Connect with us

Uae

ഗള്‍ഫ്-ഇന്ത്യ വിമാന യാത്ര; സലാം എയര്‍ പിന്മാറുന്നു, ഗള്‍ഫ് യാത്രാ പ്രതിസന്ധി വര്‍ധിക്കുന്നു

ഓപ്പണ്‍ സ്‌കൈ നയം വേണമെന്ന് ഫ്‌ളൈ ദുബൈ സി ഇ ഒ

Published

|

Last Updated

ദുബൈ | യു എ ഇയും ഇന്ത്യയും തമ്മില്‍ ഓപ്പണ്‍ സ്‌കൈ നയത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ഫ്‌ളൈ ദുബൈ സി ഇ ഒ ഗൈത്ത് അല്‍ ഗൈത്ത്. വിനോദസഞ്ചാരം വര്‍ധിപ്പിക്കാന്‍ ഇത്തരമൊരു ഉദാര സമീപനം ആവശ്യമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. രണ്ട് രാജ്യങ്ങളിലെയും ടൂറിസം വര്‍ധിപ്പിക്കുന്നതിനും മികച്ച നേട്ടങ്ങള്‍ നല്‍കുന്നതിനും ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യ ഒരു വലിയ വിപണിയാണ്. യു എ ഇയും ഇന്ത്യയും തമ്മില്‍ വ്യാപാര ഇടനാഴി ഉള്ളതിനാല്‍ വ്യോമയാന മേഖലയും ഉദാരവത്ക്കരിക്കണം. സാധ്യതകള്‍ അനന്തമായതിനാല്‍ വ്യോമയാന മേഖലയെ സ്വതന്ത്രമാക്കണമെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു.

വിദേശ വിമാനക്കമ്പനികള്‍ക്ക് രാജ്യത്തെ വിമാനത്താവളങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നത് സംബന്ധമായതാണ് ‘ഓപ്പണ്‍ സ്‌കൈ’ കരാര്‍. ഫ്‌ളൈറ്റ് ഫ്രീക്വന്‍സികള്‍, സീറ്റുകള്‍, എയര്‍ലൈനുകള്‍ക്ക് സര്‍വീസ് ചെയ്യാന്‍ കഴിയുന്ന നഗരങ്ങള്‍ എന്നിവയിലെ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നത് യാത്രാ എളുപ്പത്തിനും വിനോദസഞ്ചാരികളുടെ ഒഴുക്കിനും കാരണമാകും. 1,15,000 പേരെങ്കിലും ആഴ്ചയില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ യാത്ര ചെയ്യുന്നുവെന്നാണ് കണക്കാക്കുന്നത്.

നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ അത്തരമൊരു സമീപനം സ്വീകരിക്കാത്തത് ഗള്‍ഫ് മേഖലയിലെ പ്രവാസികളടക്കമുള്ള യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതിനിടെയാണ് പ്രമുഖ എയര്‍ലൈന്‍ അധികൃതരുടെ ഭാഗത്തു നിന്നും ഇത്തരമൊരു ആവശ്യം ഉയര്‍ന്നിരിക്കുന്നത്. നേരത്തെ എമിറേറ്റ്‌സ് അടക്കമുള്ള എയര്‍ലൈനുകളും ഈ ആവശ്യം മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍, രാജ്യത്തെ ചില വിമാന കമ്പനികള്‍ക്കു വേണ്ടി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുയോജ്യമായ തീരുമാനം എടുക്കുന്നില്ല.

സലാം എയറും പിന്‍വാങ്ങുന്നു
അതിനിടെ, കരിപ്പൂര്‍ അടക്കം ഇന്ത്യയിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും നിര്‍ത്തിവെച്ചുവെന്ന് ഒമാനിലെ സലാം എയര്‍ വ്യക്തമാക്കി. അടുത്ത മാസം ഒന്നുമുതലാണ് ഇന്ത്യയിലെ മുഴുവന്‍ സര്‍വീസുകളും റദ്ദാക്കുന്നതായി സലാം എയര്‍ വ്യക്തമാക്കിയത്. ബുക്കിംഗ് പണം തിരികെ നല്‍കുമെന്ന് എയര്‍ലൈന്‍ അറിയിപ്പില്‍ വ്യക്തമാക്കി. നിലവില്‍ കോഴിക്കോട്, തിരുവനന്തപുരം അടക്കം ഇന്ത്യയിലെ നാല് പ്രധാന നഗരങ്ങളിലേക്ക് ഒമാനില്‍ നിന്ന് സര്‍വീസുണ്ട്. ഫുജൈറയില്‍ നിന്ന് തിരുവനന്തപുരം കണക്ഷന്‍ വിമാനം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.

ദുബൈയില്‍ നിന്നും ഫുജൈറയില്‍ നിന്നും കോഴിക്കോട്ടേക്ക് ഒക്ടോബര്‍ ഒന്ന് മുതല്‍ ആഴ്ചയില്‍ എല്ലാ ദിവസവും മസ്‌കത്ത് വഴി വിമാന സര്‍വീസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇന്ത്യയിലേക്ക് വിമാനങ്ങള്‍ അനുവദിക്കുന്നതിനുള്ള പരിമിതി കാരണമാണ് സര്‍വീസ് റദ്ദാക്കുന്നത് എന്നാണ് ഇന്നലെ എയര്‍ലൈന്‍ അറിയിച്ചിരിക്കുന്നത്.

ഗള്‍ഫ് സെക്ടറിലെ യാത്രാ പ്രശ്‌നങ്ങള്‍ക്ക് പുതിയ മാനം കൈവരുന്ന നീക്കങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുഗുണമായ സമീപനം സ്വീകരിക്കണമെന്നാണ് പ്രവാസികള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്.

 

Latest