Gujarat Genocide
സഞ്ജീവ് ഭട്ടിനെ വിടാതെ ഗുജറാത്ത് പോലീസ്: ജയിലിലെത്തി വീണ്ടും അറസ്റ്റ് ചെയ്തു
ടീസ്തയേയും ആര്‍ ബി ശ്രീകുമാറിനേയും അറസ്റ്റ് ചെയ്ത അതേ കേസിലാണ് ഭട്ടിന്റെ പുതിയ അറസ്റ്റ്

അഹമ്മദാബാദ്| രണ്ടര പതിറ്റാണ്ടിന് മുമ്പുള്ള ഒരു മയക്ക് മരുന്ന് കേസില്‍ ഗുജറാത്ത് സര്‍ക്കാര്‍ ജയിലിലടച്ച മുന്‍ ഐ പി എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ ജയിലിലെത്തി വീണ്ടും അറസ്റ്റ് ചെയ്തു. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് വ്യാജ തെളിവുണ്ടാക്കിയെന്ന് ആരോപിച്ചാണ് അറസ്റ്റ്. ഇതേ കേസില്‍ മനുഷ്യാവകശ പ്രവര്‍ത്തകരായ ടീസ്റ്റ സെത്തല്‍വാദും മുന്‍ ഡി ജി ബി ആര്‍ ബി ശ്രീകുമറും ജയിലിലാണ്. ഇവര്‍ക്കൊപ്പം പ്രതിപ്പട്ടികയില്‍ മൂന്നാമനായി ഉള്‍പ്പെടുത്തിയാണ് അറസ്റ്റ്.
ട്രാന്‍സ്ഫര്‍ വാറന്റുമായി എത്തിയ ഗുജറാത്ത് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് ലഭിച്ചതിന് പിന്നാലെയാണ് ആര്‍ ബി ശ്രീകുമാറും ടീസ്റ്റ സെത്തല്‍വാദും അറസ്റ്റ് ചെയ്യപ്പെട്ടത്. വഞ്ചനാക്കുറ്റം, വ്യാജ തെളിവ് ഉണ്ടാക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങി വകുപ്പുകള്‍ ചേര്‍ത്തായിരുന്നു അറസ്റ്റ്. ഇതേ കേസില്‍ തന്നെ ഇപ്പോള്‍ സഞ്ജീവ് ഭട്ടിനേയും പെടുത്തിയിരിക്കുകായണ്.
2002ലെ ഗുജറാത്ത് വംശഹത്യയില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്ക് എസ് ഐ ടി ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. മോദിയടക്കം 64 പേരുടെ ക്ലീന്‍ ചിറ്റ് സുപ്രീംകോടതി ശരിവെക്കുകയും ചെയ്തിരുന്നു. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആണ് ക്ലീന്‍ ചിറ്റ് ശരിവെച്ചുകൊണ്ട് വിധി പറഞ്ഞത്. തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നല്‍കിയ അഭിമുഖത്തില്‍ ടീസ്ത്തയടക്കമുള്ളവര്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ടീസ്ത്തയുടേയും ആര്‍ ബി ശ്രീകുമാറിന്റേയും അറസ്റ്റ്.
ഗുജറാത്ത് വംശഹത്യയില്‍ ഭരണകൂടത്തിന്റെ ഒത്താശ തുറന്നുകാട്ടുന്നതില്‍ മുന്നിലുള്ള ഉദ്യോഗസ്ഥരായിരുന്നു സഞ്ജീവ് ഭട്ടും, ആര്‍ ബി ശ്രീകുമാറും, ടീസ്റ്റ സെത്തല്‍വാദും. ഇവരെ പല തവണ ഭരണകൂടം വേട്ടയാടുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്. രാജസ്ഥാനിലെ അഭിഭാഷകനെ കള്ളക്കേസില്‍ കുടുക്കാന്‍ മയക്കുമരുന്ന് സ്ഥാപിച്ചുവെന്ന 27 വര്‍ഷം പഴക്കമുള്ള കേസിലാണ് സഞ്ജീവ് ഭട്ടിനെ നേരത്തെ ജയിലിലടച്ചത്.