Connect with us

Kerala

ജി എസ് ടി: കേരളത്തിന് വളർച്ച; കഴിഞ്ഞ മാസം സമാഹരിച്ചത് 2,594 കോടി

കേരളത്തിനുള്ള കേന്ദ്ര വിഹിതം 2,497 കോടി

Published

|

Last Updated

തിരുവനന്തപുരം | ജി എസ് ടി പിരിവിലും സമാഹരണത്തിലും കേരളത്തിന് മുന്നേറ്റം. ചരക്ക് സേവന നികുതിയായി കഴിഞ്ഞ മാസം സംസ്ഥാനം 2,594 കോടി രൂപ സമാഹരിച്ചു. കഴിഞ്ഞ വർഷം മെയിൽ 2,297 കോടിയായിരുന്നു സമാഹരിച്ചത്. ഈ വർഷം 13 ശതമാനത്തിന്റെ വർധനയാണുണ്ടായത്. കഴിഞ്ഞ മാസം 3,272 കോടിയാണ് കേരളത്തിൽ നിന്ന് ജി എസ് ടിയായി പിരിച്ചെടുത്തത്.
കഴിഞ്ഞ മാസത്തെ സംസ്ഥാന ജി എസ് ടി, ഐ ജി എസ് ടിയിലെ സംസ്ഥാന വിഹിതം എന്നിവയായി കേരളത്തിന് 2,497 കോടിയും ലഭിച്ചു. 2023 മേയിലെ 2,387 കോടിയേക്കാൾ അഞ്ച് ശതമാനം കൂടുതലാണിതെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി.
അതേസമയം, 26,854 കോടിയുമായി ജി എസ് ടി സമാഹരണത്തിൽ ഏറ്റവും മുന്നിൽ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ ഉൾപ്പെടുന്ന മഹാരാഷ്ട്ര തന്നെയാണ്. ഒരു കോടി മാത്രം ജി എസ് ടിയായി പിരിച്ചെടുത്ത ലക്ഷദ്വീപാണ് ഏറ്റവും പിന്നിൽ.
ദേശീയതലത്തിൽ കഴിഞ്ഞ മാസം പിരിച്ചെടുത്തത് 1.73 ലക്ഷം കോടിയാണ്. 2023 മേയിലെ 1.57 ലക്ഷം കോടിയെ അപേക്ഷിച്ച് 10 ശതമാനം വർധന ജി എസ് ടി പിരിക്കുന്നതിലുണ്ടായി.
അതേസമയം, ഇക്കുറി ഏപ്രിലിൽ 2.10 ലക്ഷം കോടി ജി എസ് ടിയായി പിരിച്ചെടുത്തിരുന്നു. ജി എസ് ടി പ്രാബല്യത്തിൽ വന്നശേഷം ഒരു മാസം ലഭിക്കുന്ന ഏറ്റവും ഉയർന്ന ജി എസ് ടി വരുമാനമായിരുന്നു ഏപ്രിലിലേത്.
തൊട്ടുമുമ്പുള്ള മാസം നടന്ന സാമ്പത്തിക പ്രവർത്തനങ്ങളുടെ ജി എസ് ടിയാണ് ഓരോ മാസവും പിരിച്ചെടുക്കാറുള്ളത്. സാമ്പത്തിക വർഷത്തെ അവസാന മാസമായ മാർച്ചിൽ നടന്ന ഇടപാടുകളുടെ ജി എസ് ടി അപ്രകാരം ഏപ്രിലിൽ പിരിച്ചെടുത്തതുകൊണ്ടാണ് റെക്കോർഡ് സമാഹരണമുണ്ടായത്.

Latest