Cover Story
കുട്ടനാട്ടിലെ അതിഥിപ്പാടങ്ങൾ
ഞാറ്റുപാട്ട് കേട്ടുണർന്ന കുട്ടനാടൻ പാടവരമ്പുകളിൽ നിന്ന് ബാരേ ബാരേ.. ഉയ്‌നോ ബാലിർ....ജാനേ ബാരീ സോണാലി.. എന്ന് തുടങ്ങുന്ന ബംഗാളി പാട്ടിന്റെ ഈരടികളാണ് ഇപ്പോൾ ഉയരുന്നത്. പാടത്ത് ചിതറിവീണ നെൽക്കതിരുകൾ കൊത്താൻ വട്ടമിട്ട പക്ഷിക്കൂട്ടങ്ങൾ, കറ്റകൾ തലയിലേന്തി നിരനിരയായി നീങ്ങിയ കൊയ്ത്തുകാർ, കറ്റകൾ സൂക്ഷിച്ച കളപ്പുരകൾ, തലപൊക്കി നിന്ന വൈക്കോൽ കൂനകൾ... എല്ലാം മാഞ്ഞുപോയിരിക്കുന്നു. മാസങ്ങൾ നീണ്ട കൊയ്ത്തുത്സവങ്ങളും ഞാറു നടുന്നതിന്റെ താളവും അകന്നുപോയെങ്കിലും അതിഥി തൊഴിലാളികൾ നമ്മുടെ നെൽപ്പാടങ്ങളെ വിളിച്ചുണർത്തുമ്പോൾ ആ ഗതകാല സ്മരണകൾ ഉണർന്നെണീക്കുകയായി.
പാടത്തിൻ ചാലിറമ്പിൽ പണി ചെയ്യും ചിരുതേ… നീ നിന്റെ പാട്ടൊന്നു പാടെന്റെ ചിരുതേ…അക്കണ്ടം നട്ടു ഞാൻ.. ഇക്കണ്ടം നട്ടു ഞാൻ.. മേലേക്കണ്ടത്തിൽ ഞാറു നട്ടു… അരികറുക..ചെറുകറുക… ചാരകച്ചെമ്പാവ്.. വിത്തെല്ലാം വാരി പാകണേ പെണ്ണേ… താത്തിനന്തകം തെയ്യംതാരേ..താത്തിനന്തകം തെയ്യംതാരേ..താത്തിനന്തകം താത്തിനന്തകം താത്തിനന്തകം തെയ്യംതാരേ..തിന്തിനേം തിന്താരേ….
കുട്ടനാടൻ നെൽപ്പാടങ്ങൾക്കു മുകളിൽ വട്ടമിട്ടു പറന്നിരുന്ന കുഞ്ഞോലക്കുരുവികൾക്കൊപ്പം ഒരുകാലത്ത് ഞാറ് പറിച്ചുനടുന്ന സ്ത്രീകൾ നടീലിന്റെ താളത്തിനൊത്ത് പാടുന്ന ഞാറ്റുപാട്ടുകൾ അന്യം വന്നിരിക്കുന്നു. തലമുറ തലമുറകളായി വാമൊഴിയായി പകർന്നുപോകുന്ന ഈ നാടൻ പാട്ടുകളുടെ താളാത്മകതയിൽ നിരനിരയായി നിന്നു ഞാറു നട്ടിരുന്ന മനോഹര കാഴ്ചക്കും മങ്ങൽ വീണിരിക്കുന്നു. കൈലി മുണ്ടും ബ്ലൗസും ധരിച്ചു തോർത്തുമിട്ടു ഒരു കൈയിൽ കൊയ്ത്തരിവാളും മറുകൈയിൽ ചോറ്റു പാത്രവുമേന്തി ഇളം കാറ്റേറ്റ് പാടവരമ്പിലൂടെ നിരനിരയായി നാട്ടുവർത്തമാനം പറഞ്ഞു നീങ്ങിയിരുന്ന കർഷകത്തൊഴിലാളികളും കുറഞ്ഞിരിക്കുന്നു. പകരം ചുണ്ടിൽ ഹിന്ദി പാട്ടും മുട്ടിനു താഴെ കൈലിമുണ്ടിന്റെ ഓരങ്ങൾ കൂട്ടിക്കെട്ടി പാന്റ്സും ധരിച്ച് ഒരു കൈയിൽ ഭക്ഷണപ്പൊതികളും മറുകൈയിൽ മൊബൈൽ ഫോണുമായി ബംഗാളി സംഗീതത്തിന്റെ പശ്ചാത്തലത്തിൽ അതിഥിത്തൊഴിലാളികൾ കൊയ്ത്തുപാടങ്ങൾ ഏറ്റെടുത്തിരിക്കുന്നു. അവരുടെ കൈകൾ അരിവാളേന്തിയിരിക്കുന്നു. ഞാറു നടലും കറ്റയേന്തലുമെല്ലാം അവർ ആസ്വദിച്ചു ചെയ്യുന്ന ജോലിയായിരിക്കുന്നു.
“ഇപ്പോൾ ഇരുപത്തയ്യായിരം മുതൽ മുപ്പതിനായിരത്തോളം രൂപ മാസം വീട്ടിൽ അയക്കാൻ കഴിയുന്നുണ്ട്. എല്ലാ ബുദ്ധിമുട്ടുകളും മറിത്തുടങ്ങി. പുതിയ വീടിന്റെ പണിയും തീരാറായി. അൽപ്പം ഭൂമിയും വാങ്ങി. ആകെ ഒരു സന്തോഷമുണ്ട്.’
കഴിഞ്ഞ ഏതാനും വർഷമായി കേരളത്തിലങ്ങോളമിങ്ങോളം പാടങ്ങളിൽ പണിയെടുക്കുന്ന ഇരുപത്തിയെട്ടുകാരനായ അസാം സ്വദേശി അഫ്ത്താർ മുഹമ്മദ് ഇതു പറയുമ്പോൾ മുഖത്ത് പ്രതീക്ഷ. പുല്ലു പാകിയ ഒറ്റമുറി വീട്ടിൽ ഇളയ സഹോദരങ്ങളായ നാലുപേർക്കൊപ്പം വൃദ്ധരായ മാതാപിതാളുമായി ചേരിപ്രദേശത്ത് വസിച്ചിരുന്ന അഫ്ത്താർ കേരളത്തിലെത്തിയിട്ട് പത്ത് വർഷമായി. വിദ്യാഭ്യാസം നാലാം ക്ലാസ് വരെ. നിത്യവൃത്തിക്കായി പഠനമുപേക്ഷിച്ച് പണിക്കിറങ്ങുകയായിരുന്നു. “ആദ്യമൊക്കെ അൽപ്പം ബുദ്ധിമുട്ടുണ്ടായിരുന്നു. ഇപ്പോൾ മലയാളം നന്നായി പഠിച്ചു. അതോടെ നാട്ടിൽ നിന്നും കുറെപ്പേരെക്കൂടി കൊണ്ടുവന്നു. അവരെല്ലാം കാർഷിക മേഖലയിൽ പണിയെടുക്കുന്നു.’ അൽത്താഫ് പറയുന്നു.
കളമൊരുക്കൽ മുതൽ ഞാറ് നടീൽ വരെ
കുട്ടനാടൻ വയലേലകളിൽ ഇവർ കൂട്ടമായി പണിയെടുക്കുന്നു. കളമൊരുക്കലിൽ തുടങ്ങി ഞാറു നടീൽ വരെ ഇതര സംസ്ഥാന തൊഴിലാളികൾ ചെയ്യുന്നു. ഇവിടുത്തെ നെൽപ്പാടങ്ങളിലെല്ലാം കൃഷിയുടെ ആദ്യ ഘട്ടമായ ഞാറിനായി വിത്തുവിത മുതൽ ഞാറുപറിക്കലിലുമെല്ലാം അവരുടെ കൈകളുണ്ട്. കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളായ സ്ത്രീകൾ വട്ടമിട്ടിരുന്നു പറഞ്ഞ 99ലെ വെള്ളപ്പൊക്കവും കായൽരാജാക്കന്മാരുടെയും തമ്പ്രാക്കളുടെയും കഥകളും മടവീഴ്ചയും എല്ലാം വേണ്ടുവോളം കേട്ടിരുന്ന ഞാറ്റു പാടങ്ങളിൽ ബംഗാളികളുടെ സംഭാഷണമുയരുന്നു. കർഷകത്തൊഴിലാളികളും അവരുടെ പിൻതലമുറക്കാരും കൊയ്ത്തരിവാൾ താഴെ വെച്ചു പിന്മാറിയപ്പോൾ കുട്ടനാടൻ പാടശേഖരങ്ങളും അപ്പർ, ലോവർ കുട്ടനാടും വിരുപ്പുഭൂമിയും ഗ്രാമഗ്രാമാന്തരങ്ങളിലുമൊക്കെ ഇതര സംസ്ഥാന തൊഴിലാളികൾ വിത്തെറിഞ്ഞ് പൊന്ന് വിളയിക്കുന്നു.
കൃഷിയൊരുക്കലും കൊയ്ത്തും മനഃപാഠം
“പഹലെ ഹംലോക് മേസ്തിരി കാ കാം കർതാഥാ… അഫി കൃഷി ജഗാപർ കാം കാർത്തേ..’ പണിക്കായി കേരളത്തിൽ എത്തി ഇപ്പോൾ കാർഷിക മേഖലയിൽ പണിയെടുക്കുന്ന ബംഗാൾ സ്വദേശി ജഹാംഗീർ ഇതുപറയുമ്പോൾ മുഖത്ത് ഏറെ സന്തോഷം. “അഭി ഹമാരേ ഖർമേ ബഹൂത്ത് കുശീ ഹേ… വീട്ടിൽ ഇപ്പോൾ നല്ല സന്തോഷമാണ് എന്നു കൂടി പറയുമ്പോൾ അയാളുടെ മുഖം പ്രസരിക്കുന്നു. കേരളത്തിലെ കെട്ടിടനിർമാണ മേഖലകളിലേക്ക് ഏതാനും വർഷം മുമ്പ് കടന്നുവന്ന ഇതര സംസ്ഥാന തൊഴിലാളികൾ പിന്നീട് വ്യത്യസ്ത മേഖലകളിലേക്ക് തിരിഞ്ഞെങ്കിലും നെൽപ്പാടങ്ങളിലെ കൃഷിയേറ്റെടുക്കാൻ മുന്നിട്ടിറങ്ങിയത് കൗതുകമാകുന്നു. 76 വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന കുട്ടനാടിന്റെ വിസ്തൃതി 54,000 ഹെക്ടർ ആണെങ്കിൽ ഇവിടെയെല്ലാം ഇതരസംസ്ഥാന തൊഴിലാളികളുടെ കൃഷി വൈദഗ്ധ്യം തെളിയിച്ചു കഴിഞ്ഞു. കൂടാതെ പാലക്കാടൻ വയലേലകളിലും ഉൾനാടൻ ചെറു വയലുകളിലുമെല്ലാം അവർ കർമ നിരതരാകുകയാണ്..
“എനിക്കു നാനൂറോളം തൊഴിലാളികളുണ്ട്. അവർ കുട്ടനാട്ടിൽ മാത്രമല്ല, എവിടെ നെൽപാടങ്ങൾ ഉണ്ടോ അവിടെയെല്ലാം പണിയെടുക്കുന്നുണ്ട്.’ ബംഗാൾ, ബീഹാർ, അസാം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും തൊഴിലാളികളെ കൊണ്ടുവന്നു കുട്ടനാട്ടിൽ തൊഴിലെടുപ്പിക്കുന്ന പ്രധാന ഏജന്റ് കൂടിയായ ഇരുപത്തിയെട്ടുകാരൻ അസാം സ്വദേശി അഫ്ത്താർ വ്യക്തമാക്കുന്നു. കേരളത്തിന്റെ ഓരോ പ്രദേശത്തും എതെല്ലാം സമയങ്ങളിൽ നെൽകൃഷിയൊരുക്കുന്നതും കൊയ്ത്തുകാലവുമെല്ലാം മനഃപാഠമാണ് ഇയാൾക്ക്. നെൽകൃഷി ആരംഭിക്കുന്ന കേരളത്തിന്റെ ഓരോ പ്രദേശങ്ങളെക്കുറിച്ചുപോലും വ്യക്തമായ ധാരണയുള്ള ഇയാളുടെ മനസ്സിൽ ഒരു കേരള കാർഷിക കലണ്ടർ തന്നെ രൂപപ്പെട്ടിട്ടുണ്ട്. ഇവരെ കൂടാതെ ഹിന്ദി സംസാരിക്കാനറിയാവുന്ന നിരവധി മലയാളികളും കർഷകരും ഇവർക്കിടയിലെ “ബ്രോക്കർ’ മാരായും ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്. കർഷകരിൽ നിന്നു ഒരേക്കർ ഞാറ് നടാനായി ഏഴായിരം മുതൽ ഒമ്പതിനായിരം രൂപ വരെ ഇവർ ഈടാക്കുമെങ്കിലും പണിയെടുക്കുന്ന തൊഴിലാളികളുടെ കൈകളിൽ ഈ തുക മുഴുവനും എത്താറില്ല എന്നതാണ് വാസ്തവം.
ഒരേക്കർ ഞാറ് നടാനായി ഏഴ് പേരാണ് ഒരു ദിവസത്തേക്ക് ജോലി ചെയ്യുന്നത്. ദിവസേന അഞ്ചും ആറും ഏക്കർ വരെ ഇവർ കൂട്ടമായി എത്തി ഞാറു നടന്നു. മുൻകാലങ്ങളിൽ കർഷകത്തൊഴിലാളികളായ സ്ത്രീകൾ ദിവസങ്ങളെടുത്തു ചെയ്തിരുന്ന ജോലി ഇവർ ഉടമ്പടി വ്യവസ്ഥയിൽ ഏറ്റെടുക്കുന്നതോടെ നിരവധിപേർ ഒന്നിച്ചു നിമിഷങ്ങൾക്കകം പൂർത്തീകരിച്ചു മടങ്ങുന്നു.
ഇതര സംസ്ഥാന തൊഴിലാളികളിൽ നെൽപ്പാടങ്ങളിൽ പണിയെടുക്കാനെത്തിയ വരിലേറെയും അവിടങ്ങളിലെ സാധാരണ കൂലിപ്പണിക്കാരാണ്. ഇപ്പോൾ അവരുടെ ഭാര്യമാരും രംഗത്തുണ്ട്. “നാട്ടിൽ പണിയുണ്ട്. ശമ്പളം വളരെ കുറവ്. ഏറിയാൽ അഞ്ഞൂറ് രൂപ ദിവസവും കിട്ടും. അതും വൈകിട്ട് ഏഴ് വരെ ജോലിചെയ്താൽ മാത്രം. അതുകൊണ്ട് ജീവിക്കാനാകില്ല. മക്കളെ പഠിപ്പിക്കണം, വീടുവക്കണം, ആശുപത്രികളിൽ പോകണം തുടങ്ങി എല്ലാ കാര്യങ്ങൾക്കും ആ തുക പോരാതെ വരുന്നു.’ ബീഹാർ സ്വദേശി അക്താർ ദയനീയമായി പറയുന്നു. അസാം, ബംഗാർ, ബീഹാർ സ്വദേശികളായ ആബിദ് അഹമ്മദ്, അലി, ഹഖ്, ഗാസി, ഖാൻ, മിയാൻ, ഉദ്ദീൻ മുഹമ്മദ്,സുൽത്താൻ, സിക്കന്തർ… തുടങ്ങിയവർക്കും പറയാനുള്ളത് ഇതുതന്നെ.
കേരള പാടങ്ങളിലെ പാഠങ്ങൾ
നാട്ടിൽ സ്വന്തമായി കൃഷിയിടങ്ങളുള്ളവരും കേരളത്തിൽ പണിക്കു വരാറുണ്ട്. ശക്തമായ മഴ ആരംഭിക്കുമ്പോഴും വരൾച്ചയുള്ളപ്പോഴും കൃഷിയിടങ്ങൾ ഉപേക്ഷിച്ചു അവർ കേരളത്തിലേക്കു വണ്ടി കയറും. നാട്ടിലെ കൃഷിഭൂമിയിൽ നിന്നും വ്യത്യസ്തമാണ് കുട്ടനാടൻ പാടങ്ങളെന്നും ജോലിചെയ്യാൻ ഇവിടെയാണ് കൂടുതൽ ആയാസകരമെന്നും അവർ പറയുന്നു. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരേയും ഇവർ പാടത്തു പണിയെടുക്കാൻ തയ്യാറാകാറുണ്ട്. പാലക്കാടും കുട്ടനാടും പോലെ അവിടെ നെൽപ്പാടങ്ങൾ വിസ്തൃതമല്ലാത്തതും സാക്ഷരതയിൽ വളരെ പിന്നാക്കം നിൽക്കുന്നതുമെല്ലാം തങ്ങളുടെ ഭാവി മുരടിക്കാൻ ഇടയാക്കിയെന്നും അവർ പരിതപിക്കുന്നു.
ഞാറ്റുപാട്ട് കേട്ടുണർന്ന കുട്ടനാടൻ പാടവരമ്പുകളിൽ നിന്ന് ബാരേ ബാരേ.. ഉയ്‌നോ ബാലിർ….ജാനേ ബാരീ സോണാലി.. എന്ന് തുടങ്ങുന്ന ബംഗാളി പാട്ടിന്റെ ഈരടികളാണ് ഇപ്പോൾ ഉയരുന്നത്. പാടത്ത് ചിതറിവീണ നെൽക്കതിരുകൾ കൊത്താൻ വട്ടമിട്ട പക്ഷിക്കൂട്ടങ്ങൾ, കറ്റകൾ തലയിലേന്തി നിരനിരയായി നീങ്ങിയ കൊയ്ത്തുകാർ, കറ്റകൾ സൂക്ഷിച്ച കളപ്പുരകൾ, തലപൊക്കി നിന്ന വൈക്കോൽ കൂനകൾ… എല്ലാം മാഞ്ഞുപോയിരിക്കുന്നു. മാസങ്ങൾ നീണ്ട കൊയ്ത്തുത്സവങ്ങളും ഞാറു നടുന്നതിന്റെ താളവും അകന്നുപോയെങ്കിലും അതിഥി തൊഴിലാളികൾ നമ്മുടെ നെൽപ്പാടങ്ങളെ വിളിച്ചുണർത്തുമ്പോൾ ആ ഗതകാല സ്മരണകൾ ഉണർന്നെണീക്കുകയായി.