Connect with us

gujrat genocide 2002

ഗുജറാത്ത് വംശഹത്യ: എന്തുകൊണ്ടായിരിക്കും പ്രതികള്‍ ഓരോന്നായി കുറ്റവിമുക്തരാകുന്നത്?

വംശഹത്യാ കാലത്ത് രണ്ടായിരത്തോളം മുസ്ലിംകള്‍ ആത്മഹത്യ ചെയ്യുകയായിരുന്നോ? ബില്‍കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്തതും അവരുടെ കുടുംബത്തിനെ കൊന്നതും അന്യഗ്രഹ ജീവികളാണോ?

Published

|

Last Updated

രേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന 2002ല്‍ ഗുജറാത്തില്‍ അരങ്ങേറിയ മുസ്ലിം വംശഹത്യയുമായി ബന്ധപ്പെട്ട ഓരോ കേസുകളിലും പ്രതികളെ ഓരോന്നായി കുറ്റവിമുക്തരാക്കുന്നത് തുടരുകയാണ്. മോദി പ്രധാനമന്ത്രിയായതിന് ശേഷമാണ് പ്രതികളെ കോടതി കുറ്റവിമുക്തരാക്കുന്നത് വര്‍ധിച്ചത്. വംശഹത്യാ കാലത്തെ നരോദ ഗാം കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ബി ജെ പി നേതാവും മുന്‍ മന്ത്രിയുമായ മായാ കോട്‌നാനി, ബജ്‌റംഗ്ദള്‍ നേതാവ് ബാബു ബജ്‌റംഗി അടക്കം 66 പേരെയാണ് ഏറ്റവും ഒടുവില്‍ കോടതി വെറുതെവിട്ടത്. നരോദ ഗാമില്‍ 11 മുസ്ലിംകളെയായിരുന്നു കൂട്ടക്കുരുതി ചെയ്തത്.

നരോദപാട്യ, ഗുൽബർഗ സൊസൈറ്റി, സർദാർപുര…
കുറ്റവാളികളില്ലാത്ത കൂട്ടക്കൊലകൾ

97 മുസ്ലിംകളെ കൂട്ടക്കൊല ചെയ്ത നാരോദ പാട്യ കേസിലും മായ കോട്‌നാനി പ്രതിയായിരുന്നു. 2012ല്‍ ഇവരെ 28 വര്‍ഷത്തെ ജയില്‍ശിക്ഷക്ക് വിധിച്ചതുമാണ്. എന്നാല്‍, 2018ല്‍ ഗുജറാത്ത് ഹൈക്കോടതി മായയെ വെറുതെവിട്ടു. ഈ കേസില്‍ ബജ്‌റംഗിയുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചെങ്കിലും, മരണം വരെ ജീവപര്യന്തത്തില്‍ നിന്ന് 21 വര്‍ഷമായി വെട്ടിക്കുറച്ചു. വംശഹത്യാ സമയത്ത് പ്രാന്തിജ് നഗരത്തില്‍ മൂന്ന് ബ്രിട്ടീഷ് മുസ്ലിംകളെയും അവരുടെ ഡ്രൈവറെയും കഴുത്തറുത്ത് കൊന്ന കേസില്‍ ആറ് പേരെ 2015ല്‍ സബര്‍കാന്ത കോടതി വെറുതെവിട്ടിരുന്നു. കോണ്‍ഗ്രസ് മുന്‍ എം പി ഇഹ്‌സാന്‍ ജാഫ്രി അടക്കം 69 മുസ്ലിംകളെ ചുട്ടുകരിച്ച ഗുല്‍ബര്‍ഗ സൊസൈറ്റി കേസില്‍ 2016 ജൂണില്‍ അഹമ്മദാബാദ് കോടതി 36 പേരെയാണ് വെറുതെവിട്ടത്. മെഹ്‌സാനയില്‍ 33 മുസ്ലിംകളെ കൊന്ന സര്‍ദാര്‍പുര കേസില്‍ പ്രതികളായ 31 പേരില്‍ 14 ആളുകളെ 2016 ഒക്ടോബറില്‍ ഹൈക്കോടതി കുറ്റവിമുക്തമാക്കി. ഇതേ കേസില്‍ 31 പേരെ പ്രത്യേക കോടതി വെറുതെവിട്ടതിനെതിരെ സുപ്രീം കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘവം ഇരകളുടെ കുടുംബവും സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളുകയായിരുന്നു. 2017ല്‍ കലോള്‍ താലൂക്കിലെ പലിയാഡ് ഗ്രാമത്തില്‍ മുസ്ലിംകളുടെ വസ്തുവകകള്‍ നശിപ്പിച്ചതിനും കലാപം നടത്തിയതിനും പ്രതികളായ 28 പേരെയും ഗാന്ധിനഗര്‍ കോടതി കുറ്റവിമുക്തരാക്കി. തെളിവില്ല എന്നായിരുന്നു കോടതി ഉത്തരവ്. ആനന്ദിലെ ഓഡെ കൂട്ടക്കൊലയില്‍ പ്രതികളായ മൂന്ന് പേരെ 2018 മെയ് മാസം ഹൈക്കോടതി കുറ്റവിമുക്തരാക്കി. ഈ കേസില്‍ മറ്റ് 23 പേരെ കുറ്റവിമുക്തരാക്കിയ വിചാരണ കോടതിയുടെ വിധി ശരിവെക്കുകയും ചെയ്തു. 19 പേരുടെ ശിക്ഷ ശരിവെച്ചിരുന്നു.

രണ്ട് കുട്ടികളടക്കം 17 മുസ്ലിംകളെ കൊന്ന കേസില്‍ 22 പേരെ പാഞ്ച്മഹല്‍ കോടതി വെറുതെവിട്ടത് കഴിഞ്ഞ ജനുവരിയിലായിരുന്നു. ഗാന്ധിനഗറിലെ കലോളില്‍ കൂട്ടബലാത്സംഗം, കൊലപാതകം കേസുകളില്‍ പ്രതികളായ 27 പേരെ ഏപ്രില്‍ രണ്ടിനാണ് കോടതി വെറുതെവിട്ടത്. തെളിവ് ഹാജാരക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നായിരുന്നു കോടതി നിരീക്ഷിച്ചത്.

രണ്ടായിരം മുസ്ലിംകള്‍ ആത്മഹത്യ ചെയ്യുകയായിരുന്നോ?

ഉപ്ശാല യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ അശോക് സ്വെയിനിന്റെ ചോദ്യമാണിത്. വംശഹത്യയുമായി ബന്ധപ്പെട്ട ഓരോ കേസിലും പ്രതികളെ കുറ്റവിമുക്തരാക്കുന്നതിനര്‍ഥം, മുസ്ലിംകളെ ആരും കൊന്നില്ലെന്നാണോ?. വംശഹത്യാ കാലത്ത് രണ്ടായിരത്തോളം മുസ്ലിംകള്‍ ആത്മഹത്യ ചെയ്യുകയായിരുന്നോ? ബില്‍കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്തതും അവരുടെ കുടുംബത്തിനെ കൊന്നതും അന്യഗ്രഹ ജീവികളാണോ? തന്റെ വീടിന് തീവെച്ച് ഇഹ്‌സാന്‍ ജാഫ്രി അതില്‍ ചാടി ചാകുകയായിരുന്നോ? അശോക് സ്വെയനിന്റെ ചാട്ടുളി ചോദ്യങ്ങള്‍ തുടരുന്നു.

മുസ്ലിംകളുടെ മാത്രം മരണമല്ല ഇതെന്നും രാജ്യത്തെ നിയമവാഴ്ചയുടെയും ഭരണഘടനയുടെയും മരണമാണെന്നും പറയുന്നു എന്‍ സി പി നേതാവ് ശരത് പവാര്‍. അധികാരത്തിലുള്ളവരാണ് ഇതെല്ലാം ചെയ്തത്. കലാപത്തിന് പിന്നില്‍ ഭരണകക്ഷിയായിരുന്നെന്നും അദ്ദേഹം പറയുന്നു. ബി ജെ പി സര്‍ക്കാറിന്റെ ഗൂഢനീക്കം അനുസരിച്ച് പ്രോസിക്യൂഷന്‍ തോറ്റ് കൊടുത്തതാണെന്ന് ചൂണ്ടിക്കാണിക്കുന്നു കോണ്‍ഗ്രസ്. പോലീസും കോടതിയും സര്‍ക്കാറും ഒന്നിക്കാതെ ഇത്തരം കൂട്ട കുറ്റവിമുക്തി സാധ്യമല്ലെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. കൂട്ടക്കൊലകളില്‍ യാതൊരു ഉത്തരവാദിത്വവുമില്ലെന്ന ട്രാക്ക് റെക്കോര്‍ഡോടെ ഇന്ത്യക്കെങ്ങനെ ആഗോള സമൂഹത്തെ അഭിസംബോധന ചെയ്യാനാകുമെന്നും ചോദ്യമുയരുന്നു. കാര്യങ്ങള്‍ രാഷ്ട്രീയമായി മാത്രം കൈകാര്യം ചെയ്യുന്ന പശ്ചാത്തലത്തില്‍ ഇത്തരം കുറ്റവിമുക്തി പ്രതീക്ഷിച്ചതാണെന്നും അഭിപ്രായമുയരുന്നു. ലക്ഷ്യം രാഷ്ട്രീയമാണെങ്കില്‍, അതിന് പിന്നിലെ രാഷ്ട്രീയക്കാര്‍ അധികാരത്തിലുണ്ടെങ്കില്‍, വിട്ടഭാഗം പൂരിപ്പിക്കാത്ത നിരവധി സംഭവങ്ങളുണ്ടാകും. പല കേസുകളിലും ജഡ്ജിമാരുടെ രാഷ്ട്രീയ ചായ്‌വ് ചോദ്യം ചെയ്യേണ്ടതുണ്ട്.