Ongoing News
ആവേശപ്പോരില്‍ ഗുജറാത്ത്; ജയം അഞ്ച് വിക്കറ്റിന്
ലക്നൗ | ഐ പി എലിലെ ആവേശകരമായ പോരാട്ടത്തില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. 159 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്ത് രണ്ട് പന്തുകള്‍ ബാക്കിനില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടുകയായിരുന്നു. തങ്ങളുടെ ആദ്യ ഐ പി എല്‍ മത്സരത്തിലാണ് ഗുജറാത്ത് ടൈറ്റന്‍സ് ജയമാഘോഷിച്ചത്. പുറത്താവാതെ 40 റണ്‍സെടുത്ത രാഹുല്‍ തെവാട്ടിയ ആണ് ഗുജറാത്തിന്റെ ടോപ്പ് സ്കോറര്‍. ഹാര്‍ദിക് പാണ്ഡ്യ (33), മാത്യു വെയ്ഡ് (30), ഡെവിഡ് മില്ലര്‍ (30) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു.
സൂപ്പര്‍ ജയന്റ്സിനെ 158ല്‍ ഒതുക്കാനായെങ്കിലും പതറിയ തുടക്കമായിരുന്നു ഗുജറാത്തിനും ലഭിച്ചത്. ആദ്യ ഓവറില്‍ തന്നെ റണ്ണെടുക്കും മുമ്പ് ശുഭ്മന്‍ ഗിലിനെ പുറത്താക്കി ദുഷ്മന്ത ചമീര ഗുജറാത്തിനെ ഞെട്ടിച്ചു. ചമീരയുടെ പന്തില്‍ ഗില്‍, ദീപക് ഹൂഡയുടെ കൈകളിലെത്തുകയായിരുന്നു. നാല് റണ്‍സെടുത്തു നില്‍ക്കേ വിജയ് ശങ്കറിന്റെ കുറ്റി തെറിപ്പിച്ചുകൊണ്ട് ചമീര ഗുജറാത്തിനെ വീണ്ടും പ്രതിരോധത്തിലാക്കി. മൂന്നാം വിക്കറ്റില്‍ മാത്യു വെയ്ഡും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന കൂട്ടുകെട്ടാണ് ഗുജറാത്തിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 28 പന്തില്‍ 33 റണ്‍സെടുത്ത ഹാര്‍ദിക് കൃണാല്‍ പാണ്ഡ്യയുടെ പന്തില്‍ മനീഷ് പാണ്ഡെ പിടികൂടിയാണ് പുറത്തായത്. വെയ്ഡുമൊത്ത് 57 റണ്‍സാണ് ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തത്. 30 റണ്‍സെടുത്ത വെയ്ഡിനെ ഹൂഡ ബൗള്‍ഡാക്കി.
തുടര്‍ന്ന് ബാറ്റിംഗ് മന്ദഗതിയിലായി. ദീപക് ഹൂഡ എറിഞ്ഞ 16-ാം ഓവറില്‍ നേടാനായ 22 റണ്‍സാണ് ഗുജറാത്തിനെ കളിയിലേക്കു തിരിച്ചെത്തിച്ചത്. 21 പന്തില്‍ 30 റണ്‍സെടുത്ത മില്ലറെ ആവേശ് ഖാന് ലോകേഷ് രാഹുലിന്റെ കൈകളില്‍ എത്തിച്ചു. തെവാട്ടിയയുമായി ചേര്‍ന്ന് 60 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തിയ ശേഷമാണ് മില്ലര്‍ പുറത്തായത്. പിന്നീട് അഭിനവ് മനോഹറുമായി ചേര്‍ന്ന് തെവാട്ടിയ ഗുജറാത്തിനെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. മനോഹര്‍ 15 റണ്‍സ് നേടി പുറത്താകാതെ നിന്നു.