National
രാഹുൽ ഗാന്ധിയുടെ ശിക്ഷാ വിധിയിൽ ഇടക്കാല സ്റ്റേക്ക് വിസമ്മതിച്ച് ഗുജറാത്ത് ഹൈക്കോടതി
രാഹുലിന്റെ ഹരജിയിൽ വേനൽക്കാല അവധിക്ക് ശേഷം അന്തിമ വിധി പറയുമെന്ന് കോടതി
സൂറത്ത് | മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് എതിരായ സൂറത്ത് കോടതിയുടെ ശിക്ഷാവധിയിൽ ഇടക്കാല സ്റ്റേക്ക് വിസമ്മതിച്ച് ഗുജറാത്ത് ഹൈക്കോടതി. രാഹുലിന്റെ ഹരജിയിൽ വേനൽക്കാല അവധിക്ക് ശേഷം അന്തിമ വിധി പറയുമെന്ന് കോടതി വ്യക്തമാക്കി. വേനലവധിക്കായി മെയ് അഞ്ചിന് അടയ്ക്കുന്ന കോടതി ജൂൺ അഞ്ചിനാണ് വീണ്ടും തുറക്കുക. ഇതോടെ രാഹുൽ ഗാന്ധിയുടെ പാർലിമെന്റ് അയോഗ്യത ഉടൻ നീങ്ങില്ലെന്ന് ഉറപ്പായി.
മാനനഷ്ടക്കേസിലെ ശിക്ഷാ വിധി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച സൂറത്ത് കോടതി നടപടിക്ക് എതിരെയാണ് രാഹുൽ ഗാന്ധി ഗുജറത്ത് ഹൈക്കോടതിയെ സമീപിച്ചത്.
‘എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം എങ്ങനെയാണ് മോദി വന്നത്’ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. 2019 ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കര്‍ണാടകയിലെ കോലാറില്‍ നടന്ന റാലിയിലായിരുന്നു രാഹുലിന്റെ ഈ വാക്കുകള്‍. ഇതിനെതിരായി ബിജെപി നേതാവ് നൽകിയ പരാതിയിൽ മാർച്ച് 23നാണ് സൂറത്ത് കോടതി രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവുശിക്ഷ വിധിച്ചത്. ഇതിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കുകയും ചെയ്തു.
ഇതിനെ ചോദ്യം ചെയ്ത് ഏപ്രിൽ മൂന്നിന് രാഹുൽ സെഷൻസ് കോടതിയിൽ ഹർജി നൽകി. ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഈ ഹരജി ഏപ്രിൽ 20ന് കോടതി തള്ളി. ഇതിനെതിരെയാണ് രാഹുൽ ഹൈക്കോടതിയിൽ ഹർജി നൽകിയത്.