Hardik Patel leaves Congress
ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടു
ബി ജെ പിയില്‍ ചേര്‍ന്നേക്കും; നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് വലിയ തിരിച്ചടി
ഗാന്ധിനഗര്‍ | ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്‍ര് ഹാര്‍ദിക് പട്ടേല്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോണ്‍ഗ്രസിന് വലിയ തിരിച്ചടി നല്‍കി ഹാര്‍ദിക് പട്ടേല്‍ പാര്‍ട്ടിവിട്ടിരിക്കുന്നത്. നേരത്തെ ബി ജെ പിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പുകഴ്ത്തി പട്ടേല്‍ സംസാരിച്ചിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അയച്ച രാജിക്കത്തിലും കേന്ദ്രസര്‍ക്കാറിനേയും ബി ജെ പിയേയും ഹാര്‍ദിക് പട്ടേല്‍ പുകഴ്ത്തിപ്പറയുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹം ബി ജെ പിയില്‍ ചേരുമെന്ന് ഏകദേശം ഉറപ്പാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ് പട്ടേല്‍ വിഭാഗത്തെ പാര്‍ട്ടിയോട് അടുപ്പിക്കാനുള്ള നീക്കമെന്നോണം ഹാര്‍ദികിനെ കോണ്‍ഗ്രസിലെത്തിച്ചത്. ഇതിന്റെ ഗുണം കോണ്‍ഗ്രസിന് ലഭിച്ചിരുന്നു. പട്ടേല്‍ വിഭാഗത്തിന്റെ കരുത്തില്‍ മികച്ച പോരാട്ടം നടത്തിയ കോണ്‍ഗ്രസിന് നേരിയ സീറ്റുകളുടെ വിത്യാസത്തിനാണ് ഭരണം നഷ്ടപ്പെട്ടത്.
ഇപ്പോള്‍ നരേഷ് പട്ടേലെന്ന പുതിയ ഒരു പട്ടേല്‍ നേതാവിനെ കോണ്‍ഗ്രസിലെത്തിക്കാന്‍ പാര്‍ട്ടി നീക്കം തുടങ്ങിയതാണ് ഹാര്‍ദികനെ ചൊടിപ്പിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അദ്ദേഹം പാര്‍ട്ടിയുമായി നിസ്സഹകരണത്തിലായിരുന്നു. തന്റെ ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ എക്കൗണ്ടുകളില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് എന്നത് ഹാര്‍ദിക് നേരത്തെ നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പ്രാഥമിക അംഗ്വത്വത്തില്‍ നിന്നും രാജിവെച്ചിരിക്കുന്നത്.