National
കോഴി മൃഗം തന്നെയെന്ന് ഗുജറാത്ത് സര്‍ക്കാര്‍
ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് ആക്ട് പ്രകാരം കോഴിയെ മൃഗമായാണ് കണക്കാക്കുന്നതെന്ന് ഗുജറാത്ത് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു

അഹമ്മദാബാദ്| കോഴി പക്ഷിയാണോ മൃഗമാണോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കി ഗുജറാത്ത് സര്‍ക്കാര്‍. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് ആക്ട് പ്രകാരം കോഴിയെ മൃഗമായാണ് കണക്കാക്കുന്നതെന്ന് ഗുജറാത്ത് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ജസ്റ്റിസ് എന്‍വി അന്‍ജാരിയ, ജസ്റ്റിസ് നിരള്‍ മേത്ത എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്.
കോഴിയെ കടകളില്‍ അറുക്കുന്നതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് അനിമല്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍, അഹിംസ മഹാസംഘ് എന്നീ സംഘടനകള്‍ സര്‍ക്കാരിന്റെ വിശദീകരണം ആവിശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചിരുന്നത്. കോഴികളെ കശാപ്പുശാലകളില്‍ വച്ച് മാത്രമേ അറുക്കാന്‍ അനുവദിക്കാവൂ എന്നാണ് ഇവരുടെ ആവശ്യം.
കഴിഞ്ഞ ദിവസങ്ങളില്‍ നിയമലംഘനം ആരോപിച്ച് തദ്ദേശസ്ഥാപനങ്ങള്‍ ഇറച്ചിക്കടകളില്‍ പരിശോധന നടത്തി അടച്ചുപൂട്ടിച്ചിരുന്നു. ഇതിനെതിരെ കോഴിവില്‍പ്പനക്കാരുടെ സംഘടനയും കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് കോഴി പക്ഷിയാണോ മൃഗമാണോ എന്ന ചോദ്യം കോടതി ഉന്നയിച്ചത്. കോഴികള്‍ മൃഗപരിപാലന നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് സര്‍ക്കാര്‍ പ്ലീഡര്‍ മനീഷ ലവ്കുമാറാണ് കോടതിയെ അറിയിച്ചത്.