Ongoing News
കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയില്‍
പശ്ചിമ ബംഗാള്‍ സിലിഗുഡി സ്വദേശി ദുലാല്‍ (34) ആണ് 360 ഗ്രാം കഞ്ചാവുമായി പന്തളം പോലീസിന്റെ പിടിയിലായത്.
പത്തനംതിട്ട | താമസ്ഥലത്ത് കഞ്ചാവ് ശേഖരവുമായി അതിഥി തൊഴിലാളി പിടിയില്‍. പശ്ചിമ ബംഗാള്‍ സിലിഗുഡി സ്വദേശി ദുലാല്‍ (34) ആണ് 360 ഗ്രാം കഞ്ചാവുമായി പന്തളം പോലീസിന്റെ പിടിയിലായത്.
അടുത്തിടെ പന്തളത്ത് കഞ്ചാവുമായി പിടിയിലായ പ്രതിയില്‍ നിന്നും കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നീക്കത്തിലാണ് ദുലാല്‍ കുടുങ്ങിയത്. പന്തളം പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് ശ്രീകുമാറിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക സ്‌ക്വാഡിന്റെ അന്വേഷണത്തെ തുടര്‍ന്നാണ് അറസ്റ്റ്.
പന്തളം കടയ്ക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ 11 വര്‍ഷമായി വാടകയ്ക്ക് താമസിച്ചുവരികയാണ് ദുലാല്‍. മേസ്തിരിപ്പണിയുടെ മറവിലാണ് ഇയാള്‍ കഞ്ചാവ് കച്ചവടം ചെയ്യുന്നതെന്ന് ചോദ്യം ചെയ്യലില്‍ തെളിഞ്ഞു. കഞ്ചാവ് വാടക വീട്ടില്‍ ശേഖരിച്ചുവച്ച ശേഷം അതിഥി തൊഴിലാളികള്‍ക്കും തദ്ദേശീയര്‍ക്കും വിറ്റുവരികയായിരുന്നുവെന്ന് പ്രതി സമ്മതിച്ചു. ഒരു പൊതിക്ക് 500 രൂപ നിരക്കിലാണ് കഞ്ചാവ് കച്ചവടം നടത്തിവന്നത്.
താമസിക്കുന്ന ഇടത്തിനു സമീപം കുഴിച്ചിട്ട നിലയിലാണ് കഞ്ചാവ് ശേഖരം കണ്ടെത്തിയത്. പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡില്‍ എസ് ഐ. ഗ്രീഷ്മ ചന്ദ്രന്‍, എസ് സി പി ഒമാരായ സഞ്ചയന്‍, ശരത്, സി പി ഒമാരായ അന്‍വര്‍ഷാ, അമീഷ്, രഞ്ജിത്ത് എന്നിവരാണ് ഉണ്ടായിരുന്നത്.