Connect with us

Uae

ഗള്‍ഫ് മെഡിക്കല്‍ സര്‍വകലാശാലയുടെ വൈറ്റ് കോട്ട് ചടങ്ങ്; 700 ആരോഗ്യ പ്രൊഫഷണലുകള്‍ സത്യപ്രതിജ്ഞ ചെയ്തു

ആറ് കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍, അധ്യാപകരുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തില്‍ രോഗികളുടെ പരിചരണം സംബന്ധിച്ച തങ്ങളുടെ പ്രതിബദ്ധത പ്രഖ്യാപിക്കുന്ന സത്യപ്രതിജ്ഞ ചെയ്തു.

Published

|

Last Updated

ദുബൈ | ഗള്‍ഫ് മെഡിക്കല്‍ സര്‍വകലാശാലയുടെ 26-ാമത് വൈറ്റ് കോട്ട് ചടങ്ങില്‍ 700 ആരോഗ്യ പ്രൊഫഷണലുകള്‍ സത്യപ്രതിജ്ഞ ചെയ്തു. ഗള്‍ഫ് മെഡിക്കല്‍ സര്‍വകലാശാലയുടെ അജ്മാന്‍ കാമ്പസില്‍ 2024 സെപ്തം: 25 ന് നടന്ന ചടങ്ങില്‍ ആറ് കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍, അധ്യാപകരുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തില്‍ രോഗികളുടെ പരിചരണം സംബന്ധിച്ച തങ്ങളുടെ പ്രതിബദ്ധത പ്രഖ്യാപിക്കുന്ന സത്യപ്രതിജ്ഞ ചെയ്തു.

102 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള 5,000 വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഗള്‍ഫ് മെഡിക്കല്‍ സര്‍വകലാശാലയിലെ ആറ് കോളജുകളില്‍ വൈവിധ്യമാര്‍ന്ന മെഡിസിന്‍, ഹെല്‍ത്ത് കെയര്‍ പ്രോഗ്രാമുകള്‍ക്ക് പരിശീലനം നല്‍കുന്നു. അക്കാദമിക് പഠനത്തിനൊപ്പം ആരോഗ്യ സംരക്ഷണ മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പ്രാധാന്യം പര്യവേഷണം ചെയ്യാനുള്ള അവസരവും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. ചടങ്ങിന്റെ മുഖ്യാതിഥികളായി തുംബൈ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്റ് ഡോ. തുംബൈ മൊയ്തീന്‍, വൈസ് ചാന്‍സലര്‍മാര്‍, ഡീന്‍മാര്‍, സര്‍വകലാശാല ചാന്‍സലര്‍ പ്രൊഫ. ഹൊസാം ഹംദി പങ്കെടുത്തു.

ഹെല്‍ത്ത് കെയര്‍ ലീഡര്‍മാരാകാനുള്ള യാത്ര ആരംഭിയ്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ പിന്തുണയും പ്രോത്സാഹനവും നല്‍കുമെന്ന് ഡോ. മൊയ്തീന്‍ പറഞ്ഞു. ബാച്ചിലര്‍ ഓഫ് മെഡിസിന്‍ ആന്‍ഡ് ബാച്ചിലര്‍ ഓഫ് സര്‍ജറി (എം ബി ബി എസ്), ബാച്ചിലര്‍ ഓഫ് ബയോമെഡിക്കല്‍ സയന്‍സസ് (ബി ബി എം എസ്), പ്രീ-ക്ലിനിക്കല്‍ സയന്‍സസില്‍ അസോസിയേറ്റ് ബിരുദം (എ ഡി പി സി എസ്), ഡോക്ടര്‍ ഓഫ് ദന്തല്‍ മെഡിസിന്‍ (DMD), ഡോക്ടര്‍ ഓഫ് ഫാര്‍മസി (PharmD), ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപ്പി (BPT), ബാച്ചിലര്‍ ഓഫ് സയന്‍സ്- മെഡിക്കല്‍ ലബോറട്ടറി സയന്‍സസ് (BSc MLS), ബാച്ചിലര്‍ ഓഫ് സയന്‍സ്-മെഡിക്കല്‍ ഇമേജിംഗ് സയന്‍സസ് (BSc MIS), ബാച്ചിലര്‍ ഓഫ് സയന്‍സ്- അനസ്‌തേഷ്യ ടെക്‌നോളജി (BSc AT), ബാച്ചിലര്‍ ഓഫ് സയന്‍സ് ഇന്‍ നഴ്‌സിംഗ് (BSN), ബാച്ചിലര്‍ ഓഫ് സയന്‍സ് ഇന്‍ ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് ആന്‍ഡ് ഇക്കണോമിക്‌സ് (BSc HME) പ്രോഗ്രാമുകളുടെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് സത്യപ്രതിജ്ഞ ചെയ്ത് വൈറ്റ് കോട്ട് വാങ്ങിയത്.

‘രോഗികള്‍, വിദ്യാര്‍ഥികള്‍, ഹെല്‍ത്ത് കെയര്‍ പ്രാക്ടീഷണര്‍മാര്‍, മെഡിക്കല്‍ ഇന്‍സ്ട്രക്ടര്‍മാര്‍ തമ്മിലുള്ള സൗഹൃദമായ ഇടപെടല്‍ ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ പഠനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാകുമെന്നും, 2024-ലെ ക്ലാസായി തങ്ങള്‍ ചരിത്രം സൃഷ്ടിക്കുകയാണെന്നും സര്‍വകലാശാല ചാന്‍സലര്‍ പ്രൊഫ. ഹൊസാം ഹംദി പറഞ്ഞു. ഫലപ്രദമായി ആശയവിനിമയം നടത്താനും ബന്ധങ്ങള്‍ കെട്ടിപ്പടുക്കാനും ഇടപഴകാനും സഹാനുഭൂതി പ്രകടിപ്പിക്കാനുമുള്ള കഴിവ് ആരോഗ്യപരിപാലന വിദഗ്ധരെ പരിശീലിപ്പിക്കുന്നതിന്റെ പ്രധാന ഘടകമായി തുടരുമെന്ന് ചാന്‍സലര്‍ പറഞ്ഞു.

‘രോഗികളെ മാത്രം പരിചരിക്കുന്ന ഒരു ഡോക്ടറുടെ പരിധിക്കപ്പുറം മെഡിക്കല്‍ പ്രാക്ടീസ് പുരോഗമിച്ചുവെന്നും ഹെല്‍ത്ത് കെയര്‍ സിസ്റ്റത്തിലെ വൈവിധ്യമാര്‍ന്ന പ്രൊഫഷണലുകളുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്ന ഒരു ഏകീകൃത ടീമിന്റെ അനിവാര്യ ഭാഗമാണ് വിദ്യാര്‍ഥികളെന്നും, അക്കാദമിക് യാത്രയിലും പ്രൊഫഷണല്‍ കരിയറിലും ടീം വര്‍ക്ക് വളര്‍ത്തിയെടുക്കുന്നതില്‍ വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കണമെന്നും പ്രൊഫ. ഹൊസാം ഹംദി അഭിപ്രായപ്പെട്ടു.

ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിക്ക് യൂറോപ്പ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ജപ്പാന്‍, ഫാര്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ പ്രാദേശികവും അന്തര്‍ദേശീയവുമായ 86 പ്രമുഖ സ്ഥാപനങ്ങളുമായി പങ്കാളിത്ത കരാറുകളുണ്ട്, ഇത് വിദ്യാര്‍ഥികള്‍ക്ക് വിദേശ പരിശീലനത്തിനുള്ള അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. അരിസോണ യൂണിവേഴ്‌സിറ്റി, വിര്‍ജീനിയ കോമണ്‍വെല്‍ത്ത് യൂണിവേഴ്‌സിറ്റി, മെഡിക്കല്‍ കോളജ് ഓഫ് വിസ്‌കോണ്‍സിന്‍, യു കെയിലെ ഫെയ്മര്‍ സെന്‍മെഡിക്, ജപ്പാനിലെ ടോക്കിയോ മെഡിക്കല്‍ ആന്‍ഡ് ദന്തല്‍ കോളജ് എന്നിവയുമായി സഹകരിച്ചാണ് നിലവില്‍ ബിരുദ പ്രോഗ്രാമുകള്‍ പ്രവര്‍ത്തിക്കുന്നത്. ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് അടിസ്ഥാനമാക്കിയുള്ള സ്‌കോളര്‍ഷിപ്പുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

‘ആറ് കോളജുകളിലായി 39 അംഗീകൃത പ്രോഗ്രാമുകളുടെ അന്തര്‍ദേശീയ അംഗീകാരം നേടുന്നതില്‍ ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി മുന്‍നിരയില്‍ നില്‍ക്കുന്നുവെന്നും, യു എ ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിക്ക് ‘ഗവേഷണത്തിലെ മികവിന്’ അംഗീകാരം ലഭിക്കുകയും, ആരോഗ്യ ഗവേഷണത്തിനുള്ള സംഭാവനകള്‍, അക്കാദമിക് മികവ്, ആരോഗ്യ സംരക്ഷണത്തിലെ നവീനതകള്‍ എന്നിവ ശക്തിപ്പെടുത്തുന്നതിന് രാജ്യത്തെ മികച്ച 10 സ്ഥാപനങ്ങളുടെ ലിസ്റ്റില്‍ ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ഉള്‍പ്പെടുന്നുവെന്നും അക്കാദമിക് വൈസ് ചാന്‍സലറും കോളജ് ഓഫ് മെഡിസിന്‍ ഡീനുമായ ഡോ. മണ്ട വെങ്കിട്ടരമണ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ 25 വര്‍ഷമായി, യൂണിവേഴ്‌സിറ്റിയില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ അവരുടെ കരിയറില്‍ മുന്നേറുകയും മിഡില്‍ ഈസ്റ്റിലെ വിവിധ സ്ഥാപനങ്ങളുടെ CCEOs, COOs, മെഡിക്കല്‍ ഡയറക്ടര്‍മാര്‍ തുടങ്ങിയ പദവിയിലെത്തുകയും ആഫ്രിക്ക, ദക്ഷിണേഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക, ആസ്ത്രേലിയ എന്നീ രാജ്യങ്ങളിലെ ആരോഗ്യ സംരക്ഷണ, ഗവേഷണ മേഖലകളിലെ ഡിപാര്‍ട്ട്മെന്റ് മേധാവികളായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

വിദ്യാര്‍ഥികള്‍ക്ക് പഠനാനുഭവം വര്‍ധിപ്പിക്കുന്നതിന് ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ ക്ലാസ് മുറികളില്‍ നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. വെര്‍ച്വല്‍ പേഷ്യന്റ് ലേണിംഗ് (VPL) സിസ്റ്റം, 3D ക്ലാസ്‌റൂമിനൊപ്പം, സംവേദനാത്മക വിദ്യാഭ്യാസ അനുഭവം നല്‍കുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും വെര്‍ച്വല്‍ റിയാലിറ്റിയും ഉപയോഗിക്കുന്നു. കൂടാതെ, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവ സമന്വയിപ്പിച്ചുകൊണ്ട് മേഖലയിലെ ഏക സ്വകാര്യ അക്കാദമിക് ഹെല്‍ത്ത് സിസ്റ്റം (എ എച്ച് എസ്) ബഹുമതിയും ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിക്കുണ്ട്.

തുംബൈ ദന്തല്‍ ഹോസ്പിറ്റല്‍, തുംബൈ റീഹാബിലിറ്റേഷന്‍ ആന്‍ഡ് ഫിസിക്കല്‍ തെറാപ്പി ഹോസ്പിറ്റല്‍, തുംബൈ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ എന്നിവ ഉള്‍പ്പെടുന്ന ടീച്ചിംഗ് ഹോസ്പിറ്റലുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലിനിക്കല്‍ പരിശീലനം നേടാനുള്ള അവസരവും ലഭ്യമാണ്. അത്യാധുനിക ഗവേഷണ സൗകര്യമുള്ള ‘തുംബെ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്രിസിഷന്‍ മെഡിസിന്‍ (TRIPM)’ ഒരു ഗവേഷണ-അധിഷ്ഠിത സ്ഥാപനമായി പ്രവര്‍ത്തിക്കുന്നു. കാന്‍സറിനെയും പ്രമേഹത്തെയും കുറിച്ച് തത്സമയ പഠനം നടത്താനും ബിരുദാനന്തര വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും, ഗവേഷണം പാഠ്യപദ്ധതിയില്‍ സംയോജിപ്പിക്കാനും ഈ സ്ഥാപനം പ്രതിജ്ഞാബദ്ധമാണ്.

 

Latest