Connect with us

ap muhammed musliyar kanthapuram

ഗുരുവിന്റെ ശിഷ്യന്‍

സ്വന്തമായി വളര്‍ന്നു പന്തലിക്കാന്‍ ആവശ്യമായ അറിവും ആകാരവും പശ്ചാത്തലവും ഉണ്ടായിട്ടും അതൊന്നും വേണ്ടെന്നു വെച്ച് ഒരാള്‍ തന്നെ ഗുരുവിന്റെ ചിറകിനടിയില്‍ ഒളിപ്പിച്ചു വെക്കുന്നത് എന്തിനായിരിക്കും? മുസ്‍ലിം വൈജ്ഞാനിക പാരമ്പര്യത്തിൽ ഗുരു-ശിഷ്യ ബന്ധം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് പഠിപ്പിക്കുന്ന പാഠപുസ്തകമായിരുന്നു ഗുരു ഉസ്താദ് കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർക്കും ശിഷ്യൻ എ പി മുഹമ്മദ് മുസ്‍ലിയാർക്കും ഇടയിലെ ജീവിതം.

Published

|

Last Updated

സ്താദ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ശിഷ്യനായിത്തീര്‍ന്ന കഥ പറയാതെ എ പി മുഹമ്മദ് മുസ്‌ലിയാര്‍ എന്ന ചെറിയ എ പി ഉസ്താദ് തന്റെ പ്രഭാഷണങ്ങള്‍ അവസാനിപ്പിക്കാറില്ലെന്ന് തോന്നുന്നു. നേരിട്ടും അല്ലാതെയും കേട്ട പ്രസംഗങ്ങളില്‍ ഒട്ടുമിക്കതിലും അദ്ദേഹം ആ അനുഭവം നിരന്തരം പങ്കുവെക്കുന്നുണ്ട്. ശേഷം ഈ ഉസ്താദിന്റെ ശിഷ്യന്‍ ആയിരുന്നില്ലെങ്കില്‍ എന്റെ ജീവിതം എന്തായിപ്പോകുമായിരുന്നു റബ്ബേ എന്ന് ദീര്‍ഘനിശ്വാസത്തോടെ ചോദിക്കുകയും ചെയ്യും.

എന്തിനാണദ്ദേഹം ഇങ്ങനെ നിരന്തരം ശിഷ്യപ്പെടുന്നത് എന്ന് കേള്‍വിക്കാര്‍ക്കു തോന്നുമാറ് വിശദമായി തന്നെയായിരിക്കും ആ കഥകള്‍ അദ്ദേഹം പറയുക. കാണുന്നവര്‍ക്ക് ആകാരം കൊണ്ടും സൗകുമാര്യം കൊണ്ടും, കേള്‍ക്കുന്നവര്‍ക്ക് ശബ്ദം കൊണ്ടും തോന്നിയേക്കാവുന്ന വലിയ എ പി ഉസ്താദുമായുള്ള സാദൃശ്യം, ശിഷ്യത്വം എന്ന തന്റെ പ്രത്യേക പദവിയെ ഏതെങ്കിലും വിധത്തില്‍ അദൃശ്യമാക്കിക്കളയുമോ എന്ന പേടി അദ്ദേഹത്തിനുള്ളത് പോലെ തോന്നും. പ്രായവും വഹിക്കുന്ന പദവികളും കാരണം താന്‍ ഉസ്താദിന്റെ ശിഷ്യന്‍ അല്ല എന്ന് ആരെങ്കിലും ധരിച്ചേക്കുമോ എന്ന ബേജാറ്. ആ ആശങ്ക ഇല്ലാതാക്കാനാണ് അദ്ദേഹം എ പി ഉസ്താദുമായുള്ള തന്റെ ശിഷ്യത്വത്തെ നിരന്തരം വിളംബരം ചെയ്യുന്നതെന്ന് മനസ്സിലായത് നേരിട്ടു സംസാരിച്ചപ്പോഴാണ്. എന്റെ പഠന ഗവേഷണങ്ങളുടെ ഭാഗമായി സംസാരിക്കാന്‍ ശ്രമിച്ച സന്ദര്‍ഭങ്ങളിലെല്ലാം തന്നെ, തന്റേതായി എന്തെങ്കിലും കഥ പ്രത്യേകമായി പറയാനില്ലെന്നും, ഗുരുവായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ശിഷ്യന്‍ ആയി ജീവിക്കാന്‍ കഴിഞ്ഞു എന്ന പ്രത്യേകതയേ തനിക്കുള്ളൂ എന്നും പറഞ്ഞു ഒഴിഞ്ഞുമാറുകയോ സംഭാഷണങ്ങളെല്ലാം പാതിവഴിയില്‍ അവസാനിപ്പിക്കുകയോ ആണ് അദ്ദേഹം ചെയ്തുപോരാറുള്ളത്. എല്ലാം എ പി ഉസ്താദ് എന്ന വലിപ്പത്തില്‍ തന്റെ ചെറുപ്പം അടയാളപ്പെടുത്തുകയായിരുന്നു ചെറിയ എ പി ഉസ്താദ്.

എന്നാല്‍ ഗുരുവോ. തന്റെ ശിഷ്യനെ കുറിച്ച് നിരന്തരം അഭിമാനം കൊള്ളുന്നു. താന്‍ ഇരുന്നിടങ്ങളിലെല്ലാം ശിഷ്യനെ കൊണ്ടുപോയിരുത്തുന്നു. താന്‍ പോകേണ്ടയിടത്തേക്കെല്ലാം പകരക്കാരനായി അയക്കുന്നു. തന്റെ ഉത്തരവാദിത്വങ്ങള്‍ ശിഷ്യനുമായി പങ്കുവെക്കുന്നു. ഈ ശിഷ്യനാണ്, ഇതുപോലുള്ള ശിഷ്യരാണ് തന്നെ ഗുരുവാക്കിയതെന്ന് ആണയിടുന്നു. എന്നിട്ടും, സ്വന്തമായി വളര്‍ന്നു പന്തലിക്കാന്‍ ആവശ്യമായ അറിവും ആകാരവും പശ്ചാത്തലവും ഉണ്ടായിട്ടും അതൊന്നും വേണ്ടെന്നു വെച്ച് ഒരാള്‍ തന്നെ ഗുരുവിന്റെ ചിറകിനടിയില്‍ ഒളിപ്പിച്ചു വെക്കുന്നത് എന്തിനായിരിക്കും? ശിഷ്യന്‍ മാത്രമാണ് താന്‍ എന്ന താഴ്മയും വിനയവുമായി ഗുരുവിന്റെ പിന്നില്‍ നില്‍ക്കുന്നത് എന്തുകൊണ്ടായിരിക്കും?

മുസ്‌ലിം ജ്ഞാനശാസ്ത്ര പാരമ്പര്യത്തിന്റെ തുടര്‍ച്ചകളെ ഇക്കാലത്ത് അടയാളപ്പെടുത്തിയ അസൂയപ്പെടുത്തുന്ന ഗുരു-ശിഷ്യ ബന്ധമാണ് എ പി ഉസ്താദിനും ചെറിയ എ പി ഉസ്താദിനും ഇടയില്‍. ഗുരുവിനെ പിന്തുടരുന്നതില്‍ ആനന്ദവും ആത്മ സംതൃപ്തിയും കണ്ടെത്തുക എന്നതാണല്ലോ ആ ജ്ഞാനശാസ്ത്രത്തിന്റെ പൊരുള്‍. ശിഷ്യന് അനുകരിക്കാനുള്ളതാണ് ഗുരുവിന്റെ ജീവിതം. തിരുനബിയോര്‍ എന്ന മഹാ ഗുരുവിനെ അനുകരിച്ചനുകരിച്ചുണ്ടായതാണല്ലോ ഉമ്മത്ത് മുഹമ്മദ് എന്ന മുസ്‌ലിം സമൂഹം. സുന്നത്ത് എന്ന അനുകരണ മാതൃകയില്‍ ഊന്നിക്കൊണ്ടാണ് ആ സമൂഹം വളര്‍ന്നു വലുതായത് തന്നെ. ആ സുന്നത്താകട്ടെ ഖുര്‍ആനിന്റെ സാക്ഷ്യവും. ആ സുന്നത്തുകള്‍ ആണല്ലോ തിരുനബിയോരെ സമ്പൂര്‍ണ മനുഷ്യനാക്കി മാറ്റിയത്. തിരുനബിയോരുടെ വിയോഗ ശേഷം മദീനയിലെത്തിയ സഞ്ചാരി, ആരായിരുന്നു/എന്തായിരുന്നു തിരുനബിയോര്‍ എന്ന് ചോദിച്ചപ്പോള്‍, സഞ്ചരിക്കുന്ന ഖുര്‍ആന്‍ ആയിരുന്നു അവിടുന്ന് എന്നായിരുന്നല്ലോ ആഇശാ ബീവിയുടെ മറുപടി. ദിവ്യ കൽപനകളെ ശരീരത്തിലേക്ക് ഉള്‍വഹിക്കുക എന്നതാണ് ആ കല. ആ അനുകരണത്തിന്റെ സാധ്യതകള്‍ തേടിയാണല്ലോ മുസ്‌ലിം സമൂഹം ഇപ്പോഴും ഏഴാം നൂറ്റാണ്ടിലെ മദീനയിലേക്ക് കണ്ണും നട്ടിരിക്കുന്നത്.

തിരുനബിയോരുടെ ആ ജീവിത മാതൃകകള്‍ തന്റെ അനന്തരാവകാശികള്‍ എന്ന് പരിചയപ്പെടുത്തിയ പണ്ഡിതവര്യരിലൂടെയാണ് പില്‍ക്കാല മുസ്‌ലിം സമൂഹത്തിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടത്. ആ കൈമാറ്റ പാരമ്പര്യത്തിലെ കണ്ണികളായിക്കൊണ്ടാണ് ഗുരുവും ശിഷ്യനും എന്നൊരു പരിപ്രേക്ഷ്യം തന്നെ ഇസ്‌ലാമിക വൈജ്ഞാനിക പാരമ്പര്യത്തില്‍ രൂപപ്പെടുന്നതും വികസിക്കുന്നതും. ശിഷ്യനെ കാണുമ്പോള്‍ ഗുരുവിനെയും തിരിച്ചും നമുക്ക് ഓര്‍മവരുന്നത് അതുകൊണ്ടാണ്. രണ്ടും ഒന്നല്ലേ എന്ന് തോന്നുമാറ് അനുകരിച്ചനുകരിച്ച് ഗുരുവും ശിഷ്യനും ഒന്നാകുന്ന അവസ്ഥ. മുസ്‌ലിം ജ്ഞാനശാസ്ത്ര പാരമ്പര്യത്തില്‍ ഈ ഒന്നാവലിന് വലിയ പ്രാധാന്യം ഉണ്ട്. ആ പ്രാധാന്യത്തെ ഇക്കാലത്ത് വലിയ തോതില്‍ മുസ്‌ലിം സമൂഹത്തിനു മുന്നില്‍ പരിചയപ്പെടുത്തിയ ഗുരുവിന്റെ ശിഷ്യനായിരുന്നു കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍. ഗുരുവിനെ അനുധാവനം ചെയ്തു ചെയ്താകണം എ പി ഉസ്താദിന്റെ ആകാരങ്ങളും ഭാവങ്ങളും ശബ്ദങ്ങളും ചെറിയ എ പി ഉസ്താദ് സ്വന്തമാക്കിയത് എന്ന് തോന്നിപ്പോകുമാറ് ശക്തമായിരുന്നു അവര്‍ക്കിടയിലെ അനുധാവനത്തിന്റെ വേരുകള്‍. ആ വൈജ്ഞാനിക പാരമ്പര്യത്തോടുള്ള അകൈതവമായ കടപ്പാടും വിധേയത്വവും ശക്തിപ്പെടുത്താന്‍ വേണ്ടിയാകണം ചെറിയ എ പി ഉസ്താദ് തന്നെ എപ്പോഴും ഗുരുവിന്റെ നിഴലില്‍ ഒളിപ്പിച്ചുവെച്ചത്. പാരമ്പര്യ മുസ്‌ലിം പരിസരത്തില്‍ ഗുരു-ശിഷ്യ ബന്ധം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് പഠിപ്പിക്കുന്ന പാഠപുസ്തകമായിരുന്നു അവരുടെയും അവര്‍ക്കിടയിലെയും ജീവിതം. ആ ജീവിതത്തിലെ ഒരു കണ്ണിയെയാണ് ചെറിയ എ പി ഉസ്താദെന്ന കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാരുടെ വേര്‍പാടിലൂടെ മുസ്‌ലിം സമുദായത്തിന് നഷ്ടമായിരിക്കുന്നത്. പണ്ഡിതന്മാരുടെ വേര്‍പാടിലൂടെ കണ്ണികള്‍ മുറിഞ്ഞ് ഈ അനുധാവനത്തിനു ശോഷണം സംഭവിക്കുന്നു. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം പണ്ഡിതന്മാരുടെ മരണം ലോകത്തിന്റെ തന്നെ മരണമായി മാറുന്നത് അതുകൊണ്ടാണ്. ഗുരുവിന്റെ ജീവിതകാലത്ത് തന്നെ എന്നെ മരിപ്പിക്കണേ എന്നാഗ്രഹിച്ച ശിഷ്യനായിരുന്നു അദ്ദേഹം. പരലോകത്തേക്കായി കരുതിവെച്ച അദ്ദേഹത്തിന്റെ ആഗ്രഹങ്ങളേയും അല്ലാഹു സഫലമാക്കി കൊടുക്കട്ടെ.

Latest