gps drawing
ജി പി എസ് ഡ്രോയിംഗിൽ മലയാളിക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്
മാവേലിക്കര സ്വദേശിയായ സുജിത്ത് കോശി വർഗീസ് ആണ് 8.71 കിലോമീറ്റർ ദൂരത്തിൽ വീൽചെയർ ഡ്രോയിംഗ് നടത്തിയത്.
പോലീസ് സേന ആംബുലൻസ്, ഡ്രോണുകൾ, സുരക്ഷാ, ട്രാഫിക് പട്രോളിംഗ് തുടങ്ങിയവ എല്ലാ പിന്തുണയും ഒരുക്കിയാണ് സുജിത്ത് വർഗീസിനെ ലക്ഷ്യത്തിലെത്താൻ സഹായിച്ചത്. പോലീസിലെ ഇന്നവേഷൻ കൗൺസിൽ വൈസ് പ്രസിഡന്റ് മേജർ ഖാലിദ് ഖലീഫ അൽ മസ്റൂഇ ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ചലന വൈകല്യമുള്ള നിശ്ചയദാർഢ്യക്കാരെ പിന്തുണക്കുന്നതിനുള്ള പ്രതിബദ്ധതയുടെ പ്രതീകമായാണ് വീൽചെയറിന്റെ ആകൃതിയിലുള്ള ട്രാക്ക് തിരഞ്ഞെടുത്തത്. പോലീസിന്റെ ഇന്നൊവേഷൻ കൗൺസിൽ, ഇവന്റ‌്സ് സെക്യൂരിറ്റി കമ്മിറ്റി, അത്ലറ്റ്സ് കൗൺസിൽ, പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ എംപവർമെന്റ് കൗൺസിൽ എന്നിവയെല്ലാം ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ സഹായിച്ചതായി സുജിത്ത് വർഗീസ് വ്യക്തമാക്കി.
സുജിത് വർഗീസ്; നിശ്ചയദാർഢ്യത്തിന്റെ പ്രതീകം
2013 മാർച്ച് 31നാണ് ജീവിതത്തെ തകർത്തെറിയുന്ന രൂപത്തിൽ ഒരപകടം സുജിത്ത് കോശിയെ തേടിയെത്തിയത്. ബെംഗളൂരുവിലെ പഠനകാലത്ത് സുഹൃത്തുക്കൾക്കൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അത്. ബാംഗ്ലൂരിലെ ആശുപത്രിയിൽ ഏറെ ദിവസം കോമയിൽ കഴിഞ്ഞു. രക്ഷപ്പെടാനുള്ള സാധ്യത 40 ശതമാനം മാത്രമാണെന്ന് ഡോക്ടർമാർ വിധിയെഴുതി. നട്ടെല്ലിന് സാരമായ പരിക്കും തലയോട്ടിക്ക് 18 മുറിവുകളും ഉണ്ടായിരുന്നു. രക്ഷപ്പെട്ടാലും വലത് കണ്ണിന് കാഴ്ച ഉണ്ടാവില്ലെന്ന് അവർ മുന്നറിയിപ്പ് നൽകി. ഓർമശക്തി കുറവായിരിക്കും, നടക്കാൻ സാധിക്കില്ല എന്നും ഡോക്ടർമാർ വിധി പറഞ്ഞു.
“ആദ്യത്തെ രണ്ട് കാര്യങ്ങൾ തെറ്റായി. മൂന്നാമത്തേത് തെറ്റാണെന്ന് തെളിയിക്കാൻ ഞാൻ ഇപ്പോഴും ശ്രമിക്കുന്നു. ദുബൈയിൽ ഏറെക്കാലം താമസിക്കുകയും പഠിക്കുകയുമൊക്കെ ചെയ്ത സുജിത്ത് പറയുന്നു. ഏത് സാഹചര്യവും മാറ്റാനുള്ള അധികാരം ഡോക്ടർമാർക്കോ മറ്റ് ആളുകൾക്കോ അല്ല, മറിച്ച് വ്യക്തിക്ക് തന്നെയാണ്. എന്റെ അവസാന ബി കോം പരീക്ഷകൾക്ക് രണ്ടാഴ്ച മുമ്പാണ് ഇത് സംഭവിച്ചത്. ബംഗളൂരുവിലെ ആശുപത്രിയിൽ അഞ്ചാഴ്ചയോളം നീണ്ട രണ്ട് ശസ്ത്രക്രിയകൾക്ക് ശേഷം വെല്ലൂരിലേക്ക് മാറ്റി. അവിടെ ഒരു മാസം ചിലവഴിച്ചു. മറ്റൊന്നും ചെയ്യാനില്ലെന്ന് ഡോക്ടർമാർ പറഞ്ഞതിനാൽ സുജിത്തും അമ്മയും മാവേലിക്കരയിലെ വീട്ടിലെത്തി. അപ്പോൾ ഒരു വൈദ്യനെക്കുറിച്ച് ആരോ അറിയിച്ചു. ഒന്നു ശ്രമിച്ചുനോക്കാൻ അവർ തീരുമാനിച്ചു. വൈദ്യൻ ഉടൻ സുഖം പ്രാപിക്കുമെന്ന് വാഗ്ദാനം ചെയ്തു. പഥ്യവും തിരുമ്മലും ഒക്കെയായി ശരീരം പിന്നെയും തളർന്നു. രക്തപരിശോധന നടത്തിയപ്പോള്‍ അണുബാധ. വീണ്ടും ഐ സി യുവിൽ. മുറിവുകൾ ഉണക്കാൻ ഡോക്ടർമാർ പ്ലാസ്റ്റിക് സർജറികളുടെ ഒരു പരമ്പര നടത്തി. പതിയെ സുഖം പ്രാപിച്ചു.
വീട്ടിൽ മുകൾ നിലയിലെ സ്വന്തം മുറിയിൽ ഉറങ്ങാൻ ആഗ്രഹിച്ചു. പക്ഷേ ആർക്കും അത് ഇഷ്ടമായിരുന്നില്ല. എന്നാൽ, 18 പടികൾ ഓരോന്നായി കയറി മുറിയിലേക്ക് പോയി. അടുത്തുള്ള ജിമ്മിൽ ചേർന്ന് പതിവായി വ്യായാമം ചെയ്തു. ശരീരത്തിന്റെ മുകൾ ഭാഗം ശക്തി പ്രാപിച്ചതോടെ ആത്മവിശ്വാസവും തിരിച്ചുകിട്ടി. ആദ്യസമയങ്ങളിൽ അമ്മയാണ് ജിമ്മിൽ കൊണ്ടുപോയത്. പിന്നീട് തനിയെ പോകാൻ തുടങ്ങി. ഇപ്പോൾ പരസഹായമില്ലാതെ വിമാനയാത്ര അടക്കം നടത്തുന്നു. 2015-ൽ ബി കോം പാസായി, സി എഫ് എ ചെയ്തു. സാഹചര്യം മാറ്റാൻ ആർക്കെങ്കിലും കഴിയുമെങ്കിൽ അത് നിങ്ങൾക്ക് മാത്രമെന്നും നിശ്ചയദാർഢ്യതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന പക്ഷം ജീവിതം തിരിച്ചുപിടിക്കാമെന്നാണ് സുജിത് സാക്ഷ്യപ്പെടുത്തുന്നത്.