Business
ജിഎസ്ടി കൗണ്‍സില്‍ യോഗം നാളെ ഡല്‍ഹിയില്‍
1000 രൂപ വരെയുള്ള തുണിത്തരങ്ങള്‍ക്കും ചെരിപ്പിനും ജനുവരി ഒന്നുമുതല്‍ ജിഎസ്ടി നിരക്ക് 12 ശതമാനമാക്കിയ തീരുമാനത്തിനെതിരെ പ്രതിഷേധം തുടരുന്നതിനിടെയാണ് കൗണ്‍സില്‍ യോഗം.
ന്യൂഡല്‍ഹി| കേന്ദ്രബജറ്റിനു മുന്നോടിയായി ജിഎസ്ടി കൗണ്‍സില്‍ യോഗം നാളെ ഡല്‍ഹിയില്‍ ചേരും. 46ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗമാണിത്. ജിഎസ്ടി നിരക്കുകള്‍ ഏകീകരിക്കുന്നതു സംബന്ധിച്ച് മന്ത്രിതല സമിതിയുടെ റിപ്പോര്‍ട്ടും നാളെ ചര്‍ച്ച ചെയ്യും.
നിലവിലുള്ള 4 സ്ലാബുകള്‍ക്കു (5 ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം) പകരം 3 സ്ലാബുകള്‍ കൊണ്ടുവരണമെന്നും 12 ശതമാനം, 18 ശതമാനം എന്നീ സ്ലാബുകള്‍ ഒരുമിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. നിരക്കുകള്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി കര്‍ണാടക മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള മന്ത്രിതല സമിതിയെയാണ് ജിഎസ്ടി കൗണ്‍സില്‍ നിയോഗിച്ചത്.
1000 രൂപ വരെയുള്ള തുണിത്തരങ്ങള്‍ക്കും ചെരിപ്പിനും ജനുവരി ഒന്നുമുതല്‍ ജിഎസ്ടി നിരക്ക് 12 ശതമാനമാക്കിയ തീരുമാനത്തിനെതിരെ പ്രതിഷേധം തുടരുന്നതിനിടെയാണ് കൗണ്‍സില്‍ യോഗം. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ നേതൃത്വത്തില്‍ സംസ്ഥാന ധനമന്ത്രിമാരുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരുന്നുണ്ട്.