Kerala
ഗൾഫ് കപ്പൽ സർവീസ് കേന്ദ്രാനുമതിയോടെ നടപ്പാക്കും
ഗൾഫ് കപ്പൽ സർവീസ് ആരംഭിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണെന്ന് മന്ത്രി വി എൻ വാസവൻ നിയമസഭയിൽ അറിയിച്ചു.
തിരുവനന്തപുരം | പ്രവാസികളുടെ യാത്രാദുരിതം കുറക്കുന്നതിന് കൊച്ചി- ഗൾഫ് കപ്പൽ സർവീസ് ആരംഭിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണെന്ന് മന്ത്രി വി എൻ വാസവൻ നിയമസഭയിൽ അറിയിച്ചു. കെ എൻ ഉണ്ണികൃഷ്ണന്റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.
കേന്ദ്ര സർക്കാറിന് കീഴിലെ അന്താരാഷ്ട്ര പോർട്ട് ട്രസ്റ്റിനാണ് തുറമുഖത്തിന്റെ ചുമതല. ഗൾഫ് കപ്പൽ സർവീസിന് കേന്ദ്രാനുമതി ആവശ്യമാണ്. നിലവിൽ വിവിധ കമ്പനികളിൽ നിന്ന് താത്പര്യപത്രം സ്വീകരിച്ചു. കേന്ദ്രാനുമതി ലഭിക്കുന്ന മുറക്ക് പദ്ധതിയുമായി മുന്നോട്ട് പോകാനാകുമെന്നും മന്ത്രി അറിയിച്ചു.
അതിനിടെ, ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ഉയർന്ന പ്രശ്‌നങ്ങൾ പരിശോധിക്കുന്നതിന് ഇന്ന് ദേശീയപാത അതോറിറ്റി അധികൃതരുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ശക്തമായ മഴയെത്തുടർന്ന് നിർമാണം നടക്കുന്ന പലയിടങ്ങളിലും മണ്ണിടിച്ചിൽ ഉൾപ്പെടെ ഉണ്ടാകുന്ന കാര്യം എം എൽ എമാർ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്.
ആറുവരി പാത കേരളത്തിൽ സാധ്യമായതിനെ ദേശീയ മാധ്യമങ്ങൾ അടക്കം അഭിനന്ദിച്ചു. കേരളത്തിലെ ദേശീയപാത വികസനത്തിന്റെ വേഗതയും അതുണ്ടാക്കിയ മാറ്റവും അഭിമാനാർഹ നേട്ടമാണ്. ജനങ്ങൾക്ക് കൂടുതൽ സൗകര്യം ലഭ്യമാക്കുന്നതിന് ചില വിഷയങ്ങൾ ഈ സബ്മിഷനിലൂടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇവ ദേശീയപാത അതോറിറ്റിയുടെ ശ്രദ്ധയിൽ പെടുത്തി. അടിപ്പാതകളിൽ നിർമാണ പ്രവൃത്തി പൂർത്തീകരിക്കാനുണ്ടെന്നാണ് അതോറിറ്റി അറിയിച്ചത്. ഫിനിഷിംഗ് പ്രവൃത്തികൾ പൂർത്തീകരിക്കുന്നതോടെ പ്രശ്‌നപരിഹാരം സാധ്യമാകുമെന്ന പ്രതീക്ഷയും അവർ നൽകുന്നു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് 1,098 ആർബിട്രേഷൻ കേസുകൾ തീർപ്പാക്കാനുണ്ട്. ഇത് വേഗത്തിൽ തീർപ്പാക്കാൻ വിരമിച്ച ജീവനക്കാരെ അധികമായി നിയമിക്കുന്നതിന് അനുമതി നൽകാൻ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എ കെ എം അശ്റഫിന്റെ സബ്മിഷനിൽ മന്ത്രി അറിയിച്ചു.