Books
'ഗുജറാത്ത്, തീവ്രസാക്ഷ്യങ്ങള്‍' വെറുമൊരു പുസ്തകമല്ല
" ഗുജറാത്ത് തീവ്രസാക്ഷ്യങ്ങള്‍ " എന്നത് വെറുമൊരു പുസ്തകമല്ല. ചോരയും കണ്ണീരും വീണ ചരിത്രത്തിന്‍റെ നേര്‍ സാക്ഷ്യമാണ്. നീതി നിഷേധത്തിന്‍റേയും ജനാധിപത്യ വിരുദ്ധതയുടേയും കറുത്ത അദ്ധ്യായങ്ങളുടെ പുനരാവിഷ്കാരമാണ്. അയല്‍ബന്ധങ്ങളും വ്യാപാര സൗഹൃദങ്ങളും മനുഷ്യത്വത്തിന്‍റെ മുഖംമൂടിയഴിച്ചു ചെകുത്താന്‍മാരായി മാറിയ ദിനങ്ങളുടെ നേര്‍ചിത്രമാണ്. നീതിമാന്‍മാരുടേയും നിരപരാധികളുടേയും രക്തം കൊണ്ടുറപ്പിച്ച സിംഹാസനങ്ങളുടെ നെറികെട്ട ചരിത്രമാണ്.
യാദൃശ്ചികമാവാം പ്രധാനമന്ത്രി രാജസ്ഥാനില്‍ നടത്തിയ പ്രസംഗം വിവാദമായ നേരത്ത് ഞാൻ വായിക്കുന്ന പുസ്തകം ഇതായത്. കൃഷ്ണൻ മോഹന്‍ലാല്‍ എഴുതിയ “ഗുജറാത്ത്, തീവ്രസാക്ഷ്യങ്ങള്‍”. ഗുജറാത്ത് വംശഹത്യയുടെ കറുത്ത ദിനങ്ങളെ മതേതര ജനാധിപത്യ വേദികളില്‍ നിഷേധിക്കുകയും സൈബറിടങ്ങളില്‍ മുഖമില്ലാതെ വന്നു പരിഹസിക്കുകയും ചെയ്യുന്ന സംഘപരിവാര്‍ തന്ത്രങ്ങളെ തെളിവുകള്‍ നിരത്തി നിഷേധിക്കുന്നതാണ് ഈ പുസ്തകം. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഒരിക്കലും ഉണങ്ങാത്ത മുറിവായ ഗുജറാത്ത് വംശഹത്യയെക്കുറിച്ച് ലേഖകൻ നേരിട്ട് പോയെടുത്ത അഭിമുഖങ്ങളും അന്വേഷണങ്ങളുമാണിതിലുള്ളത്. അവയാകട്ടെ അതിതീവ്രവും വസ്തുനിഷ്ഠവുമാണ്.
ഈ പുസ്തകത്തിന്‍റെ ആദ്യ ഭാഗത്തില്‍ തന്നെ കൃഷ്ണൻ മോഹന്‍ലാല്‍ എഴുതുന്നത് അധികം അറിയപ്പെടാത്ത ഒരു രക്തസാക്ഷിത്വത്തെക്കുറിച്ചാണ്. സംസ്ഥാന പൊലീസ് രേഖകളില്‍ മുസ്ലീങ്ങളുടെ പകരം വീട്ടലായി ഇടംപിടിച്ച ഹരേന്‍ പാണ്ഡ്യയുടെ കൊലപാതകത്തെക്കുറിച്ചാണത്. ബി ജെ പി നേതാവും കേശുഭായ് പട്ടേല്‍ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയുമായിരുന്ന ഹരേന്‍റെ കൊലപാതകത്തെക്കുറിച്ചുള്ള അദ്ധ്യായത്തിന്‍റെ തുടക്കം ഇങ്ങനെയാണ്:
” സത്യം മറച്ചുപിടിക്കാന്‍ ഹരണ്‍ പാണ്ഡ്യയ്ക്ക് കഴിഞ്ഞില്ല. അത് ഉള്ളിലിരുന്ന് വിങ്ങിയപ്പോള്‍ ആദ്യം അച്ഛനോട് പറഞ്ഞു. സത്യവും നീതിയും ജീവിതത്തില്‍ പുലര്‍ത്തണമെന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ അത് പുറത്ത് പറഞ്ഞു. ആ നിലപാടിന് നല്‍കേണ്ടി വന്നത് സ്വന്തം ജീവിതം “.
ഈ സത്യമെന്നത് ഗുജറാത്ത് കലാപത്തിലെ ഗൂഢാലോചനയും സര്‍ക്കാരിന്‍റെ മനഃപൂര്‍വമുള്ള അനാസ്ഥയുമാണ്. 2002 ലെ വംശഹത്യയിൽ ഹരേന്‍റെ മണ്ഡലത്തില്‍ ഒരൊറ്റ മുസ്ലിം പോലും കൊല്ലപ്പെടുകയുണ്ടായില്ലെന്നും മുസ്ലിംകള്‍ക്ക് അദ്ദേഹത്തോട് ശത്രുത തോന്നേണ്ട ഒരു കാര്യവുമില്ലെന്നും കുടുംബം വിശ്വസിക്കുന്നു. സത്യസന്ധനായ ഒരു രാഷ്ട്രീയക്കാരന്‍റെ ജീവനെടുത്തത് ഗുജറാത്ത് പോലീസ് പ്രതികളായി കാണിച്ച മുസ്ലിംകളല്ലെന്നും സ്വന്തം പാര്‍ടിക്ക് വേണ്ടി പോലീസിലെ സ്ഥിരം വ്യാജ ഏറ്റുമുട്ടൽ ഗുണ്ടകളാണെന്നും ഹരേന്‍റെ പിതാവ് വിത്തല്‍ഭായ് മരണം വരെ വിശ്വസിച്ചു. തുടര്‍ന്ന് ഹരേന്‍റെ പത്നി ജാഗൃതി നീതിക്കായി അന്നത്തെ പ്രധാനമന്ത്രിയേയും കേന്ദ്ര അഭ്യന്തര മന്ത്രിയേയും മാത്രമല്ല ബി.ജെ.പി. നേതാവ് എല്‍.കെ.അദ്വാനിയെ വരെ കണ്ടിരുന്നു.. വേണ്ടത് ചെയ്യാമെന്നേറ്റ അദ്വാനിയും പിന്നീട് രാഷ്ട്രീയത്തില്‍ അപ്രസക്തമാവുകയായിരുന്നല്ലോ.
സി.ബി.ഐ. നടത്തിയ അന്വേഷണ പ്രഹസനത്തിലും യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ നിരാശരാണ് അദ്ദേഹത്തിന്‍റെ കുടുംബം. ഇതിലെ യഥാർത്ഥ പ്രതിയെ കണ്ടെത്തിയിരുന്ന സത്യസന്ധനായ പോലീസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ്ഭട്ടിന്‍റെ ഗതിയും പിന്നീട് ഇന്ത്യ കണ്ടതാണല്ലോ.
പിന്നീട് അദ്ദേഹം ബില്‍ക്കീസ് ബാനുവിനേയും ,കുത്തുബുദ്ധീന്‍ അന്‍സാരിയേയും പോയി കാണുന്നുണ്ട്. ഉറ്റവര്‍ നഷ്ടപ്പെട്ട ശേഷം കൂട്ടബലാത്സംഗത്തിനിരയാവുകയും നീതി നടപ്പാക്കേണ്ട പോലീസും ഭരണകൂടവും പ്രതികള്‍ക്കൊപ്പം നില്‍ക്കുകയും പല തരത്തില്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടും ബില്‍ക്കീസ് ബാനുവിന്‍റ നിശ്ചയദാര്‍ഡ്യം ലേഖകനെ അമ്പരപ്പിക്കുന്നുണ്ട്. നീതിക്ക് വേണ്ടിയുള്ള അവരുടെ പോരാട്ടം സുപ്രീം കോടതി വരെ എത്തിയതും ഗുജറാത്ത് സര്‍ക്കാര്‍ അന്യായമായി വെറുതെ വിട്ട പ്രതികളെ സുപീംകോടതി ഇടപെട്ട് ജയിലിലേക്ക് തിരികെ അയച്ചതും നാം കണ്ടതാണല്ലോ.
കുത്തുബുദ്ധീന്‍ അന്‍സാരിയെന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ തൊഴുതുപിടിച്ച കൈകളും ദയനീയമായ മുഖമുള്ള ഒരു മനുഷ്യന്റെ ചിത്രമാണ് മനസ്സിലേക്ക് വരിക. ഇന്നും അപരിചിതരെ ഭയക്കുന്ന ആ മനുഷ്യന്‍റെ കലാപ സാക്ഷ്യങ്ങളും കൃഷ്ണന്‍ മോഹൻലാൽ സത്യസന്ധമായി എഴുതിയിരിക്കുന്നു.
” ഗുജറാത്ത് തീവ്രസാക്ഷ്യങ്ങള്‍ ” എന്നത് വെറുമൊരു പുസ്തകമല്ല. ചോരയും കണ്ണീരും വീണ ചരിത്രത്തിന്‍റെ നേര്‍ സാക്ഷ്യമാണ്. നീതി നിഷേധത്തിന്‍റേയും ജനാധിപത്യ വിരുദ്ധതയുടേയും കറുത്ത അദ്ധ്യായങ്ങളുടെ പുനരാവിഷ്കാരമാണ്. അയല്‍ബന്ധങ്ങളും വ്യാപാര സൗഹൃദങ്ങളും മനുഷ്യത്വത്തിന്‍റെ മുഖംമൂടിയഴിച്ചു ചെകുത്താന്‍മാരായി മാറിയ ദിനങ്ങളുടെ നേര്‍ചിത്രമാണ്. നീതിമാന്‍മാരുടേയും നിരപരാധികളുടേയും രക്തം കൊണ്ടുറപ്പിച്ച സിംഹാസനങ്ങളുടെ നെറികെട്ട ചരിത്രമാണ്.
വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്ക് കുപ്രസിദ്ധമായ ഭൂമിയിലൂടെ രഹസ്യമായി സഞ്ചരിച്ചാണ് മലയാളിയായ ലേഖകന്‍ ഈ പുസ്തകം തയ്യാറാക്കിയത്. ഈ അനീതിയുടെ തീവ്രസാക്ഷ്യം ഒരു ചരിത്ര സ്മാരകമാണ്. ഒപ്പം കൃഷ്ണൻ മോഹന്‍ലാലിനെപ്പോലെയുള്ള മനുഷ്യര്‍ ജനാധിപത്യത്തിന്‍റെ ഒരു തിരിവെളിച്ചവും.