National
ബിബിസി ഡോക്യുമെന്ററിക്കെതിരെ ഗുജറാത്ത് നിയമസഭ പ്രമേയം പാസാക്കി
കര്‍ശന നടപടിയെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന പ്രമേയം മാര്‍ച്ച് 10നാണ് ഗുജറാത്ത് നിയമസഭ പാസാക്കിയത്.
ഗാന്ധിനഗര്‍| 2002ലെ ഗോധ്ര കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ മോശമാക്കിയതിന് ബിബിസിക്കെതിരെ പ്രമേയം പാസാക്കി ഗുജറാത്ത് നിയമസഭ. കര്‍ശന നടപടിയെടുക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്ന പ്രമേയം മാര്‍ച്ച് 10നാണ് ഗുജറാത്ത് നിയമസഭ പാസാക്കിയത്. ഡോക്യുമെന്ററി പ്രധാനമന്ത്രി മോദിക്കെതിരെ മാത്രമല്ല, രാജ്യത്തെ 135 കോടി പൗരന്മാര്‍ക്ക് എതിരാണെന്നും ഗുജറാത്ത് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച ആഭ്യന്തര മന്ത്രി ഹര്‍ഷ് സംഘവി ആരോപിച്ചു.
പ്രധാനമന്ത്രി തന്റെ ജീവിതം മുഴുവന്‍ രാജ്യസേവനത്തിനായി സമര്‍പ്പിച്ചു. വികസന ആയുധം ഉപയോഗിച്ച് ദേശദ്രോഹികള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. ഇന്ത്യയെ ആഗോളതലത്തിലെത്തിക്കാന്‍ കഠിനാധ്വാനം ചെയ്ത നേതാവാണ് മോദിയെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ജനുവരിയിലാണ് ‘ഇന്ത്യ: ദ മോദി ക്വസ്റ്റിയന്‍’ എന്ന പേരില്‍ ബി.ബി.സി ഡോക്യുമെന്ററി പുറത്തിറക്കിയത്. 2002 ഗുജറാത്ത് കൂട്ടക്കൊലയില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കും പങ്കുണ്ടെന്ന് ഡോക്യുമെന്ററിയില്‍ വ്യക്തമാക്കുന്നു. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിന് കേന്ദ്രം രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയിരുന്നു. പിന്നാലെ ബി.ബി.സിയുടെ ഡല്‍ഹി, മുംബൈ ഓഫിസുകളില്‍ മൂന്നു ദിവസം ഇ.ഡി പരിശോധനയുമുണ്ടായിരുന്നു.