Kerala
ഗുജറാത്ത് തിരഞ്ഞെടുപ്പ്: പ്രചാരണത്തില്‍ നിന്ന് തരൂരിനെ ഒഴിവാക്കിയതിനെതിരെ എം കെ രാഘവന്‍
സംസ്ഥാന രാഷ്ട്രീയത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന തരൂരിനെ പോലുള്ളവരെ പരമാവധി പ്രയോജനപ്പെടുത്തുന്ന നിലപാടുകള്‍ സ്വീകരിക്കണം.
കോഴിക്കോട് | ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ശശി തരൂര്‍ എം പിയെ ഒഴിവാക്കിയതിനെതിരെ എം കെ രാഘവന്‍ എം പി. പാര്‍ട്ടി നടപടി ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന രാഷ്ട്രീയത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന തരൂരിനെ പോലുള്ളവരെ പരമാവധി പ്രയോജനപ്പെടുത്തുന്ന നിലപാടുകള്‍ സ്വീകരിക്കണമെന്നും രാഘവന്‍ അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മത്സരിച്ച തരൂര്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് പരാജയപ്പെട്ടിരുന്നു. പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ മത്സരിച്ചതോടെ തരൂരിനെതിരെ കോണ്‍ഗ്രസ് നീക്കങ്ങള്‍ നടത്തുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു.
ഡിസംബര്‍ ഒന്ന്, അഞ്ച് തീയതികളില്‍ നടക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി 40 നേതാക്കളുടെ പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കനയ്യ കുമാര്‍, രമേശ് ചെന്നിത്തല, സച്ചിന്‍ പൈലറ്റ്, അശോക് ഗെഹ്ലോട്ട് തുടങ്ങിയവര്‍ ഉള്‍പ്പെട്ടതാണ് പട്ടിക.