Kerala
സ്‌കൂള്‍ തുറക്കുമ്പോള്‍ പോലീസ് സ്വീകരിക്കണ്ട നടപടികളെക്കുറിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശം ഇറങ്ങി
സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സ്ഥിരമായി സ്‌കൂളുകള്‍ സന്ദര്‍ശിച്ച് നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കും
തിരുവനന്തപുരം | സംസ്ഥാനത്ത് വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ പോലീസ് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ഡി ജി പിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറങ്ങി. എല്ലാ എസ് എച് ഓമാരും തങ്ങളുടെ അധികാര പരിധിയിലുള്ള സ്‌കൂളുകളിലെ പ്രധാനാധ്യാപകരെ വിളിച്ചുചേര്‍ത്ത് കുട്ടികളുമായി ബന്ധപ്പെട്ട സുരക്ഷാ- ആരോഗ്യ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് നിര്‍ദ്ദേശമുണ്ട്.
സ്‌കൂള്‍ മാനേജ്‌മെന്റുമായും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ചര്‍ച്ച നടത്തും. സ്‌കൂള്‍ ബസുകള്‍ യാത്രാ യോഗ്യമാണെന്ന് ഉറപ്പ് വരുത്തും. ഇവക്ക് അറ്റകുറ്റപ്പണികള്‍ ആവശ്യമുണ്ടെങ്കില്‍ ഒക്ടോബര്‍ ഇരുപതിന് മുമ്പ് അവ പൂര്‍ത്തിയാക്കണം. പത്ത് വര്‍ഷമെങ്കിലും പ്രവര്‍ത്തന പരിചയമുള്ളവരേയേ ഡ്രൈവര്‍മാരായി നിയോഗിക്കാവൂ. വാഹനങ്ങളില്‍ എല്ലാവിധ കൊവിഡ് മാനദണ്ഡങ്ങളും ഉറപ്പാക്കണം.
സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സ്ഥിരമായി സ്‌കൂളുകള്‍ സന്ദര്‍ശിച്ച് നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കും. ജില്ലാ പോലീസ് മേധാവിമാര്‍ എല്ലാ ദിവസവും നിര്‍ദ്ദേശങ്ങള്‍ വിലയിരുത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്.