Pathanamthitta
ജീവിതാന്ത്യം വരെ സംരക്ഷിക്കാമെന്ന ഉറപ്പ് പാലിച്ചില്ല: പ്രമാണം റദ്ദാക്കാന്‍ കോടതിയെ സമീപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
പരാതി കിട്ടിയാല്‍ ഉചിതമായ അന്വേഷണം നടത്തി തുടര്‍ നടപടികള്‍ കമ്മീഷനെ അറിയിക്കണമെന്ന് കമ്മീഷന്‍ ഇലവുംതിട്ട എസ് എച്ച് ഒക്ക് നിര്‍ദ്ദേശം നല്‍കി.
പത്തനംതിട്ട | ജീവിതാന്ത്യം വരെ സംരക്ഷിക്കാമെന്ന പേരില്‍ 2019 മാര്‍ച്ച് 30ന് വയോധികയുടെ പക്കല്‍ നിന്നും തീറാധാരം വാങ്ങിയ ഏഴ് സെന്റ് സ്ഥലത്തിന്റെ പ്രമാണം റദ്ദാക്കണമെന്ന വയോധികയുടെ ആവശ്യം സിവില്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സ്പഷ്യല്‍ റിലീഫ് ആക്റ്റിലെ 31ാം വ്യവസ്ഥ പ്രകാരം ഇക്കാര്യം കോടതിയില്‍ ഉന്നയിക്കണമെന്നും കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി നിര്‍ദ്ദേശം നല്‍കി. വയോധികയെ വഞ്ചിച്ച് പണവും വിലപിടിപ്പുള്ള വസ്തുക്കളും കരസ്ഥമാക്കിയെന്ന പരാതി ഇലവുംതിട്ട പോലീസില്‍ നല്‍കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. പരാതി കിട്ടിയാല്‍ ഉചിതമായ അന്വേഷണം നടത്തി തുടര്‍ നടപടികള്‍ കമ്മീഷനെ അറിയിക്കണമെന്ന് കമ്മീഷന്‍ ഇലവുംതിട്ട എസ് എച്ച് ഒക്ക് നിര്‍ദ്ദേശം നല്‍കി.
തുമ്പമണ്‍ താഴം മുറി സ്വദേശിനി സോജ ഷാജന്‍ തന്റെ ഭര്‍ത്താവിന്റെ ബന്ധുവായ 78 വയസുകാരി ശ്രീലക്ഷ്മി കുഞ്ഞികൃഷ്ണന് വേണ്ടി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. അടൂര്‍ ആര്‍ ഡി ഒയിലും പത്തനംതിട്ട ജില്ലാ പോലിസ് മേധാവിക്കും പരാതി നല്‍കിയിട്ട് ഫലമില്ലെന്നാണ് പരാതി. കമ്മീഷന്‍ പത്തനംതിട്ട ഡി വൈ എസ് പിയില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. ശ്രീലക്ഷ്മി കുഞ്ഞികൃഷ്ണന്‍ എതിര്‍കക്ഷികള്‍ക്ക് 8 സെന്റ് സ്ഥലം തീറാധാരം നല്‍കിയെന്നും അത് അരുണ്‍ രാജു എന്നയാള്‍ക്ക് കൈമാറ്റം ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ എതിര്‍കക്ഷികളായ രാജു, ഷീല, രാധിക എന്നിവര്‍ 2019 ഏപ്രില്‍ 4ന് രണ്ട് ലക്ഷത്തി പതിനായിരം രൂപ പിന്‍വലിച്ച് വയോധികയെ ചതിച്ചതായി പരാതിക്കാരി അറിയിച്ചു. തുച്ഛമായ വില നല്‍കിയാണ് വയോധികയില്‍ നിന്നും എതിര്‍കക്ഷികള്‍ വസ്തു കരസ്ഥമാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനെതിരെ പത്തനംതിട്ട ആര്‍.ഡി.ഒ യില്‍ കേസ് നിലവിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.