National
ഗുജറാത്ത് തിരഞ്ഞെടുപ്പ്: ബിജെപി ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു
മോർബിയിൽ സിറ്റിംഗ് എംഎൽഎക്ക് ടിക്കറ്റില്ല; പാലം അപകടത്തിൽ ആളുകളുടെ ജീവൻ രക്ഷിക്കാൻ നദിയിൽ ചാടിയ കാന്തിലാൽ മച്ചു മത്സരിക്കും
അഹമ്മദാബാദ് | ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ പട്ടിക ബിജെപി പുറത്തിറക്കി. 160 പേരാണ് പട്ടികയിലുള്ളത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഘട്‌ലോധ്യയിൽ നിന്ന് മത്സരിക്കും. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിക്ക് പകരം രാജ്കോട്ട് വെസ്റ്റിൽ നിന്ന് ഡോ.ദർശിത ഷാ മത്സരിക്കും.
പാലം തകർന്നുവീണ് അപകടമുണ്ടായ മോർബിയിൽ സിറ്റിങ് എം എൽ എ ബ്രിജേഷിന് പാർട്ടി ടിക്കറ്റ് നിഷേധിച്ചു. പകരം മുൻ എംഎൽഎ കാന്തിലാൽ അമൃതിയയ്ക്കാണ് ടിക്കറ്റ് നൽകിയിരിക്കുന്നത്. മോർബി പാലം അപകടത്തിൽ ആളുകളുടെ ജീവൻ രക്ഷിക്കാൻ കാന്തിലാൽ മച്ചു നദിയിൽ ചാടിയിരുന്നു.
പാർട്ടി വൃത്തങ്ങൾ അനുസരിച്ച് ബിജെപി 38 എംഎൽഎമാരുടെ ടിക്കറ്റ് വെട്ടിക്കുറച്ചിട്ടുണ്ട്. അതേസമയം 69 എംഎൽഎമാർ വീണ്ടും മത്സരിക്കും. കോൺഗ്രസിൽ നിന്ന് വന്ന ഹർദിക് പട്ടേലിനും അൽപേഷ് താക്കൂർക്കും ടിക്കറ്റ് നൽകിയിട്ടുണ്ട്. ജാംനഗർ നോർത്തിൽ നിന്നാണ് രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബയ്ക്ക് ടിക്കറ്റ് നൽകിയിരിക്കുന്നത്.
ടിക്കറ്റ് വിതരണവുമായി ബന്ധപ്പെട്ട് ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ (സിഇസി) യോഗം ബുധനാഴ്ച ഡൽഹിയിൽ ചേർന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, ജെപി നദ്ദ, രാജ്‌നാഥ് സിംഗ് എന്നിവർ മൂന്ന് മണിക്കൂറോളം നീണ്ട യോഗത്തിൽ പങ്കെടുത്തു. ഗുജറാത്തിലെ 182 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പേരുകൾ യോഗത്തിൽ ചർച്ച ചെയ്തു.