുകൾ, പ്രീ പ്രൈമറി കുട്ടികൾക്കായുള്ള കുട്ടിയരങ്ങുകൾ, ഫുട്ബാൾ കോച്ചിംഗ് ക്യാമ്പുകൾ, വനിതകളുടെ പെൺമലയാളം ഒത്തുചേരലുകൾ, സ്ത്രീകൾക്കായുള്ള തൊഴിലിടം ഗ്രൂപ്പ്, വയോജനവേദിയുടെ ആരോഗ്യ ക്ലിനിക് എന്നിവ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ്. വിമാനയാത്രയും തീവണ്ടിയാത്രയും കോർത്തിണക്കി വയോജനവേദി ഒരുക്കിയ തിരുവനന്തപുരം വിനോദയാത്രക്കും, വനിതാ വേദി സംഘടിപ്പിച്ച മൂന്നാർ -എറണാകുളം വിനോദയാത്രക്കും തുടർച്ച ഉണ്ടാക്കാനും പദ്ധതിയുണ്ട്.

അമൂല്യശേഖരങ്ങളുടെ മലയാളം

ഫോക്്ലോർ പണ്ഡിതൻ ഡോ. എം വി വിഷ്ണു നമ്പൂതിരിയുടെ മുഴുവൻ കൃതികളും ഗ്രന്ഥാലയത്തിൽ അമൂല്യ നിധിയായി സൂക്ഷിക്കുന്നു. ഡോ. എം വി വിഷ്ണു നമ്പൂതിരി സ്മാരക ഫോക്്ലോർ പഠന കേന്ദ്രം മികച്ച ഫോക്്ലോർ ഗ്രന്ഥങ്ങൾക്ക് നൽകുന്ന പുരസ്കാരം കേരളത്തിലാകെ ശ്രദ്ധേയമായ ഒന്നാണ്. മികച്ച നാടൻ കലാ കലാകാരൻമാർക്കും പുരസ്കാരം നൽകുന്നുണ്ട്.

7000 ഫോളോവേഴ്‌സ് ഉള്ള ഫെയ്സ് ബുക്ക് പേജ്, ഫെയ്സ് ബുക്ക് ഗ്രൂപ്പ്, യൂ ട്യൂബ്, ഇൻസ്റ്റഗ്രാം, വാട്സപ്പ് ചാനൽ, വാട്സപ്പ് ഗ്രൂപ്പുകൾ എന്നിങ്ങനെ സുസജ്ജമായ ഓൺ ലൈൻ പ്ലാറ്റ് ഫോം “മലയാള’ത്തിനുണ്ട്. 2014 ജൂൺ മാസത്തിൽ പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ഷേണായി മന്ദിരമാണ് “മലയാള’ത്തിന്റെ ആസ്ഥാനം.

Latest