Connect with us

National

ഗുജറാത്ത് കലാപത്തിലെ അതിജീവത സാകിയ ജാഫ്‌രി അന്തരിച്ചു

മോദിക്കെതിരെ ലോക ശ്രദ്ധയാകര്‍ഷിച്ച നിയമ പോരാട്ടത്തിന് സാകിയ നേതൃത്വം നല്‍കിയിരുന്നു

Published

|

Last Updated

അഹ്മദാബാദ് | 2002ലെ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ്സ് എം പി ഇഹ്സാന്‍ ജാഫ്‌രിയുടെ വിധവയും നിയമ പോരാളിയുമായ സാകിയ ജാഫ്‌രി (86) അന്തരിച്ചു. രാവിലെ 11.30ന് അഹമ്മദാബാദിലെ മകളുടെ വീട്ടിലായിരുന്നു അന്ത്യമെന്ന് മകന്‍ തന്‍വീര്‍ ജാഫ എക്‌സില്‍ അറിയിച്ചു.

ഗുജറാത്ത് മുസ്ലിം വംശഹത്യയിലെ അതിജീവതയാണ് സാകിയ ജാഫ്‌രി. 2002 ഫെബ്രുവരി 27ന് നടന്ന ഗോധ്ര ട്രെയിന്‍ കത്തിക്കലിനെത്തുടര്‍ന്നുണ്ടായ ഗുല്‍ബര്‍ഗ് കൂട്ടക്കൊലയെ അതിജീവിച്ചയാളാണ്. അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ അഴിച്ചുവിട്ട ഗുജറാത്ത് വംശഹത്യയിലാണ് ഹിന്ദുത്വ ആള്‍ക്കൂട്ട അക്രമണത്തിനിടെ കോണ്‍ഗ്രസ്സ് എം പിയും സ്വാതന്ത്ര്യ സമര സേനാനിയും യൂനിയനിസ്റ്റും സാഹിത്യകാരനുമായിരുന്ന ഇഹ്‌സാന്‍ ജാഫ്‌രി കൊല്ലപ്പെട്ടത്. തുടര്‍ന്ന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കെതിരെ ലോക ശ്രദ്ധയാകര്‍ഷിച്ച നിയമ പോരാട്ടത്തിന് സാകിയ നേതൃത്വം നല്‍കി.
2006 മുതല്‍ ഗുജറാത്ത് സര്‍ക്കാറിനെതിരെ ദീര്‍ഘകാലം നിയമപോരാട്ടം നടത്തിയ സാകിയ ജാഫ്‌രി കലാപത്തിലെ ഇരകളുടെ നീതിക്കായുള്ള പോരാട്ടത്തിന്റെ മുഖമായി മാറി.

മറ്റ് 68 പേര്‍ക്കൊപ്പം ജനക്കൂട്ടത്താല്‍ ചുട്ടുകൊല്ലപ്പെട്ട തന്റെ ഭര്‍ത്താവിന് സംരക്ഷണം നല്‍കുന്നതില്‍ മോദി പരാജയപ്പെട്ടുവെന്ന് സാകിയ ജാഫ്‌രി വാദിച്ചു. മോദിയും ബി ജെ പിയും മന്ത്രിതല സഹപ്രവര്‍ത്തകരും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരും കലാപത്തില്‍ ഗൂഢാലോചന നടത്തിയെന്നും അവര്‍ ആരോപിച്ചു.