Connect with us

Kasargod

നീലേശ്വരത്ത് ക്ഷേത്രത്തിൽ വെടിക്കെട്ടിനിടെ വെടിപ്പുരക്ക് തീപിടിച്ചു; 150 ൽ അധികം ആളുകൾക്ക് പരിക്ക്

അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിൽ കളിയാട്ടത്തിനിടെ തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് അപകടം

Published

|

Last Updated

കാസർഗോഡ് | നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിൽ കളിയാട്ടത്തിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ച്‌ 150 ൽ അധികം ആളുകൾക്ക് പരിക്ക്‌.  തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ചുതോറ്റ ചടങ്ങിനിടെ അപകടമുണ്ടായത്. തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോൾ, തീപ്പൊരി പടക്കപ്പുരയിലേക്ക് വീഴുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. ക്ഷേത്രമതിലിനോട് ചേർന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. നിരവധി പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവരെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും കണ്ണൂർ മിംസ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചിലർ മംഗളൂരുവിലെ വിവിധ ആശുപത്രിയിലും ചികിത്സയിലാണ്‌.

നീലേശ്വരം തേജസ്വിനി ആശുപത്രിയിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും  നിരവധി പേർ ചികിത്സയിലുണ്ട്‌.  പരിക്കേറ്റവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു.

തെയ്യക്കാലത്തിന്‌ തുടക്കം കുറിച്ചുനടക്കുന്ന കളിയാട്ടത്തിന്റെ ആദ്യദിനം മൂവായിരത്തോളം പേർ തെയ്യം കാണാനെത്തിയിരുന്നു.  പൊള്ളലേറ്റും തീ ആളിപ്പടരുമ്പോഴുണ്ടായ തിക്കിലും തിരക്കിലും പെട്ടുമാണ്‌ ഏറെ പേർക്കും പരിക്ക്‌.

കൂടുതൽപേരെ പ്രവേശിപ്പിച്ച കാഞ്ഞങ്ങാട്‌  ജില്ലാ ആശുപത്രിയിൽ കലക്ടർ കെ ഇമ്പശേഖർ, ജില്ലാ പൊലീസ്‌  മേധാവി ഡി  ശിൽപ, നീലേശ്വരം നഗരസഭാ ചെയർമാൻ ടി വി ശാന്ത, വൈസ് ചെയർമാൻ  മുഹമ്മദ്‌ റാഫി എന്നിവർ രക്ഷാപ്രവർത്തനത്തിന്‌ നേതൃത്വം നൽകി വരുന്നു.