International
ലോകത്തിലെ ഏറ്റവും പ്രായമുള്ള ഇരട്ടസഹോദരിമാര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍
ജപ്പാനിലെ അവധിദിനവും വയോധികരെ ആദരിക്കുന്നതിനുള്ള ദിനവുമായ തിങ്കളാഴ്ചയാണ് ഏറ്റവും പ്രായമുള്ള ഇരട്ടകളായി സ്ഥിരീകരിച്ചു കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നത്.
ടോക്യോ| ലോകത്തിലെ ഏറ്റവും പ്രായമുള്ള ഇരട്ടസഹോദരിമാര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം പിടിച്ചു. ജാപ്പനീസ് സഹോദരിമാര്‍ക്ക് 107 വയസും 300 ദിവസവുമാണ് പ്രായം. അന്തരിച്ച ജാപ്പനീസ് ഇരട്ട സഹോദരിമാരായ കിന്‍ നരിറ്റയുടെയും ജിന്‍ കാനിയുടെയും റെക്കോര്‍ഡാണ് ജാപ്പനീസ് സഹോദരിമാരായ ഉമേനോ സുമിയാമയും കോമെ കൊഡാമയും മറികടന്നത്.
1913 നവംബര്‍ 5-ന് ഷോഡോഷിമ ദ്വീപിലാണ് ഉമേനോയും കോമെയും ജനിച്ചത്. ജപ്പാനിലെ അവധിദിനവും വയോധികരെ ആദരിക്കുന്നതിനുള്ള ദിനവുമായ തിങ്കളാഴ്ചയാണ് ഏറ്റവും പ്രായമുള്ള ഇരട്ടകളായി സ്ഥിരീകരിച്ചു കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നത്. കൊവിഡ്19ന്റെ സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍, പ്രത്യേക പരിചരണ കേന്ദ്രങ്ങളില്‍ താമസിക്കുന്ന സഹോദരിമാര്‍ക്ക് അവരുടെ ഔദ്യോഗിക സര്‍ട്ടിഫിക്കറ്റുകള്‍ ജീവനക്കാര്‍ അയച്ചു കൊടുത്തിരിക്കുകയാണ്.
ലോകത്തില്‍ ഏറ്റവും അധികം ആയുര്‍ദൈര്‍ഘ്യം ജപ്പാനിലാണ്. ലോകത്തില്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായമുള്ള ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടിയ 118 വയസ്സുള്ള കനേ ടനാക എന്ന സ്ത്രീയും ജപ്പാനിലാണ്.