Ongoing News
തിരിച്ചടിച്ച് ഗുജറാത്ത്; പാഞ്ചാലിന്റെ സെഞ്ച്വറി കരുത്തില്‍ കെട്ടിപ്പടുത്തത് മികച്ച സ്‌കോര്‍
രഞ്ജി ട്രോഫി സെമി ഫൈനലില്‍ മൂന്നാം ദിനത്തെ കളി അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 222 റണ്‍സെടുത്ത് ശക്തമായ നിലയിലാണ് ഗുജറാത്ത്.

അഹമ്മദാബാദ് | കേരളം പടുത്തുയര്‍ത്തിയ മികച്ച ഒന്നാം ഇന്നിങ്‌സ് സ്‌കോറിനു മുമ്പില്‍ പതറാതെ ബാറ്റുവീശി ഗുജറാത്ത്. രഞ്ജി ട്രോഫി സെമി ഫൈനലില്‍ മൂന്നാം ദിനത്തെ കളി അവസാനിക്കുമ്പോള്‍ ഗുജറാത്ത് ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 222 റണ്‍സെടുത്ത് ശക്തമായ നിലയിലാണ്. ശതകം നേടിയ പ്രിയങ്ക് പാഞ്ചാലും അര്‍ധ ശതകം സ്വന്തമാക്കിയ ആര്യ ദേശായിയുമാണ് നല്ല സ്‌കോറിലെത്താന്‍ ഗുജറാത്തിനെ സഹായിച്ചത്.
117 റണ്‍സുമായി ക്രീസില്‍ ഉറച്ചുനില്‍ക്കുകയാണ് പാഞ്ചാല്‍. 200 പന്തില്‍ നിന്ന് ഒരു സിക്സും 13 ബൗണ്ടറിയുമടക്കമാണ് താരം 117ല്‍ എത്തിയത്. 30 റണ്‍സുമായി മനന്‍ ഹിംഗ്രാജിയയാണ് പാഞ്ചാലിനൊപ്പം ക്രീസിലുള്ളത്. ആര്യ ദേശായിയുടെ വിക്കറ്റാണ് ഗുജറാത്തിന് നഷ്ടപ്പെട്ടത്. 118 പന്തുകളില്‍ നിന്ന് 73 റണ്‍സാണ് ദേശായിയുടെ സമ്പാദ്യം. ഒരു സിക്സും 11 ബൗണ്ടറിയും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ബോസിലിന്റെ പന്തില്‍ ബൗള്‍ഡായാണ് ദേശായി പുറത്തായത്.
നേരത്തെ, കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് 457 റണ്‍സില്‍ അവസാനിച്ചിരുന്നു. മൂന്നാംദിനം 39 റണ്‍സ് ചേര്‍ക്കുന്നതിനിടെ ശേഷിച്ച മൂന്നു വിക്കറ്റ് കൂടി കേരളത്തിനു നഷ്ടമായി. ആദിത്യ സര്‍വതെ (11) എം ഡി നിധീഷ് (5), എന്‍. ബാസില്‍ (1) എന്നിവരുടെ വിക്കറ്റാണ് വീണത്. ഗുജറാത്തിനായി അര്‍സന്‍ നഗ്വാസ്വല്ല 81 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ചിന്തന്‍ ഗജയ്ക്ക് രണ്ടും രവി ബിഷ്‌ണോയ്, പ്രിയജിത് സിങ് ജഡേജ, വിശാല്‍ ജയ്‌സ്വാള്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.