Articles
സഹവാസത്തിലൂടെ കുറ്റവാസന അകറ്റാം
ഭൂമുഖത്തെ ഏറ്റവും നല്ലവരായ മുത്ത്നബിക്കൊപ്പം ഒരു നിമിഷമെങ്കിലും വിശ്വസിച്ച് സഹവസിച്ചവർക്ക് ലഭിച്ച മേൽവിലാസം തന്നെ സ്വഹാബി എന്നാണ്.

“നല്ലവരോടുള്ള കൂട്ട് ഒരാളെ ഉയർത്തും, അത് ഹൃദയത്തെ എല്ലാ ദോഷങ്ങളിൽ നിന്നും ശുദ്ധമാക്കും. എത്ര സുഹൃത്തുക്കളാണ് ജീവിതത്തിൽ ഒരാളെ ഉയർത്തിയത്, എത്രപേരാണ് മോശം കൂട്ടുകെട്ടിലൂടെ അവനെ തന്നെ തകർത്തത്’ ഇമാം ശാഫി (റ). നന്നാവാൻ നല്ല പൂതിയുണ്ട്, എന്താ ചെയ്യേണ്ടത്? ജീവിതത്തിൽ തെറ്റുകൾ എല്ലാം ഒഴിവാക്കണം, എന്താണ് മാർഗം പലരുടെയും ഒരാശയാണിത്. നന്നായവർക്കൊപ്പം കൂടൽ തന്നെയാണ് ഒന്നാമത്തെ വഴി. ഭൂമുഖത്തെ ഏറ്റവും നല്ലവരായ മുത്ത്നബിക്കൊപ്പം ഒരു നിമിഷമെങ്കിലും വിശ്വസിച്ച് സഹവസിച്ചവർക്ക് ലഭിച്ച മേൽവിലാസം തന്നെ സ്വഹാബി എന്നാണ്.
സഹവാസത്തിന്റെ തോതനുസരിച്ച് വ്യക്തിത്വത്തിന് പ്രഭാവം കൂടുമെന്നതിന്റെ അടയാളമാണ് അബൂബക്കർ സ്വദ്ദീഖ് (റ). സദാസമയം സഹവസിക്കാൻ ആഗ്രഹിക്കുക മാത്രമല്ല, അതിനെ വലിയ മെറിറ്റായി തന്നെ മഹാൻ ഉൾക്കൊണ്ടിരുന്നു. ഉമറുൽ ഫാറൂഖ് തങ്ങളുടെ ഭരണകാലം സ്വിദ്ദീഖിനെക്കാൾ ഖലീഫയായ ഉമറിനെ ചിലർ ഉയർത്തിക്കാണിക്കാൻ ശ്രമിച്ചു. ഉടനെ ഖലീഫ ഇടപെട്ടു പറഞ്ഞത്, അബൂബക്കർ സ്വിദ്ദീഖ് (റ)വിന്റെ ഹിജ്‌റയുടെ രാത്രിയിലെ ആറ്റൽ നബിയോടൊപ്പമുള്ള സഹവാസത്തിന്റെ പ്രതിഫലം എനിക്ക് തന്നാൽ ഉമറിന്റെയും കുടുംബത്തിന്റെയും ജീവിതം മുഴുവനും പകരം നൽകാം എന്നാണ്. ആർക്കൊപ്പമാണ് നമ്മൾ സഹവസിക്കേണ്ടത് എന്നതിന്റെ മാനദണ്ഡം ലളിതമാണ്. നമ്മൾ എന്ത് മൂല്യമാണ് ജീവിതത്തിൽ ആഗ്രഹിക്കുന്നത് ആ മൂല്യങ്ങളിലൂടെ സഞ്ചരിച്ചവരോട് സഹവസിക്കാം. ജീവിക്കുന്നവർ മാത്രമല്ല, മൺമറഞ്ഞ സാത്വികരുമായും ആത്മീയ സഹവാസം സാധ്യമാക്കണം.
വി. ഖുർആൻ അധ്യായം ഒന്പതിൽ വചനം 119ൽ സഹവാസത്തിന്റെ കൃത്യമായ നിലപാട് പറയുന്നുണ്ട്. “വിശ്വാസികളേ, സത്യസന്ധൻമാരോട് സഹവസിച്ച് നല്ലവരായി ജീവിച്ചോളണം.’ ഖുർആനിലെ അധ്യായം 31 ലുഖ്മാൻ എന്ന സാത്വികന്റെ നാമത്തിലാണ്. ദാവൂദ് നബിയുടെ കാലത്ത് ജീവിച്ച ഒരു മനുഷ്യനെ യുഗാന്തരങ്ങൾക്കിപ്പുറം ജിവിക്കുന്നവർക്ക് മാതൃകയാക്കാൻ എന്തിരിക്കുന്നു എന്നാലോചിക്കുന്നവർ വചനം 12 മുതൽ 19 വരെ വായിക്കുക. ഏത് ടെക്‌നോളജിയുടെ വികാസത്തിലും സൂക്ഷിക്കേണ്ട മൂല്യങ്ങളുടെ രത്നച്ചെപ്പായി ആ വചനങ്ങൾ നിങ്ങൾക്കനുഭവപ്പെടും.
ലുഖ്മാൻ (റ) വിനോട് ചോദിച്ചുവത്രെ, ഈ സ്ഥാനങ്ങളിൽ എത്താൻ എന്താണ് നിങ്ങൾ ചെയ്തത്. “ഞാൻ നാലായിരം പ്രവാചകൻമാരോടൊപ്പം സഹവസിച്ചതല്ലാതെ ഒന്നും ചെയ്തിട്ടില്ല.’ പുതുതലമുറയുടെ കുറ്റവാസനകൾക്ക് പരിഹാരമാണ് നമ്മൾ തേടുന്നതെങ്കിൽ കുറ്റങ്ങളിൽ നിന്നകന്ന് നിൽക്കുന്ന സാത്വികരോട് സഹവസിക്കാൻ അവസരം ഒരുക്കൽ തന്നെയാണ് വഴി.
അശ്ലീലതയുടെ അക്ഷരങ്ങളും ശബ്ദങ്ങളും അലങ്കാരമാക്കി അശ്ലീല ചിത്രങ്ങളിൽ മാത്രം കണ്ണും കാതും കൂർപ്പിച്ച് വെക്കുന്നവർക്ക് കുറ്റങ്ങളിൽ കുറ്റബോധം പോലും ഇല്ലാതെയാവുന്നത് എത്രമേൽ അപകടമാണെന്ന് തിരിച്ചറിയണം. പകരം ആത്മാവിനെയും ശരീരത്തെയും സംസ്‌കരിച്ച സാത്വികരോടൊപ്പം ചെലവഴിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാക്കിയാൽ മാറ്റങ്ങളുണ്ടാകും. ആരോടാണ് ഒരാളുടെ സഹവാസമെന്നത് നോക്കി ആ വ്യക്തിയെ മനസ്സിലാക്കാൻ എളുപ്പമത്രെ!