Connect with us

Uae

കുട്ടികളെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ ഗൾഫ് ജീവിതം 

ആന്തരികമായി, മിക്ക കുട്ടികളും പലതരം സംഘര്‍ഷങ്ങളുടെയും ഭ്രമാത്കമതയുടെയും പിടിയിലാണ്

Published

|

Last Updated

ഗൾഫിൽ  കുടുംബമായി കഴിയുന്നവരുടെ വലിയ ഉത്കണ്ഠ മക്കളുടെ വിദ്യാഭ്യാസമാണ് ,ഭാവിയാണ് .നാട്ടിലേതിനേക്കാൾ പതിന്മടങ്ങാണ് വിദ്യാഭ്യാസ ചെലവ് .സാമൂഹിക ബോധമുള്ള അന്തരീക്ഷവുമല്ല .ഒരു യന്ത്രം പോലെ കുട്ടികൾ  വിദ്യാലയത്തിൽ പോകുന്നു.പാഠ്യ പദ്ധതിയിൽ കെട്ടിമറിയുന്നു .സൈബർ ലോകത്തിന്റെ വിഴുപ്പുകൾ മനസിലേക്ക് ആവാഹിക്കുന്നു .പരീക്ഷയെഴുതുന്നു .അവനവനിലേക്ക് ചുരുണ്ടു കൂടുന്നു .നാളെ എന്തായിത്തീരുമെന്നു ആർക്കും പ്രവചിക്കാൻ പറ്റില്ല .ചുരുക്കം കുട്ടികൾ ഉന്നത പദവിയിലേക്ക് എത്തിപ്പെട്ടേക്കാം .അത്തരം കുട്ടികളിൽ പോലും പ്രായോഗികമതിത്വം കാണാൻ കഴിയുന്നില്ലെന്ന് വിദഗ്ധർ.ഇന്ത്യൻ സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ പോരായ്മകൾ  .
ഗൾഫിൽ വേനലവധിക്ക് ശേഷം വിദ്യാലയങ്ങൾ തുറക്കുന്ന നാളുകളാണ് .മറ്റൊരു അധ്യയന വർഷം ആരംഭിക്കുകയാണ് .വിദ്യാഭ്യാസ ചെലവിൽ കാര്യമായ വർധനവുണ്ട് .ഇടത്തരം കുടുംബങ്ങൾക്ക് താങ്ങാനാകുന്നില്ല വിലക്കയറ്റം .കുട്ടികളെ വിട്ടുനിൽക്കാൻ സാധിക്കാത്തതിനാൽ,നാട്ടിലേക്കയക്കാതെ , മിക്കവരും മുണ്ടുമുറുക്കിയുടുത്താണ് പഠിപ്പിക്കുന്നത് .പഠന സാമഗ്രികൾക്കു ചെലവ് 10 ശതമാനം കൂടിയെന്നാണ് കണക്ക് .ചില വിദ്യാലയങ്ങൾ ഫീസ് ഉയർത്തിയിട്ടുണ്ട് .അധികൃതരെ ഭയന്ന് പ്രത്യക്ഷത്തിലല്ലന്നേയുള്ളൂ.  വാടകയുടെ കാര്യം പറയുകയേ വേണ്ട .ദുബൈ പോലുള്ള നഗരങ്ങളിൽ താമസിക്കാൻ ഇടമില്ല .ഇന്ത്യയിൽ ,വിശേഷിച്ചു കേരളത്തിൽ വിദ്യാഭ്യാസ സൗകര്യം രാജ്യാന്തര നിലാവാരത്തിലെത്തിയത് ആളുകളെ പ്രലോഭിപ്പിക്കുന്നുണ്ടെങ്കിലും ജീവിതോപാധി എളുപ്പമല്ല .സുരക്ഷിതത്വം കുറവ് .അത് കൊണ്ട് ,നാട്ടിൽ നിന്ന് പണം വരുത്തിച്ചും ,വായപയെടുത്തും ജീവിതം തള്ളിനീക്കുന്നു .
ആന്തരികമായി, മിക്ക കുട്ടികളും പലതരം സംഘര്‍ഷങ്ങളുടെയും ഭ്രമാത്കമതയുടെയും പിടിയിലാണ്. മാതാപിതാക്കളുടെ ആഗ്രഹത്തിനൊത്ത് ഉയരാന്‍ കഴിയുമോയെന്ന ആശങ്കയാണ് ഒന്നാമത്. മക്കള്‍, ഡോക്ടറോ കലക്ടറോ ആകണമെന്ന് മാതാപിതാക്കള്‍ നേരത്തെ തീരുമാനിക്കും. കുട്ടികളുടെ അഭിരുചി പരിഗണിക്കുകയില്ല. ഇത് കണ്ടറിയാന്‍ കുടുംബനാഥന്, കുടുംബനാഥയ്ക്ക് സമയം കിട്ടാത്ത പ്രശ്‌നവുമുണ്ട്. രാവിലെ മുതല്‍ രാത്രിവരെ അഭ്യുന്നതിക്കുവേണ്ടിയുള്ള പരക്കം പാച്ചിലാണ്. കുറഞ്ഞ സമയം കൊണ്ട്, സാമ്പത്തിക ഭദ്രത നേടി നാട്ടില്‍ സ്ഥിരതാമസമാക്കണമെന്നാണ് ഏവരുടെയും ആഗ്രഹം. ഇതിനിടയില്‍, കുട്ടികള്‍ എന്താകുമെന്ന് സൂക്ഷ്മമായി നിരീക്ഷിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. സംഘര്‍ഷവും ആശങ്കയുമാണ് കുട്ടികളെ വഴിതെറ്റിക്കുന്നതെന്ന് മനഃ ശാസ്ത്ര വിദഗ്ധര്‍ . സാങ്കേതിക വിദ്യയുടെ കാലത്ത്, ലോകം ചെറുഗ്രാമമായി ചുരുങ്ങിയതും അതിന്റെ അലയൊലികള്‍ കുഞ്ഞുമനസുകളിലേക്ക് എളുപ്പം എത്തിപ്പെടുന്നതും മിക്കവരും മനസിലാക്കുന്നില്ല. മാരക ഓൺലൈൻ  ഗെയിമുകള്‍, ചില ടെലിവിഷന്‍ചാനല്‍ പരമ്പരകള്‍  കുട്ടികളെ ഒരേ സമയം ഉദ്വേഗത്തിന്റെയും വിഷാദത്തിന്റെയും ലോകത്തെത്തിക്കുന്നു.
ഗള്‍ഫിലെ മിക്ക നഗരങ്ങളും വ്യത്യസ്ത ദേശീയതകള്‍ ഇടകലര്‍ന്നു നില്‍ക്കുന്നവയാണ്. മാതൃകാപരമായ കാര്യങ്ങളെക്കാള്‍ നശീകരണ യുക്തമായവയാണ് പരസ്പരം പങ്കുവെയ്ക്കപ്പെടുന്നത്.  പോലീസ് ഇത്തരം അവസ്ഥകൾക്കെതിരെ  മുന്നറിയിപ്പ് നല്‍കി വരുന്നു  കുട്ടികള്‍ അസാധാരണ സ്വഭാവം കാണിക്കുന്നുണ്ടെങ്കില്‍ പോലീസിനെ അറിയിക്കണമെന്ന് വ്യക്തമാക്കുന്നു . ഏതാനും വര്‍ഷം മുമ്പ്, യു എ ഇയില്‍ കുട്ടികളില്‍ ചിലര്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയും കയറിൽ കെട്ടിത്തൂങ്ങിയും  ആത്മഹത്യചെയ്ത കേസുകള്‍ മുന്‍നിര്‍ത്തിയാണ് പോലീസ് ബോധവത്കരണം നടത്തുന്നത് .ഏതാനും മാസം മുമ്പ് ഷാർജയിൽ ഒരു കൊച്ചുകുട്ടി മരിച്ചു .ഏതാനും സഹപാഠികൾ കൂട്ടം ചേർന്ന് മർദിച്ചുവെന്നാണ് പരാതി . പാശ്ചാത്യ നാടുകളിൽ  നടക്കുന്നതെന്തും സ്വീകാര്യമാണെന്ന് കരുതുന്ന പൊതുബോധം നിലനില്‍ക്കുന്നതിനാല്‍, കുട്ടികളെക്കുറിച്ചുള്ള ആശങ്കകൾ അസ്ഥാനത്തല്ല  .മലയാളികളെ സംബന്ധിച്ചു  പണ്ട്, മഞ്ചാടിക്കുരു പെറുക്കി കൂട്ടി എണ്ണാന്‍ പഠിച്ചിരുന്ന കാലത്തുനിന്ന് അലസമായ നേരം പോക്കിലേക്ക് ബാല്യം മാറി. പ്രകൃതിയുടെ വിസ്മയങ്ങളെ കണ്ടറിയാനുള്ള ത്വര കുട്ടികളില്‍ നിന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.  ഗള്‍ഫില്‍ മലയാളികളുടെ മൂന്നാം തലമുറ വലിയൊരു സാന്നിധ്യമാണ്.അറുപതുകളില്‍, പെട്രോ ഡോളര്‍തേടി പായ്കപ്പല്‍ ഇറങ്ങിയവരില്‍ വലിയൊരുവിഭാഗം നാട്ടിലേക്ക് മടങ്ങിയിരിക്കുന്നു. അവര്‍ ഉഴുതുമറിച്ചിട്ട് പതംവരുത്തിയ മരുഭൂമിയുടെ പെരുംപാതകളിലേക്ക് എണ്‍പതുകളിലും തൊണ്ണൂറുകളിലും വന്നവരില്‍ നല്ലൊരുശതമാനം പരിമിതമായ സൗകര്യങ്ങളോടെയെങ്കിലും കുടുംബവുമൊത്ത് കഴിഞ്ഞു. അവരുടെ കുട്ടികള്‍ വളര്‍ന്നു. ഭൂരിപക്ഷവും കേരളവുമായി പൊക്കിള്‍കൊടി ബന്ധം പുലർത്തി .ആ നില തുടരണം .എന്നാലേ മാനവിക ബോധം ഉണ്ടാകൂ . കുട്ടികൾ  നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയെന്ന് സൂക്ഷ്മവിശകലനം നടത്തണം .വ്യാപക  ബോധവത്കരണം അനിവാര്യം

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്