feature
കാടിന്റെ കാവലാൾ
കവി അയ്യപ്പപണിക്കർ കവിതയിലൂടെ ചോദ്യം ഉന്നയിച്ചപ്പോൾ മലയാളിയുടെ മനസ്സ് അത് ഏറ്റുപാടി പരിസ്ഥിതി സ്നേഹികളാണെന്ന് നടിച്ചപ്പോൾ കല്ലൂർ ബാലൻ പ്രവൃത്തിയിലൂടെ ഉത്തരം കണ്ടെത്തുകയായിരുന്നു. ഇതുതന്നെയാണ് പരിസ്ഥിതിയെക്കുറിച്ച് പുസ്തകങ്ങൾ രചിക്കാതെയും അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയിൽ പ്രകൃതി ചൂഷണത്തിനെതിരെ പ്രസംഗിക്കാതെയും കല്ലൂർ ബാലനെ ആഗോളതലത്തിൽ പ്രശസ്തിയിലേക്ക് ഉയർത്തിയതും.

കാടെവിടെ മക്കളേ, മേടെവിടെ മക്കളേ, കാട്ടുപുൽത്തകിടിയുടെ വേരെവിടെ മക്കളെ, കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളേ, കാറ്റുകൾ പുലർന്ന പുങ്കാവെവിടെ മക്കളേ… കവി അയ്യപ്പപണിക്കർ കവിതയിലൂടെ ചോദ്യം ഉന്നയിച്ചപ്പോൾ മലയാളിയുടെ മനസ്സ് അത് ഏറ്റുപാടി പരിസ്ഥിതി സ്നേഹികളാണെന്ന് നടിച്ചപ്പോൾ കല്ലൂർ ബാലൻ അതിന് പ്രവൃത്തിയിലൂടെ ഉത്തരം കണ്ടെത്താനാണ് ശ്രമിച്ചത്.
അതാണ് പരിസ്ഥിതിയെക്കുറിച്ച് പുസ്തകങ്ങൾ രചിക്കാതെയും അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയിൽ പ്രകൃതി ചൂഷണത്തിനെതിരെ പ്രസംഗിക്കാതെയും കല്ലൂർ ബാലനെ ആഗോളതലത്തിൽ പ്രശസ്തിയിലേക്ക് ഉയർത്തിയതും. ഇത് വെറുതെ പറയുകയല്ല. കല്ലൂർ ബാലന്റെ മരണവാർത്ത പ്രാദേശിക പത്രങ്ങളിൽ മാത്രമല്ല ദേശീയ മാധ്യമങ്ങളിലും ശ്രദ്ധ പിടിച്ച് പറ്റിയത് ഇതാണ് തെളിയിക്കുന്നത്. ഇതിന് പുറമെ യു പി എസ് സി പരീക്ഷകളിൽ പോലും ബാലനെക്കുറിച്ചുള്ള ചോദ്യവും ഉയരുമ്പോൾ ബാലൻ യഥാർഥത്തിൽ ആരായിരുന്നു.
സത്യത്തിൽ ബാലൻ ആരാണെന്ന് മരിക്കുന്നത് വരെ തിരിച്ചറിഞ്ഞില്ലെന്നത് നമുക്ക് സമ്മതിക്കേണ്ടി വരും. പരിസ്ഥിതി പ്രവർത്തകൻ എന്നത് നമ്മളെ സംബന്ധിച്ചിടത്തോളം പ്രസംഗത്തിലൂടെയും പുസ്തകം രചിച്ചും കവിത ചൊല്ലിയും ജനങ്ങളെ ബോധവത്കരിക്കുക എന്നതാണ്. എന്നാൽ പരിസ്ഥിതി സംരക്ഷണം പ്രവൃത്തിയിലൂടെ കാണിച്ചുകൊണ്ട് പരിസ്ഥിതി പ്രവർത്തകന്റെ യഥാർഥ രൂപം നമുക്ക് കാണിക്കുകയാണ് കല്ലൂർ ബാലൻ ചെയ്തത്. അതാണ് കല്ലൂർ ബാലനെ വേറിട്ട വ്യക്തിത്വത്തിന് ഉടമയാക്കാനുമിടയാക്കിയത്.
പാലക്കാട് ഒറ്റപ്പാലം ഹൈവേക്ക് സമീപത്തെ മാങ്കുറിശ്ശി കല്ലൂർ സ്വദേശിയായ ബാലൻ കലർപ്പില്ലാത്ത പ്രകൃതി സ്നേഹത്തിന്റെ പേരിലാണ് മലയാളികളുടെ മനസ്സിൽ ഇടം നേടിയത്. നൂറേക്കറിലധികം വരുന്ന തരിശായി ക്കിടന്ന സ്വന്തം നാട്ടിലെ ഒരു മല മുഴുവൻ മരങ്ങൾ നട്ടു പച്ചയാക്കിയതോടെ കല്ലൂർ ബാലന്റെ പ്രവർത്തനങ്ങൾ പുറം ലോകം അറിഞ്ഞു. തരിശായി കിടന്ന മലയിൽ മരങ്ങൾ നടുമ്പോൾ ബാലനെ ഭ്രാന്തനെന്നും മുദ്ര കുത്തിയവരുമുണ്ട്. ഇത്തരത്തിൽ മുദ്രകുത്തിയവർക്കും ബാലന്റെ നട്ടു വളർത്തിയ പച്ചപ്പ് ഇപ്പോൾ സുഖശീതളമായ അനുഭൂതി നൽകുമ്പോഴാണ് അന്ന് ഭ്രാന്തെന്ന് വിളിച്ചവർക്ക് ബോധോദയം ഉദിക്കുന്നതും. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലേക്കുള്ള കല്ലൂർ ബാലന്റെ കടന്നുവരവും ജീവിതം പോലെ വ്യത്യസ്തമായിരുന്നു.
പത്താം ക്ലാസ്സിൽ പഠനം അവസാനിപ്പിച്ച് ബാലൻ പൊതു പ്രവർത്തകനും പഞ്ചായത്തംഗവുമായിരുന്ന വേലുവിന്റെയൊപ്പം കൂടി. ജനങ്ങൾക്ക് ശരിയായ ദിശ നൽകേണ്ട പിതാവ് കള്ള് കച്ചവടം നടത്തുന്നത് ശരിയാണോ എന്ന ചോദ്യം ഉയർന്നപ്പോൾ ബാലൻ അതിനെക്കുറിച്ച് ചിന്തിച്ചു. അപ്പോഴാണ് ശ്രീനാരായണ ഗുരുവിന്റെ വാക്കുകളോർത്തത്. മദ്യം ഉപേക്ഷിച്ച് ജീവിത ലക്ഷ്യത്തിനായി എന്തെങ്കിലും നോക്കണമെന്നായിരുന്നു അത്. മുമ്പിൽ പല മാർഗങ്ങളും തെളിഞ്ഞപ്പോൾ ബാലന്റെ മനസ്സിൽ പരിസ്ഥിതി സംരക്ഷണം ഉദിച്ചുയർന്നു. ഇതോടെ അമ്പതാം വയസ്സിൽ അടിമുടി പച്ചയായ മനുഷ്യൻ എന്ന പേരിൽ പിന്നീട് ബാലൻ കേരളത്തിന് പ്രിയങ്കരനായി.
പച്ച ഷർട്ടും പച്ച ലുങ്കിയും പച്ച നിറമുള്ള തലേക്കെട്ടുമായിരുന്നു കല്ലൂർ ബാലന്റെ സ്ഥിരം വേഷം. ജീപ്പിൽ വെള്ളവും പണിയായുധങ്ങളും ചെടികളും നിറച്ച് പുലർച്ചെ വീട്ടിൽ നിന്നിറങ്ങുന്ന ബാലൻ സാധിക്കുന്ന സ്ഥലങ്ങളിലെല്ലാം തൈകൾ നട്ടു. ബാലന്റെ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനമായി മലപ്പുറത്ത് നിന്ന് സംഭാവനയായി കിട്ടിയതായിരുന്നു ആ പച്ച ജീപ്പ്. 20 ലക്ഷത്തോളം മരങ്ങളാണ് രണ്ടര പതിറ്റാണ്ടിനിടെ ബാലൻ നട്ടുവളർത്തിയത്. കല്ലൂരും മാങ്കുറിശ്ശിയും പാലക്കാടും കടന്ന് മലപ്പുറം, തൃശൂർ ജില്ലകളിലെ പാതയോരങ്ങളിലും ബാലൻ മരങ്ങൾ നട്ടു വളർത്തി. പുളിമരം, ഉങ്ങ്, ആര്യവേപ്പ്, പന തുടങ്ങി മരങ്ങളും വാഴയും ചോളവും നെല്ലും മുളയും ഉൾപ്പെടെയുള്ളവയുമായിരുന്നു ബാലൻ പ്രധാനമായും നട്ടുവളർത്തിയത്.
ഇവയുടെ ഫലങ്ങളും തണുപ്പും തേടി കുരങ്ങനും പക്ഷികളും മറ്റ് ജീവികളും എത്തിയപ്പോൾ കല്ലൂർ ബാലൻ സൃഷ്ടിച്ചത് ഒരു ആവാസ വ്യവസ്ഥ തന്നെയായിരുന്നു. നാട്ടിൽ പന്നികളുടെയും കുരങ്ങുകളുടെയും ശല്യം രൂക്ഷമായപ്പോൾ അതിനും കല്ലൂർ ബാലന് പ്രതിവിധിയുണ്ടായിരുന്നു. ജീവികൾക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും കാട്ടിലെത്തിച്ചായിരുന്നു ബാലൻ ഇതിനെ പ്രതിരോധിച്ചത്. ചന്തയിലെ കച്ചവടക്കാരിൽ നിന്ന് മാങ്ങ, ചക്ക, പഴം, സപ്പോട്ട, ആപ്പിൾ, തണ്ണിമത്തൻ, മുന്തിരി എന്നിവ ശേഖരിച്ച് കാട്ടിലെത്തിക്കുകയാണ് അദ്ദേഹത്തിന്റെ പതിവ്. കുന്നിൻ പുറങ്ങളിലെ പാറക്കെട്ടുകളിൽ അദ്ദേഹം സൃഷ്ടിച്ച ജലസ്രോതസ്സുകളിൽ നിന്ന് ഇഴ ജന്തുക്കളും കിളികളും മറ്റ് കാട്ട് ജീവികളും ദാഹം അകറ്റി.
ചുട്ട് പൊള്ളുന്ന പാലക്കാടൻ വേനലുകളിൽ ബാലന്റെ ചെറുതടാകങ്ങൾ ജീവികൾക്ക് ആശ്വാസമായി. വഴിയരികിൽ വാഹനം നിർത്തി മൂന്ന് തവണ ഉറക്കെ കൂവുമ്പോൾ ബാലനെ തേടി മൃഗങ്ങളും പക്ഷികളും എത്തുന്നത് അദ്ദേഹത്തിന്റെ സമർപ്പണത്തിന് ലഭിച്ച അംഗീകാരം കൂടിയാണ്.
പരിസ്ഥിതി പ്രവർത്തകയും പ്രകൃതിസ്നേഹിയുമായ കവി സുഗതകുമാരിയുടെ പേരിൽ കുട്ടികളിൽ പരിസ്ഥിതി ബോധം വളർത്താൻ വിദ്യാലയങ്ങളിൽ സുഗത വനം വളർത്താനും ബാലൻ മുന്നിട്ടിറങ്ങിയിരുന്നു. മരംനട്ടാൽ എല്ലാമായെന്ന് കരുതുന്നയാളായിരുന്നില്ല കല്ലൂർ ബാലൻ. നട്ട തൈകൾക്കടുത്തേക്ക് ഇടയ്‌ക്കെത്തും. കുറച്ച് വെള്ളമൊഴിക്കും. പിന്നെ നടാൻ വിളിച്ചവരെ ഓർമിപ്പിക്കും. കുട്ട്യോളെ, മരംനടൽ മാത്രമല്ല കാര്യം. നട്ടമരങ്ങൾ നന്നായി വളരുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇതാണ് ബാലൻ നട്ട് വളർത്തിയ തൈകളെല്ലാം നാട്ടിലും നഗരങ്ങളിലും കാടായി വളരാനിടയാക്കിയതും.
25 വർഷത്തിനിടെ 100 ഏക്കറിലധികമുള്ള തരിശുകിടന്ന കുന്നിൽ പ്രദേശമാണ് കാടാക്കിമാറ്റിയത്. ഇതിനൊപ്പം തന്നെ കരിമ്പനകളുടെ നാടായ പാലക്കാടിൽ അന്യം നിന്നും പോകുന്ന കരിമ്പനകൾ വളർത്താനും ബാലൻ സമയം കണ്ടെത്തി. ലക്ഷക്കണക്കിന് കരിമ്പനകളാണ് ബാലൻ ജില്ലയിൽ പലയിടത്തുമായി നട്ടു വളർത്തിയത്. പച്ചപ്പിനായി ഓടി നടക്കുമ്പോൾ കടം കയറി ജീവിതം മഞ്ഞളിച്ച കാലവും ബാലേട്ടനുണ്ടായിരുന്നു. കൊവിഡ് കാലത്തെ പ്രവർത്തനമാണ് അതിന് ആക്കം കൂട്ടിയത്. ആളും അനക്കവുമില്ലാത്ത ആ ദിവസങ്ങളിൽ ഭക്ഷണവും വെള്ളവുമെത്തിക്കാൻ വലിയ സാമ്പത്തിക ബാധ്യത വന്നു. അത് വീട്ടാൽ സ്വന്തം അര ഏക്കർ ഭൂമിയാണ് ബാലന് വിൽക്കേണ്ടി വന്നത്.
ബാലൻ പ്രകൃതി സംരക്ഷണത്തിന് വ്യത്യസ്ത വഴികളാണ് തേടിയിരുന്നതെന്നത് ശ്രദ്ധേയമാണ്. കുട്ടികളുടേ പേരിൽ നക്ഷത്രവനം, മരിച്ചവർക്ക് സ്മൃതി വനം, സ്ഥാപനങ്ങൾക്ക് പരസ്യവനം. ഇതിനെല്ലാം ഓരോ സ്പോൺസർമാരെ കണ്ടെത്തിയാണ് നടപ്പിലാക്കിയത്. ഇത്തരത്തിൽ വനങ്ങളാണ് ജില്ലയിൽ പലയിടത്തും ഉദിച്ച് പൊന്താനുമിടയാക്കിയത്. പരിസ്ഥിതി പ്രവർത്തനത്തിന് അരയേക്കൽ സ്ഥലം വിറ്റെങ്കിലും വീടിനടുത്ത് ബാക്കിയുള്ള അര ഏക്കർ സ്ഥലം ഒഴിച്ചിട്ടിട്ടുണ്ട്. തനിക്ക് ശേഷം മരം നടൽ തുടരാൻ തയ്യാറാകുന്ന മക്കൾക്ക് ചെലവിന് ഉപയോഗിക്കാനാണിത്.
കല്ലൂർ അരങ്ങാട്ട് വീട്ടിൽ വേലുവിന്റെയും കണ്ണമ്മയുടെ മകനായ ബാലകൃഷ്ണനെന്ന കല്ലൂർ ബാലനെ തേടി സംസ്ഥാന സർക്കാറിന്റെ വനമിത്രം പുരസ്‌കാരം, പി വി തമ്പി മെമ്മോറിയിൽ അവാർഡ്, കേരള ജൈവ വൈവിധ്യ ബോർഡ് പുരസ്‌കാരങ്ങൾ തുടങ്ങി നിരവധി അംഗീകാരങ്ങളാണ് എത്തിയിട്ടുള്ളത്. പക്ഷേ , ഇതൊന്നും ബാലനെ സംബന്ധിച്ചിടത്തോളം ഒന്നുമല്ല, അദ്ദേഹം നട്ടുവളർത്തിയ മരങ്ങളിലും തളിരിടുന്ന ഇലകളിലും തന്റെ പേർ സ്മരണ നിലനിൽക്കാനാണ് ആഗ്രഹിക്കുന്നത്. അപ്പോഴാണ് കല്ലൂർ ബാലൻ വെറുമൊരു മനുഷ്യനല്ല, ഒരു പ്രസ്ഥാനമായിരുന്നുവെന്ന് നമ്മെ ഓർമിപ്പിക്കുന്നത്. ഒരു കോടി മരം നടൽ പൂർത്തിയാക്കി അവ വേരു പിടിക്കുന്നത് കണ്ട് ഭൂമിയിൽ നിന്ന് യാത്രയാകാനാണ് കല്ലൂർ ബാലൻ ആഗ്രഹിച്ചത്. പക്ഷേ 30 ലക്ഷത്തിൽപ്പരം മരങ്ങൾ നടുന്പോഴേക്ക് ആ യാത്ര അവസാനിച്ചു.