goodallur
ഗൂഡല്ലൂർ വന്യജീവികളുടെ സ്വൈര്യ വിഹാര കേന്ദ്രങ്ങളാകുന്നു
പത്ത് വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ 78 പേരുടെ ജീവന്‍ പൊലിഞ്ഞു
ഗൂഡല്ലൂർ | മലയോര-തോട്ടം മേഖലയായ നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ-പന്തല്ലൂർ താലൂക്കുകൾ വന്യജീവികളുടെ സ്വൈ ര്യ വിഹാര കേന്ദ്രങ്ങളാകുന്നു. പത്ത് വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 78 പേർ. കൂടുതൽ പേരും കൊല്ലപ്പെട്ടത് കാട്ടാനകളുടെ ആക്രമണത്തിലാണ്.
നാല് പേരാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രണ്ട് മാസത്തിനിടെ ഗൂഡല്ലൂർ താലൂക്കിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് രണ്ട് ആളുകളാണ്.
മൂന്ന് പേർ കാട്ടുപോത്തിന്റെ ആക്രമണത്തിലും 71 പേർ കാട്ടാനയുടെ ആക്രമണത്തിലും കൊല്ലപ്പെട്ടു.
ഗൂഡല്ലൂർ ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള കണക്ക് മാത്രമാണിത്. 2011 മുതൽ 2021 വരെയുള്ള കണക്കാണിത്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് വന്യജീവി ആക്രമണം വർധിച്ചിരിക്കുകയാണ്. ആന, കടുവ, കാട്ടുപോത്ത്, കരടി തുടങ്ങിയ വന്യജീവികൾ ധാരാളമുള്ള മേഖലയാണ് ഗൂഡല്ലൂർ-പന്തല്ലൂർ താലൂക്ക്.
തമിഴ്‌നാട്ടിലെ മുതുമല കടുവാ സംരക്ഷണ കേന്ദ്രം, കേരളത്തിലെ മുത്തങ്ങ വന്യജീവി സങ്കേതം, കർണാടകയിലെ ബന്ദിപ്പൂർ കടുവാ സംരക്ഷണ കേന്ദ്രം തുടങ്ങിയവ പരസ്പരം അടുത്താണ് സ്ഥിതി ചെയ്യുന്നത്. അതു കൊണ്ട് തന്നെ ഈ മൂന്ന് സങ്കേതങ്ങളിലുമായി വന്യജീവികൾ വിഹരിക്കുകയാണ്. അതിനടക്കാണ് മനുഷ്യരുമായുള്ള ഏറ്റുമുട്ടലുകൾ നടക്കുന്നത്. തമിഴ്‌നാട് ആര് ഭരിച്ചാലും വന്യജീവി ശല്യത്തിന് അറുതി വരുത്താൻ തയ്യാറാകാറില്ല. ഒരു മുന്നണിയും ആത്മാർഥമായി ഇതിന് പരിശ്രമിക്കാറുമില്ല.
ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിനുള്ള പൊടിക്കൈകൾ മാത്രമാണ് പലപ്പോഴും നടത്താറുള്ളത്. ഇരു താലൂക്കുകളിലെയും നഗര-ഗ്രാമാന്തരങ്ങൾ വന്യജീവികളുടെ താവളമായി മാറിയിരിക്കുകയാണ്.
കൃഷികൾ വ്യാപകമായി നശിപ്പിക്കപ്പെടുകയും വീടുകൾ നിലംപരിശാക്കുകയും ചെയ്യുന്നു. ജനം പൊറുതിമുട്ടിയിരിക്കുകയാണ്.
ധാരാളം പേർ ഇവിടെ നിന്ന് മറ്റ് ഭാഗങ്ങളിലേക്ക് താമസം മാറുകയായിരുന്നു. മൂന്ന് മാസത്തിനിടെ 30 ൽപ്പരം വളർത്തു ജീവികളെ കടുവ കടിച്ചു കൊന്നിട്ടുണ്ട്.
വനാതിർത്തികളിൽ കഴിയുന്ന ആദിവാസികളടക്കമുള്ളവർ ഏത് നിമിഷവും വന്യജീവി ആക്രമണമുണ്ടാകാമെന്ന ഭയത്തോടെയാണ് ജീവിക്കുന്നത്. കാർഷിക മേഖല തകർന്നിരിക്കുകയാണ്. വന്യജീവി ആക്രമണവും, നിത്യോപയോഗ സാധനങ്ങളുടെ വില തകർച്ചയും കാരണം ജനങ്ങൾ പ്രതിസന്ധിയിലാണ്.
നീലഗിരിയിൽ വന്യജീവി ശല്യം അതിരൂക്ഷമായ മേഖലകളിൽ രാത്രിയിൽ ഉറങ്ങാത്ത ഗ്രാമങ്ങളുണ്ട്.
അതേ സമയം 11 വർഷത്തിനിടെ ഗൂഡല്ലൂർ ഡിവിഷനിൽ 60 കാട്ടാനകളാണ് ചരിഞ്ഞത്. ഗൂഡല്ലൂർ, ഓവാലി, ദേവാല, ചേരമ്പാടി, ബിദർക്കാട്, നാടുകാണി തുടങ്ങിയ റെയ്ഞ്ചുകളിൽ 2010 മെയ് മുതൽ 2021 സെപ്തംബർ വരെയുള്ള കണക്കാണിത്. ഇതിൽ 44 കാട്ടാനകളും പ്രായാധിക്യം കാരണം ചരിഞ്ഞതാണ്. ഏഴെണ്ണം ഷോക്കേറ്റാണ് ചരിഞ്ഞത്.