National
സമരം ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ കൂട്ടനടപടിയെടുത്ത് ഗുജറാത്ത് സര്‍ക്കാര്‍; 2000 പേരെ പിരിച്ചുവിട്ടു
1,000ത്തിലധികം ജീവനക്കാര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് സംസ്ഥാന ആരോഗ്യ വകുപ്പ് ഉത്തരവിട്ടിട്ടുമുണ്ട്.

ഗാന്ധിനഗര്‍|ശമ്പള വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ കൂട്ടനടപടിയെടുത്ത് ഗുജറാത്ത് സര്‍ക്കാര്‍. ജില്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലെയും 2000 ആരോഗ്യപ്രവര്‍ത്തകരെ പിരിച്ചുവിട്ടു. എട്ട് ജില്ലകളില്‍ നിന്നുള്ള മള്‍ട്ടിപര്‍പ്പസ് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, വര്‍ക്കര്‍, വനിതാ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വര്‍ക്കര്‍ എന്നീ തസ്തികയിലുള്ളവരെയാണ് പിരിച്ചുവിട്ടത്. കൂടാതെ 1,000ത്തിലധികം ജീവനക്കാര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് സംസ്ഥാന ആരോഗ്യ വകുപ്പ് ഉത്തരവിട്ടിട്ടുമുണ്ട്. അന്വേഷണ ശേഷം ഇവര്‍ക്കെതിരെയും സമാനമായ നടപടിയുണ്ടാകുമെന്നാണ് സൂചന.
സമരം ചെയ്യുന്ന 5000ത്തിലധികം ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിട്ടുണ്ട്. മള്‍ട്ടിപര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍, വനിതാ ഹെല്‍ത്ത് വര്‍ക്കര്‍ കേഡര്‍ എന്നിവരുടെ നിലവിലെ 1900 ഗ്രേഡ് പേ 2800 ഗ്രേഡ് പേ ആയും മള്‍ട്ടിപര്‍പ്പസ് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, വനിതാ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, ജില്ലാതല സൂപ്പര്‍വൈസര്‍ എന്നിവരുടെ നിലവിലെ 2400 ഗ്രേഡ് പേ 4200 ഗ്രേഡ് പേ ആയും ഉയര്‍ത്തണമെന്നാവശ്യപെട്ടാണ് സമരം.
സമരം ആരംഭിച്ചിട്ട് 11 ദിവസമായിട്ടും സര്‍ക്കാര്‍ ഇതുവരെ ആരോഗ്യപ്രവര്‍ത്തകരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടില്ല. ചര്‍ച്ചയില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് ഗുജറാത്ത് ആരോഗ്യ പ്രവര്‍ത്തക യൂണിയന്‍ മുന്നറിയിപ്പ് നല്‍കി.