Kerala
ഇടുക്കി പൂപ്പാറയില്‍ അതിഥി തൊഴിലാളിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി; കൂടെയുണ്ടായിരുന്ന ആള്‍ കസ്റ്റഡിയില്‍
മധ്യപ്രദേശ് സ്വദേശിയായ പ്രേംസിംഗിനെ ശാന്തന്‍പാറ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇടുക്കി| ഇടുക്കി പൂപ്പാറയില്‍ അതിഥി തൊഴിലാളിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. മധ്യപ്രദേശ് സ്വദേശി ഈശ്വറാണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന മധ്യപ്രദേശ് സ്വദേശിയായ പ്രേംസിംഗിനെ ശാന്തന്‍പാറ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 11 മണിയോടെ പൂപ്പാറക്ക് സമീപം തലക്കുളത്തുള്ള ഏലത്തോട്ടത്തിലാണ് സംഭവം. ഈശ്വറും പ്രേംസിംഗും തമ്മില്‍ താമസ സ്ഥലത്തു വച്ച് വാക്കേറ്റമുണ്ടായിരുന്നു. വാക്കേറ്റത്തെ തുടര്‍ന്ന് ഈശ്വറിനെ പ്രേം സിംഗ് കല്ലുകൊണ്ടും വടികൊണ്ടും മര്‍ദ്ദിച്ചു. തുടര്‍ന്ന് ശബ്ദം കേട്ട് സമീപത്ത് താമസിക്കുന്നവര്‍ ഓടിയെത്തി.
സമീപത്ത് താമസിക്കുന്നവരും പ്രേംസിംഗും ചേര്‍ന്നാണ് ഈശ്വറിനെ ആശുപത്രിയിലെത്തിച്ചത്. തലക്കേറ്റ പരുക്ക് ഗുരുതരമായതിനാല്‍ ഈശ്വറിനെ തേനി മെഡിക്കല്‍ കോളജിലേക്ക് അയച്ചു. യാത്രാ മധ്യേ ബോഡിനായ്ക്കന്നൂരില്‍ വച്ച് ഈശ്വര്‍ മരിച്ചു. തുടര്‍ന്ന് ശാന്തന്‍പാറ പോലീസ് പ്രേം സിംഗിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വാക്കു തര്‍ക്കത്തിനിടെ തലക്ക് അടിച്ചു എന്ന് മാത്രമാണ് പ്രേംസിംഗ് പോലീസിന് മൊഴി നല്‍കിയത്. കാരണം കണ്ടെത്താന്‍ ദ്വിഭാഷിയുടെ സഹായത്തോടെ പോലീസ് പ്രേംസിംഗിനെ ചോദ്യംചെയ്തു വരികയാണ്. ഈശ്വറിന്റെ മൊബൈല്‍ ഫോണും പ്രേംസിംഗ് അടിച്ചു തകര്‍ത്തിട്ടുണ്ട്. മധ്യപ്രദേശില്‍ വച്ച് പ്രേംസിംഗും ഈശ്വറും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ ഇന്ന് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് വ്യക്തമാക്കി.