Web Special
ഗുജറാത്ത് വംശഹത്യ: റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ ഭീകരമെന്ന് ബ്രിട്ടീഷ് അന്വേഷണ സംഘം
രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള അക്രമം, ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളില്‍ നിന്ന് മുസ്ലിംകളെ ഒഴിവാക്കാനായിരുന്നു.
2002ലെ ഗുജറാത്ത് വംശഹത്യയില്‍ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ വലിയ നാശനഷ്ടങ്ങളുണ്ടായെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ അയച്ച അന്വേഷണ സംഘം. ബ്രിട്ടീഷ് സംഘത്തിലെ അംഗങ്ങളെ അധികരിച്ച് ബി ബി സി തയ്യാറാക്കിയ ഡോക്യുമെന്ററിയിലാണ് ഇക്കാര്യമുള്ളത്. ചൊവ്വാഴ്ചയാണ് ഈ ഡോക്യുമെന്ററി ബി ബി സി പ്രസിദ്ധീകരിച്ചത്. ദി മോദി ക്വസ്റ്റ്യന്‍സ് എന്ന ശീര്‍ഷകത്തിലുള്ള ഡോക്യുമെന്ററി യുട്യൂബ് ബുധനാഴ്ച നീക്കം ചെയ്തിട്ടുണ്ട്.
ശിക്ഷയുണ്ടാകില്ലെന്ന സർക്കാർ സ്പോൺസേഡ് പൊതുബോധം
അക്രമികള്‍ക്ക് ശിക്ഷയുണ്ടാകില്ല എന്ന പൊതുബോധമാണ് ഇത്രവലിയ അക്രമത്തിലേക്ക് നയിച്ചതെന്ന് അന്ന് തന്നെ ആരോപണങ്ങള്‍ ശക്തമായിരുന്നു. ഈയൊരു പൊതുബോധത്തിന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി ഉത്തരവാദിയായിരുന്നെന്ന് ബ്രിട്ടീഷ് അന്വേഷണ സംഘം പറഞ്ഞതായി ഡോക്യുമെന്ററിയിലുണ്ട്. സംഘത്തിന്റെ റിപ്പോര്‍ട്ട് യു കെ സര്‍ക്കാറിന് സമര്‍പ്പിച്ചെങ്കിലും ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. അയോധ്യയില്‍ നിന്ന് മടങ്ങിയ കര്‍സേവകര്‍ യാത്രക്കാരായിരുന്ന ട്രെയിന്‍ ബോഗി ഗോധ്ര സ്‌റ്റേഷനില്‍ വെച്ച് തീപിടിക്കുകയും നിരവധി പേര്‍ പേര്‍ മരിക്കുകയും ചെയ്തു. മുസ്ലിംകളാണ് ഇത് ചെയ്തത് എന്ന് ആരോപിച്ചാണ് 2002 ഫെബ്രുവരി അവസാനവും മാര്‍ച്ച് ആദ്യവുമായി ഗുജറാത്തില്‍ വംശഹത്യ അരങ്ങേറിയത്. 790 മുസ്ലിംകളും 254 ഹിന്ദുക്കളും കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്.
മുസ്ലിംകളെ ലക്ഷ്യംവെച്ചുള്ള അക്രമം അവസാനിപ്പിക്കാനുള്ള ഗുജറാത്ത് പോലീസിന്റെ ശ്രമത്തെ മുഖ്യമന്ത്രിയായിരുന്ന മോദി തടഞ്ഞെന്ന് ബ്രിട്ടീഷ് അന്വേഷണ സംഘം പറഞ്ഞതായി ഡോക്യുമെന്ററിയിലുണ്ട്. ഈ ആരോപണങ്ങള്‍ മോദി നേരത്തേ തള്ളിക്കളഞ്ഞിരുന്നു. ആര്‍ എസ് എസിന്റെ പരിവാര്‍സംഘടനയായ വിശ്വഹിന്ദു പരിഷത് (വി എച്ച് പി) ആണ് അക്രമങ്ങള്‍ ആസൂത്രണം ചെയ്തതെന്ന് ഡോക്യുമെന്ററിയിലുണ്ട്. മുന്‍ മുതിര്‍ന്ന നയതന്ത്ര പ്രതിനിധിയെ അടക്കം ഡോക്യുമെന്ററി ഉദ്ധരിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സൃഷ്ടിച്ച ശിക്ഷിക്കപ്പെടില്ലെന്ന പൊതുബോധം ഇല്ലാതെ വി എച്ച് പിക്കും കൂട്ടാളികള്‍ക്കും ഇത്ര ഭീകരമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യമല്ല. 2002 ഫെബ്രുവരി 27ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ മോദി കണ്ടുവെന്നും ഇടപെടരുതെന്ന് ഉത്തരവിട്ടെന്നും വിശ്വസനീയ വൃത്തങ്ങള്‍ തങ്ങളോട് പറഞ്ഞെന്ന് ബ്രിട്ടീഷ് സംഘം പറയുന്നു.
ലക്ഷ്യമിട്ടത് വംശശുദ്ധീകരണം
റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ ഭീകരമായിരുന്നു ഗുജറാത്ത് വംശഹത്യയെന്ന് പറഞ്ഞാണ് ബ്രിട്ടീഷ് സംഘം വിവരണം അവസാനിപ്പിക്കുന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള അക്രമം, ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളില്‍ നിന്ന് മുസ്ലിംകളെ ഒഴിവാക്കാനായിരുന്നു. വംശീയ ശുദ്ധീകരണത്തിനുള്ള സംഘടിത പ്രചാരണമാണ് അക്രമത്തെ സംബന്ധിച്ചുണ്ടായിരുന്നത്. ഇതിന്റെ ഭാഗമായാണ് മുസ്ലിം സ്ത്രീകളെ വ്യാപകതോതിലും സംഘടിതമായും ബലാത്സംഗം ചെയ്തത്. പോലീസിനെ പിന്‍വലിച്ച് ഹിന്ദുത്വ അക്രമികളെ പ്രോത്സാഹിപ്പിക്കുന്നതില്‍ മോദി സജീവ പങ്ക് വഹിച്ചതായി അന്നത്തെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജാക് സ്‌ട്രോ പറഞ്ഞതായി ഡോക്യുമെന്ററിയിലുണ്ട്.
ഗുജറാത്ത് വംശഹത്യയുടെ പശ്ചാത്തലത്തില്‍ യു കെ സര്‍ക്കാര്‍ മോദിക്ക് നയതന്ത്ര ബഹിഷ്‌കരണം ഏര്‍പ്പെടുത്തിയിരുന്നു. 2012 ഒക്ടോബറിലാണ് ഇത് പിന്‍വലിച്ചത്. ഇതേ കാരണത്താല്‍ 2004 മുതല്‍ 2014 വരെ മോദിക്ക് അമേരിക്ക വിസ നല്‍കിയതുമില്ല. ശരിയായ കാര്യം ചെയ്യാന്‍ മുഴുവന്‍ ശക്തിയും തന്റെ സര്‍ക്കാര്‍ വിനിയോഗിച്ചെന്ന് 2013ല്‍ റോയിട്ടേഴ്‌സിനോട് മോദി പറഞ്ഞിരുന്നു. ഈ അഭിമുഖത്തിലെ നായ്ക്കുട്ടി പ്രയോഗം ഏറെ വിമര്‍ശങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തു. കാറിന്റെ ചക്രങ്ങള്‍ക്കിടയില്‍ ഒരു നായ്ക്കുട്ടി പെട്ടാല്‍ പിന്‍സീറ്റിലിരിക്കുന്നയാള്‍ക്ക് വേദനിക്കില്ലേ എന്നായിരുന്നു മോദി പറഞ്ഞത്. മുഖ്യമന്ത്രി ആയാലും അല്ലെങ്കിലും താനൊരു മനുഷ്യനാണെന്നും മോശം കാര്യം എവിടെ സംഭവിച്ചാലും ദുഃഖമുണ്ടാകുക സ്വാഭാവികമാണെന്നും മോദി പറഞ്ഞിരുന്നു.
അതേസമയം, ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് മോദിയെ വിചാരണ ചെയ്യാന്‍ പറ്റിയ തെളിവൊന്നുമില്ലെന്ന് സുപ്രീം കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) 2012 ഫെബ്രുവരിയില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിലുണ്ട്. ഈ റിപ്പോര്‍ട്ട് 2013ല്‍ മജിസ്‌ട്രേറ്റ് സ്വീകരിക്കുകയും ചെയ്തു. റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് സാകിയ ജഫ്രി സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി കഴിഞ്ഞ ജൂണ്‍ 24ന് തള്ളിക്കളഞ്ഞിരുന്നു. വംശഹത്യയില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം പി ഇഹ്‌സാന്‍ ജഫ്രിയുടെ വിധവയാണ് സാകിയ.