feature
ചരിത്ര സൂക്ഷിപ്പുകളുടെ കാവലാൾ
ഒരു നുറ്റാണ്ടുകാലത്തെ ചരിത്രമുള്ള നാദാപുരം മുൻസിഫ് കോടതിയുടെ മുൻവശത്തെ പഴയ വീട്ടിലിരുന്ന് ഇല്ലത്ത് മജീദ് എന്ന ചരിത്രാന്വേഷി തന്റെ പത്രപാരായണങ്ങൾക്കിടയിൽ ദേശചരിത്രവും കൗതുക വാർത്തകളും മാത്രമല്ല, ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്‌കാര ഈടു വെയ്പുകൾ കൂടി ചികഞ്ഞെടുത്ത് വിവിധ ഫയലുകളിലായി സൂക്ഷിക്കാൻ തുടങ്ങിയിട്ട് അര നൂറ്റാണ്ടിലേറെയായി.

ഇല്ലത്ത് മജീദ് എന്ന ചരിത്ര സൂക്ഷിപ്പുകാരനെക്കുറിച്ച് ഇന്ത്യന്‍ എക്സ്പ്രസ്സ് ഇങ്ങനെ എഴുതി: ‘Many newspaper readers may not think of using the daily news reports to Present the history of their land ‘
ഒരു നുറ്റാണ്ടുകാലത്തെ ചരിത്രമുള്ള നാദാപുരം മുന്‍സിഫ് കോടതിയുടെ മുന്‍വശത്തെ പഴയ വീട്ടിലിരുന്ന് ഇല്ലത്ത് മജീദ് എന്ന ചരിത്രാന്വേഷി തന്റെ പത്രപാരായണങ്ങള്‍ക്കിടയില്‍ ദേശചരിത്രവും, കൗതുക വാര്‍ത്തകളും മാത്രമല്ല, ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സംസ്‌കാര ഈടു വെയ്പുകള്‍ കൂടി ചികഞ്ഞെടുത്ത് വിവിധ ഫയലുകളിലായി സൂക്ഷിക്കാന്‍ തുടങ്ങിയിട്ട് അര നൂറ്റാണ്ടിലേറെയായി.
അതിനായി ഒരു പത്രം മാത്രമല്ല ഇദ്ദേഹം ആശ്രയിക്കുന്നത്. മലയാളത്തിലും ഇംഗ്ലീഷിലുമിറങ്ങുന്ന ഒട്ടുമിക്ക പത്രങ്ങളും ഈ കൈകള്‍ക്കിടയിലൂടെ കടന്നുപോകുന്നു. ഒരു പത്രം തന്നെ വായിക്കാന്‍ വിമുഖത കാട്ടുന്ന പുതുതലമുറക്ക് ഈ മനുഷ്യനില്‍ നിന്ന് ഒട്ടേറെ പഠിക്കാനുണ്ട്. അങ്ങനെയല്ലായിരുന്നുവെങ്കില്‍ ‘നാദാപുരത്തിന്റെ ഇതിഹാസം’ എന്ന പുസ്തകം പിറക്കില്ലായിരുന്നു. ഈ ദേശത്തിന്റെ രാഷ്ട്രീയ ചരിത്രം മുതല്‍ കൊലപാതക പ്രത്യയശാസ്ത്രം വരെയും ഭൂമിശാസ്ത്ര ഘടന മുതല്‍ കുടിയേറ്റ ചരിത്രം വരേയും പോസ്റ്റുമോര്‍ട്ടം ചെയ്യുന്നുണ്ട് തന്റെ രചനയില്‍ മജീദ്. പതിനാലാം വയസ്സില്‍ താന്‍ സ്നേഹിക്കുന്ന നാദാപുരം മണ്ണ് ഉപേക്ഷിച്ച് കേരളത്തിന് പുറത്തേക്ക് കുടിയേറേണ്ടി വന്ന ഇല്ലത്ത് മജീദിന് തന്റെ ജീവിതത്തെക്കുറിച്ചും ഹോബിയെക്കുറിച്ചും പറയാനേറെയുണ്ട്.
കല്ലാച്ചിയിലെ ഗവ. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് തുടങ്ങിയതാണ് കൗതുകകരമായ വസ്തുക്കളോടുള്ള പ്രണയം. നാണയം മുതല്‍ സ്റ്റാമ്പുകള്‍ വരെ ശേഖരിച്ചു തുടങ്ങിയ ഹോബി ഇന്നിപ്പോള്‍ ശേഖര വൈവിധ്യം വിപുലമാണ്. കൊടിയ ദാരിദ്ര്യവും അരാഷ്ട്രീയ ചുറ്റുപാടുകളും മജീദിനെ തുടര്‍ പഠനങ്ങളില്‍ നിന്ന് അകറ്റി. വിശപ്പ് ഒരു പ്രശ്നമായപ്പോള്‍ പഠനം പാതിവഴിയിലുപേക്ഷിച്ച് മദ്രാസിലേക്ക് വണ്ടി കയറി. കിട്ടിയത് ഒരു ചായപ്പീടികയിലെ തൊഴിലാണ്. അന്ന് മദ്രാസ് തിരക്കുപിടിച്ച ഒരു നഗരമായി വരുന്നതേയുള്ളൂ. പാതയോരത്തെ ചായപ്പീടികയിലേക്ക് കയറിവരുന്ന ആളുകളുമായുള്ള ചങ്ങാത്തം മജീദില്‍ ഉറങ്ങിക്കിടന്ന പല കഴിവുകളും ഉണര്‍ത്തി. അന്ന് ഒരു ചായക്ക് 10 പൈസയാണ് വില. അണയെന്ന നാണയവും നിലവിലുണ്ട്. ഇതെല്ലാം കണ്ടപ്പോള്‍ മജീദിലെ, ശേഖരണ ഭ്രാന്തന്‍, സടകുടഞ്ഞെഴുന്നേറ്റു. ആ കാലത്ത് ഉള്ളില്‍ കയറിയ ഇഷ്ടങ്ങള്‍ ഈ എഴുപതാം വയസ്സിലും ഇട്ടെറിഞ്ഞിട്ടില്ല അദ്ദേഹം.
മദ്രാസ് ഒരു വന്‍നഗരമായി വളരുന്നത് നോക്കിക്കണ്ടയാളാണ് ഇല്ലത്ത് മജീദ്. നിരത്തുകളില്‍ വിദേശ കാറുകള്‍ വരുന്നതും വിദേശ ടൂറിസ്റ്റുകളുടെ കടന്നുവരവും മജീദിനെ ഒട്ടൊന്നുമല്ല ആഹ്ലാദിപ്പിച്ചത്. തനിക്ക് വന്നുചേരാന്‍ പോകുന്ന സൗഭാഗ്യങ്ങളെക്കുറിച്ചായി അദ്ദേഹത്തിന്റെ ആലോചന. പല രാജ്യങ്ങളിലെ പല കാലങ്ങളിലെ നാണയങ്ങള്‍, നോട്ടുകള്‍, മുദ്രക്കടലാസുകള്‍, കൗതുക സാമഗ്രികള്‍, വിദേശ പത്രങ്ങള്‍ അങ്ങനെ അങ്ങനെ… അധ്വാനിച്ച് പണം സമ്പാദിക്കുന്നതിനപ്പുറം ഇത്തരം കൗതുകങ്ങളിലായി അദ്ദേഹത്തിന്റെ ശ്രദ്ധയും ഊന്നലും. കൈയില്‍ വന്നുചേരുന്നതിലെല്ലാം ഒരു കരുതല്‍ കൂടുതല്‍ വീണു. തനിക്ക് വ്യത്യസ്തമായി തോന്നുന്നതിനോട് ഉള്ളില്‍ പ്രത്യേകമായ ഒരടുപ്പം സൃഷ്ടിക്കപ്പെട്ടു. അത് സ്വന്തമാക്കാനുള്ള തിടുക്കമായി പിന്നീട്. നാല്‍പ്പത് വര്‍ഷത്തെ മദ്രാസ് ജീവിതം കൊണ്ട് എന്ത് സമ്പാദിച്ചു എന്നു ചോദിച്ചാല്‍ മജീദ് അര്‍ഥഗര്‍ഭമായി ഒന്നു ചിരിക്കും. ശേഷം വീട്ടിലെ സൂക്ഷിപ്പുകള്‍ നമുക്ക് മുന്നിലേക്ക് ഒരു കുന്ന് പോലെ നിരത്തിയിടും. ഈ മനുഷ്യന്റെ വര്‍ഷങ്ങളായുള്ള അധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും ഗന്ധം അവയില്‍ നിന്ന് ഉയര്‍ന്നുവരുന്നതായി നമുക്ക് അനുഭവപ്പെടും.
സൂക്ഷിപ്പുകളുടെ വൈവിധ്യം
ഇന്ത്യയില്‍ ബ്രിട്ടീഷ് ആധിപത്യം വരുന്നതിനും മുമ്പുള്ള മുഗള ഭരണകാലത്തെ നാണയങ്ങള്‍ മുതല്‍ സ്വാതന്ത്ര്യാനന്തര കാലത്തെ ഇന്ത്യന്‍ നാണയങ്ങള്‍, കറന്‍സികള്‍, പുതിയ തലമുറ ഇന്നേവരെ കണ്ടിട്ടില്ലാത്ത പല ചരിത്ര സൂക്ഷിപ്പുകളെല്ലാം ഈ മനുഷ്യന്റെ കൈവശമുണ്ടിന്ന്. കാലഗണനക്കനുസരിച്ച് ക്രമീകരിക്കപ്പെട്ട നാണയങ്ങളും കറന്‍സികളുമാണ് മുഖ്യ ആകര്‍ഷണം. ഒരു നൂറ്റാണ്ടിനപ്പുറമുള്ള സ്റ്റാമ്പുകളുമുണ്ട് ഈ ശേഖരത്തില്‍. ഏറ്റവും പഴയ ആധാരം, ഒരു നൂറ്റാണ്ടുകാലത്തെ ഭക്ഷ്യ ചരിത്രം, ആദ്യത്തെ തിരഞ്ഞെടുപ്പ് മുതല്‍ ലോക രാജ്യങ്ങളുടെ തിരഞ്ഞെടുപ്പ് ചരിത്രം വരെ ഈ സൂക്ഷിപ്പുകളിലെ ഈടുവെപ്പുകളാണ്.
ലോകത്തിലെ വിവിധ തരം കൊടികള്‍, പലയിനം പക്ഷി ചരിതം എന്നിവയെല്ലാം കൂട്ടത്തിലുണ്ട്. പൊതുവെ നാം കണ്ടുവരുന്ന രീതിക്ക് വ്യത്യസ്തമായി ഇല്ലത്ത് മജീദ് നാണയങ്ങളും സ്റ്റാമ്പുകളും മാത്രം ശേഖരിച്ച് തൃപ്തിപ്പെടുന്ന കൂട്ടത്തിലല്ല. അദ്ദേഹത്തിന്റെ അഭിരുചി വ്യത്യസ്ത മേഖലകളിലാണ്. നിങ്ങള്‍ ഒരു വിഷയം പറഞ്ഞാല്‍, ആ വിഷയവുമായി ബന്ധപ്പെട്ടതെല്ലാം മജീദ് കാണിച്ചുതരും. ഉദാ: മെയ് 31 ലോക പുകയില വിരുദ്ധ ദിനമാണല്ലോ! ആ വിഷയ സംബന്ധിയാണ് നിങ്ങളുടെ സംശയമെങ്കില്‍, മിനുട്ടുകള്‍ക്കുള്ളില്‍ അതിന്റെ ചരിത്രം മുതല്‍ തെളിവ് സഹിതം അദ്ദേഹം മുന്നില്‍ നിരത്തും.
ലഹരി ഉപയോഗം ഭയാനകമാംവിധം നമ്മുടെ യുവതലമുറയെ കാര്‍ന്നുതിന്നുന്ന ഈ കാലത്ത് ലഹരി ഉപയോഗം മൂലം ഉണ്ടാകുന്ന വിപത്തുകളെല്ലാം പത്ര ന്യൂസുകളായും ലേഖനങ്ങളായും മേശമേല്‍ നിരക്കുകയായി. ഇവയെക്കുറിച്ചെല്ലാം ആധികാരികമായി പറയാനും ഇദ്ദേഹത്തിനറിയാമെന്നത് നമ്മെ അത്ഭുതപ്പെടുത്തും.
നാടകം, കഥാപ്രസംഗം തുടങ്ങി നൃത്ത നൃത്യങ്ങളെക്കുറിച്ചുള്ള വിവരശേഖരങ്ങള്‍ അദ്ദേഹത്തിന്റെ കൈവശമുണ്ട്. ഇനി മത്സ്യങ്ങളെക്കുറിച്ചാണ് നിങ്ങളുടെ സംശയമെങ്കില്‍ അതിനും മജീദിന്റെ കൈയില്‍ ചരിത്രരേഖകളുണ്ട്. കടല്‍ മത്സ്യങ്ങളെക്കുറിച്ച് മാത്രമല്ല, പുഴ മത്സ്യങ്ങളെക്കുറിച്ചും അറിയണമെന്നാഗ്രഹിക്കുന്നവര്‍ക്ക് ഇല്ലത്ത് വീട്ടിലേക്ക് വന്നാല്‍ മാത്രം മതി. മത്സ്യകൃഷി എങ്ങനെ ലാഭകരമാക്കാം എന്നും നിങ്ങള്‍ക്ക് പഠിക്കാം. സെപ്തം. 27 ലെ ലോക വിനോദ സഞ്ചാര ദിനത്തെക്കുറിച്ച് കേരളം – ഇന്ത്യ- ലോകം എന്നിങ്ങനെ വിഭജിച്ചുള്ള കണക്കെടുപ്പുകളും പ്രാധാന്യമര്‍ഹിക്കുന്നു. കോഴിക്കോടിന്റെ മാത്രം ചരിത്രം വ്യത്യസ്തമായി ശേഖരിച്ച് പൊന്നു പോലെ കരുതി വെച്ചിട്ടുണ്ട് ഈ ചരിത്ര കുതുകി. മലയാള ഭാഷാ ചരിത്രം, സ്വാതന്ത്ര്യ സമര ചരിത്രവുമെല്ലാം വെവ്വേറെ ഫയലുകളിലായി സൂക്ഷിച്ചിരിക്കുന്നു.
ഏറ്റവും വലിയ മാധ്യമം
കേരളത്തിലെ ഏറ്റവും വലിയ മാധ്യമമേത് എന്ന ചോദ്യത്തിന് ഇല്ലത്ത് മജീദിന് ഒറ്റ ഉത്തരമേയുള്ളൂ. അത് പത്രങ്ങളാണെന്ന് അദ്ദേഹം പറയും. സോഷ്യല്‍ മീഡിയ ആകാശം മുട്ടെ വളര്‍ന്ന ഈ കാലത്തും പത്രങ്ങളെ വെല്ലാന്‍ മറ്റൊന്നില്ല എന്നാണ് അദ്ദേഹത്തിന്റെ വശം. ഇതുകൊണ്ടു കൂടിയാണല്ലോ ഇന്നും മൂന്നിലേറെ പത്രങ്ങള്‍ വായിച്ചില്ലെങ്കില്‍ അദ്ദേഹത്തിന് ഉറക്കം കിട്ടാതെ പോകുന്നത്. പുതിയ തലമുറ പത്രവായനയിലേക്ക് തിരിച്ചു വരേണ്ടതിന്റെ ആവശ്യകത മജീദ് തറപ്പിച്ചു പറയുന്നു. വായനയുടെ ഗന്ധത്തിന് മറ്റൊന്നിന്റേയും സൗകുമാര്യതയില്ലെന്ന് പറയാം. പത്രങ്ങളുടെ ഒരു ചരിത്ര ശേഖരം തന്നെ ഇദ്ദേഹത്തിന്റെ പക്കലുണ്ട്. അതില്‍ മലയാളേതര പത്രങ്ങളും ഇടം പിടിച്ചിട്ടുണ്ട്. പത്രതാളുകളില്‍ പല കാലങ്ങളിലായി വന്ന രസകരമായ ചില വാര്‍ത്തകള്‍ അക്കൂട്ടത്തില്‍ കാണാം. പലതരം കല്യാണം, പൊല്ലാപ്പായി മാറിയ ചില വിവാഹങ്ങള്‍, ഒന്നര പതിറ്റാണ്ടിനുശേഷം കൊച്ചിയില്‍ വെച്ചു നടന്ന ജൂത കല്യാണം അങ്ങനെ ചിലത് … മലയാളത്തിലെ കലന്‍ഡര്‍ ചരിത്രം, അറബിക് കലന്‍ഡര്‍ എന്നിവയും ശേഖരത്തിലെ വൈവിധ്യമാര്‍ന്നതാണ്.
നടക്കാതെ പോയ ഒരു സ്വപ്നം
നാദാപുരം കേന്ദ്രീകരിച്ച് ഒരു ചരിത്ര പഠന കേന്ദ്രം രൂപവത്കരിക്കേണ്ടതിന്റെ ആലോചന മുന്‍മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നടത്തുകയും അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തെങ്കിലും മന്ത്രിയുടെ കസേര നഷ്ടമായത് ആ സ്വപ്നത്തിന് വിരാമമിട്ടതായി ഒട്ടൊരു വേദനയോടെ ഇല്ലത്ത് മജീദ് പറഞ്ഞു. അത് പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നുവെങ്കില്‍ തന്റെ ചരിത്ര സൂക്ഷിപ്പുകള്‍ക്ക് സുരക്ഷിതമായ ഒരിടം ലഭിക്കുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഇത്രയും കാലത്തെ അദ്ദേഹത്തിന്റെ അശ്രാന്ത പരക്കംപാച്ചിലുകള്‍ക്ക് അര്‍ഹതപ്പെട്ട ഒരംഗീകാരവും ലഭിച്ചിട്ടില്ല. ഒരു ആദരവ് പോലും തനിക്ക് ഇതുവരെ കിട്ടിയിട്ടില്ലെന്ന് പറയുമ്പോഴും ആ മുഖത്ത് പരിഭവം ഒട്ടും ഇല്ല, നിഷ്‌കളങ്കതയുടെ ആ ചിരി തന്നെ.