പ്രവാസം
ഗൾഫ് ഗരിമയും ആ ജീവിതവും
എണ്ണ കണ്ടുപിടിച്ചതിന്റെ 100ാം വാർഷികം കൊണ്ടാടുകയാണ് പശ്ചിമേഷ്യ. ഒരു വർഷം നീളുന്ന ആഘോഷപരിപാടി. ഭൂമിയുടെ തൊലികീറി പുറത്തെടുത്ത ഒരു ഇന്ധനം പശ്ചിമേഷ്യയിലെ സാമൂഹിക- സാമ്പത്തിക രംഗത്തുണ്ടാക്കിയ ശാസ്ത്രീയവും ക്രിയാത്മകവുമായ മാറ്റങ്ങൾ, എണ്ണയുടെ ഒഴുക്ക് നിലയ്ക്കുന്നുവെന്ന നിരീക്ഷകരുടെ നിഗമനത്തിനു ശാസ്ത്രീയ പിൻബലമുണ്ടോ, എണ്ണ നിലച്ചാൽ അറബ് നാടുകളുടെ സ്ഥിതി എന്ത്, ഈ പ്രതിസന്ധി കേരളത്തെ ബാധിക്കുമോ തുടങ്ങിയവയാണ് ശതാബ്ദിയോടനുബന്ധിച്ചുള്ള സെമിനാറിലെയും സിമ്പോസിയത്തിലെയും പ്രധാന ചർച്ചാ വിഷയം. എണ്ണ കണ്ടെത്തുന്നതിനു മുമ്പുള്ള ഗൾഫ് നാടുകളിലെ ദുരവസ്ഥയും എണ്ണയുടെ പിറവി സൃഷ്ടിച്ച ഐശ്വര്യവും അരനൂറ്റാണ്ട് കാലം നേരിട്ടനുഭവിച്ച ലേഖകന്റെ വിവരണം കൗതുകമുണർത്തുന്നു.
എന്റെ ബാല്യ- കൗമാര – യൗവനത്തിന്റെ കാലടികൾ പതിഞ്ഞതിലധികവും യു എ ഇയുടെ മണൽത്തരികളിലാണ്. മരുഭൂമിയുടെ മണവും മണൽക്കാറ്റിന്റെ രൂക്ഷതയും എന്റെ ജീവിതാനുഭവങ്ങളുടെ മരുപ്പറമ്പായി മാറി.
അമ്പത് വർഷങ്ങൾക്കു മുമ്പുള്ള ഗൾഫ് നാടുകൾക്ക് തരിശ് ഭൂമിയുടെ എല്ലാ ആലസ്യവും ഉണ്ടായിരുന്നു. വെള്ളത്തിന് ഇറാഖിലെ യൂഫ്രട്ടീസ്, ടൈഗ്രീസ് നദികളെ ആശ്രയിക്കണം. കരണ്ടുത്പാദനം ഭാഗികം മാത്രം. അറബികൾ പോലും താമസിച്ചിരുന്നത് മണ്ണു കൊണ്ടുള്ള ചെറിയ വീടുകളിൽ.
ദുബൈയിൽ കാലുകുത്തിയപ്പോൾ അവിടത്തെ മണൽത്തരികൾ പോലും എന്നോട് മുഖം തിരിഞ്ഞു നിൽക്കുന്നതായാണ് തോന്നിയത്. ശ്യാമസുന്ദരവും പ്രകൃതിരമണീയവുമായ കേരളത്തിലെ പച്ചപ്പും ചേതോഹാരിതയും വിട്ടെറിഞ്ഞു നീ എന്തിനിവിടെ വന്നു എന്ന ചോദ്യം കാതുകളിൽ വന്നലയ്ക്കുന്നുണ്ടായിരുന്നു.
ദുബൈയിലെ തകരീർ എന്ന മരുപ്പറമ്പിൽ തകരവും പലക്കഷ്ണങ്ങളും കൊണ്ടുണ്ടാക്കിയ ഇടുങ്ങിയ മുറിയിലെ ഒന്നരക്കട്ടിലിൽ ഞാനും മലപ്പുറത്തുകാരൻ അലിക്കയും കിടന്നു. ചൂടിന്റെ കാഠിന്യത്തിൽ വിയർത്തൊലിച്ച് അസ്വസ്ഥനാകുമ്പോൾ അലിക്ക പറയും: “ആ വിരിപ്പ് നനച്ച് തറയിൽ കിടന്നാൽ വിയർക്കില്ല.’ എന്നാൽ, നിലത്തെ ചൂടുകാരണം നനുത്ത വിരിപ്പ് നിമിഷങ്ങൾ കൊണ്ട് ഉണങ്ങി വീണ്ടും വിയർത്തൊലിക്കും.
മണ്ണെണ്ണയുടെ സ്റ്റൗവിലായിരുന്നു ഭക്ഷണം പാകം ചെയ്തിരുന്നത്. ഒരു നേരത്തുണ്ടാക്കിയതിന്റെ ബാക്കി രാത്രിയിലും കഴിക്കും. ഇറാനീഖുബ്ബൂസായിരുന്നു മിക്ക രാത്രികളിലും. അലിക്ക ബോംബെക്കാരൻ ബുഹാരിയുടെ റസ്റ്റോറന്റിലേക്ക് കൂട്ടിക്കൊണ്ടു പോകും. രണ്ട് ചപ്പാത്തിയും ദാൽ കറിയും വാങ്ങിത്തരും. അലിക്ക കഴിക്കില്ല. വിശപ്പില്ലെന്നു പറയും. അലിക്ക സ്വന്തം വയർ ചുരുക്കി രാപ്പട്ടിണി കിടക്കുന്നതിന്റെ പൊരുൾ പിന്നീടാണു മനസ്സിലായത്. രണ്ടു പേർക്കു കഴിക്കാൻ അദ്ദേഹത്തിന്റെ കൈയിൽ കാശുണ്ടാകാറില്ല.
എനിക്കൊരു ജോലി തരപ്പെടുത്താൻ അലിക്ക പലരെയും കണ്ടപേക്ഷിച്ചു. പലരുടെയും സമീപനം അരോചകമായിരുന്നു. “അയാൾക്ക് എക്‌സ്പീരിയൻസ് ഇല്ലല്ലോ.’ ആരും ജോലിക്കു നിർത്താതെ എങ്ങനെ എക്‌സ്പീരിയൻസ് ഉണ്ടാവുമെന്ന് മറുത്ത് ചോദിക്കാൻ ഞങ്ങൾക്കായില്ല. ആയിടക്കാണ് പയ്യന്നൂർ സ്വദേശി മഹമൂദിനെ പരിചയപ്പെടുന്നത്. അയാളും ജോലി തേടി നടക്കുകയായിരുന്നു. അയാളാണ് എന്റെ ഗൾഫ് ജീവിതത്തിലെ വഴികാട്ടി. മനസ്സിൽ ആത്മവിശ്വാസം പാകപ്പെടുത്താൻ സഹായിച്ച വ്യക്തി.
തെണ്ടി നടന്ന് ഒരു അറബിവീട്ടിൽ ജോലി കിട്ടി. അറബിയുടെ വീട് വൃത്തിയാക്കണം. ഒട്ടകങ്ങൾക്കും വീട്ടിലെ മാനുകൾക്കും ആടുകൾക്കും ഭക്ഷണം കൊടുക്കണം. ഒട്ടകങ്ങളുടെ മത്സരം നടക്കുന്നിടത്ത് അവയ്ക്കുള്ള ഭക്ഷണസാധനങ്ങളുമായി അവയ്‌ക്കൊപ്പം പോവണം. അറബിയുടെ കാരക്കത്തോട്ടത്തിൽ പോയി ജോലിക്കാരെ സഹായിക്കണം. രാവും പകലും കഠിനമായ ജോലി. അധികനാൾ ആ ജോലിയിൽ തുടരാനായില്ല. ഞാൻ വീണ്ടും ജോലി തേടിയിറങ്ങി.
എണ്ണയുടെ വരവോടെ ഗൾഫ് നാടുകൾ വളർന്നു. ബ്രിട്ടീഷ് കമ്പനികൾ അവരുടെ സൗകര്യത്തിനായി റോഡും വീടും പണിതു തുടങ്ങി. അറബികൾ ഒട്ടകയാത്രയിൽ നിന്നും ആടുമേയ്ക്കലിൽ നിന്നും മാറിത്തുടങ്ങി. “കാമൽ ടു കാട്‌ലക്ക്’ എന്ന മൊഴി അറബികൾക്കായി ഉരുത്തിരിഞ്ഞു. എണ്ണയുടെ വരുമാനം അറബികളുടെ ജീവിതശൈലി മാറ്റിമറിച്ചു. കൂരകൾക്കു പകരം കൊട്ടാരസദൃശവും അംബരചുംബികളുമായ കെട്ടിടങ്ങൾ മരുഭൂമിക്ക് അലങ്കാരമായി. മലയാളിയുടെയും അറബികളെ ആശ്രയിക്കുന്നവരുടെയും ജീവിതസാഹചര്യങ്ങളും മാറിത്തുടങ്ങി. ഭൂമിയുടെ തൊലികീറി പുറത്തു വന്ന ഒരു ദ്രാവകം ഭൗതികലോകത്തിന്റെ അവസ്ഥ മാറ്റിമറിക്കുന്നതു കണ്ട് ലോകം അത്ഭുതപ്പെട്ടു. എണ്ണയുടെ മാസ്മരശക്തി പാശ്ചാത്യ-പൗരസ്ത്യഭേദങ്ങളില്ലാതെ അവികസിതവും വികസ്വരവും സമ്പന്നവുമായ രാഷ്ട്രങ്ങളെയെല്ലാം ഗൾഫ് മേഖലയിലേക്കു കോർത്തു വലിച്ചു.
മധ്യപൗരസ്ത്യദേശം ആയുധക്കച്ചവടക്കാരുടെ പറുദീസയായി മാറി. സമ്പന്നതക്കും സമാധാനത്തിനും മീതെ യുദ്ധം കരിനിഴൽ വീഴ്ത്തി. അറബികളുടെ പൊതുസ്വത്തായ എണ്ണപ്പണത്തിൽ സ്വാധീനം ചെലുത്തുന്നതിനുള്ള മത്സരങ്ങളാണ് പശ്ചിമേഷ്യയിൽ ഈ നൂറ്റാണ്ടിലുണ്ടായ എല്ലാ യുദ്ധങ്ങളുടെയും അടിസ്ഥാനകാരണമെന്നു നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
എണ്ണക്ക് 100 പിന്നിടുമ്പോൾ…
എണ്ണ കണ്ടെത്തിയതിന്റെ 100ാം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീളുന്ന പരിപാടികളാണ് പശ്ചിമേഷ്യയിൽ നടന്നു കൊണ്ടിരിക്കുന്നത്. എണ്ണയെ കേന്ദ്രീകരിച്ചുള്ള ചർച്ചകളും സെമിനാറുകളും പൊതുസമ്മേളനങ്ങളും ഉണ്ടാവും.
എണ്ണയ്ക്കു തുല്യമായി മറ്റൊരു ഇന്ധനം കണ്ടെത്തിയാൽ അത് ഗൾഫ് രാജ്യങ്ങളെ എങ്ങനെ ബാധിക്കുമെന്നതാണ് സമ്മേളനത്തിലെ പ്രധാന ചർച്ച. പെട്രോളിന്റെ അത്ര ഗുണമുള്ളവയും വില കുറഞ്ഞതുമായ ഒരു ഇന്ധനം കണ്ടുപിടിക്കപ്പെട്ടാൽ തന്നെ പരമാവധി അരനൂറ്റാണ്ടു കാലത്തേക്ക് പെട്രോളിന്റെ സ്വാധീനശക്തി കുറയില്ലെന്നാണ് ഇതു സംബന്ധിച്ചു പഠനം നടത്തിയ പ്രമുഖ ശാസ്ത്രജ്ഞൻ ഡോ. ക്രിസ്‌റ്റോഫർ മാക്‌റത്തിന്റെ നേതൃത്വത്തിലുള്ള സംഘം അഭിപ്രായപ്പെടുന്നത്. പെട്രോളിനെ അടിസ്ഥാനമാക്കി സംവിധാനം ചെയ്ത വിമാനങ്ങൾ, വാഹനങ്ങൾ, പടക്കോപ്പുകൾ തുടങ്ങിയവ പുനഃസംവിധാനം ചെയ്തു മാർക്കറ്റിലിറക്കാൻ ചുരുങ്ങിയത് അരനൂറ്റാണ്ട് കാലമെങ്കിലും വേണ്ടിവരുമെന്നുള്ളതാണ് ഇതിനു കാരണമായി പറയുന്നത്.
ഈ വാദത്തെ ഖണ്ഡിക്കുന്ന മറ്റൊരു വിഭാഗമുണ്ട്. അവരുടെ അഭിപ്രായം ഇങ്ങനെ: വമ്പിച്ച എണ്ണനിക്ഷേപമുള്ള പല പാശ്ചാത്യരാജ്യങ്ങളും അതു പുറത്തെടുക്കാതെ സൂക്ഷിച്ചു വെച്ചിരിക്കുകയാണ്. പശ്ചിമേഷ്യയിലെ എണ്ണക്കിണറുകൾക്കു മാന്ദ്യം സംഭവിച്ചാൽ മാത്രമേ അവരതു സാവകാശം പുറത്തെടുത്തു തുടങ്ങുകയുള്ളൂ. അങ്ങനെ വരുമ്പോൾ പാശ്ചാത്യരാജ്യങ്ങളായിരിക്കും അറബ് ലോകത്തെ പിന്നീട് നിയന്ത്രിക്കുക. ഇങ്ങനെ എണ്ണ സൂക്ഷിച്ചു വെച്ച രാജ്യങ്ങളിൽ ഏറ്റവും മുഖ്യമായി അമേരിക്കയുടെ പേരാണ് ഇവർ പറയുന്നത്.
എണ്ണയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്ക പടർന്നതോടെയാണ് ഗൾഫ് നാടുകളെ വ്യവസായവത്കരിക്കണമെന്ന ചിന്ത അറബ് ഭരണാധികാരികളിൽ ഉയർന്നു വരുന്നത്. പെട്രോളിന്റെ ബൈപ്രൊഡക്ടുകൾ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വ്യവസായങ്ങൾ ആരംഭിക്കുന്നതിനെക്കുറിച്ചും സജീവചർച്ച ആരംഭിച്ചിരിക്കുകയാണ്.
എണ്ണയുടെ വരുമാനം കുറയുകയാണെങ്കിൽ ട്രാവൽ, ടൂറിസം മേഖലകൾ വിപുലപ്പെടുത്തി ഈ കുറവ് പരിഹരിക്കാൻ സാധിക്കുമെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു. പ്രമുഖ സാമ്പത്തിക നിരീക്ഷകൻ ഡോ. വില്യം കൗളിന്റെ അഭിപ്രായം കൂടി ഇവിടെ ചേർക്കുന്നു: “പുതിയ സംഭവവികാസങ്ങളും മാറിവരുന്ന ശാസ്ത്രീയ മാറ്റങ്ങളും ലോകത്ത് എണ്ണരാജ്യങ്ങൾക്കുള്ള യശസ്സും പ്രതാപവും നഷ്ടപ്പെടുത്തുമോ? എണ്ണ അത്രയൊന്നും പ്രധാനമല്ലാത്ത ഇന്ധനമായി മാറുമോ? ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ സമ്പന്നതയുടെ വലിയൊരു ഭാഗം കേന്ദ്രീകരിച്ചു കിടക്കുന്ന പശ്ചിമേഷ്യയുടെ സാമ്പത്തിക ഭാവി എന്ത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചു ഗൗരവപൂർവം ചിന്തിക്കുകയും അതിനുള്ള ശാസ്ത്രീയവും ക്രിയാത്മകവുമായ പരിഹാരമാർഗം കണ്ടെത്തുകയും ചെയ്യേണ്ട കാലമാണിപ്പോൾ.
പശ്ചിമേഷ്യയുടെ ഭാവിയെക്കുറിച്ചു ചിന്തിക്കുമ്പോൾ അവിടെ ജോലി തേടിപ്പോയ നമ്മുടെ യുവാക്കളുടെ സ്ഥിതി എന്ത് എന്ന് സ്വാഭാവികമായി ചിന്തിച്ചുപോകുന്നു. ഇതിനു മറുപടിയായി സാമ്പത്തിക വിദഗ്ധൻ ഡോ. ആർ കെ റോയിയുടെ ഒരു വാചകം ഇവിടെ ഉദ്ധരിക്കുന്നു: മലയാളിയെപ്പോലെ യാത്ര ചെയ്യുന്ന ഒരു വിഭാഗം ഭൂമുഖത്തില്ല. ബർമ, സിലോൺ, സിങ്കപ്പൂർ എന്നിവക്കു ശേഷം ഗൾഫ് നാടുകളിലേക്കു ചേക്കേറിയ മലയാളി ഗൾഫിന്റെ പ്രതാപം നഷ്ടപ്പെടുകയാണെങ്കിൽ തന്നെ മറ്റൊരു മേച്ചിൽപ്പുറം കണ്ടെത്തും. എണ്ണയും എണ്ണപ്പാടങ്ങളും ഉണ്ടാക്കുന്ന മാറ്റങ്ങൾ ചരിത്രത്തിൽ ആവർത്തിച്ചു കൊണ്ടിരിക്കും എന്നൊരു അഭിപ്രായം കൂടി അദ്ദേഹം കൂട്ടിച്ചേർക്കുന്നു.