Connect with us

guru jayanthi

ഗുരുസന്ദേശം ഗുരുതര ആഗോള സാമൂഹിക പ്രശ്നങ്ങള്‍ക്കുള്ള പരിഹാരസ്വരം

ഗുരുദര്‍ശനങ്ങളെ സ്വാര്‍ഥ താല്‍പര്യത്തിനനുസരിച്ച് സ്വകാര്യമായി ദുര്‍വ്യാഖ്യാനം ചെയ്ത് അവതരിപ്പിക്കുകയല്ല വേണ്ടത്.

Published

|

Last Updated

വീണ്ടും ഒരു ചതയദിനാഘോഷം. കലുഷമായ കാലത്ത് ഓരോ ചതയദിനവും കടന്നുവരുന്നത് സാന്ത്വനവും ആശ്വാസവുമായാണ്. ഈ വര്‍ഷം പ്രത്യേകിച്ചും. ഗുരുവിന്‍റെ ജയന്തിദിനം വിപുലമായ ജനപ്രാതിനിധ്യത്തോടെയാണ്  ജന്മഗൃഹത്തില്‍ നടക്കേണ്ടത്. കൊവിഡ് മഹാമാരിയുടെ കാലം വേഗം തന്നെ കടന്നുപോകുമെന്നും അടുത്ത ജയന്തിയില്‍ നമുക്കെല്ലാം ചെമ്പഴന്തിയില്‍ ഒരുമിക്കാന്‍ കഴിയുമെന്നും പ്രത്യാശിക്കാം. മറ്റൊന്നുണ്ട്, ആഘോഷങ്ങളിലല്ല, ആശയ സ്വാംശീകരണത്തിലാണ് ഗുരു എന്നും ഊന്നിയത്. ഗുരുവിന്‍റെ ആശയങ്ങളുടെ സ്വാംശീകരണമാണ് ഏത് ആഘോഷത്തിനും മീതേ പ്രസക്തമാവുന്നത്. അതിന് ഗുരു ജയന്തി ദിനത്തില്‍ നാം സ്വയം സമര്‍പ്പിക്കുക.

ലോകത്തിന്‍റെ പല ഭാഗങ്ങളിലും വംശസ്പര്‍ധകളും വര്‍ഗീയ വിദ്വേഷങ്ങളും അതിന്‍റെ അടിസ്ഥാനത്തിലുള്ള രക്തച്ചൊരിച്ചിലുകളും ഏറി വരികയാണ്. മധ്യധരണ്യാഴി പ്രദേശങ്ങളില്‍ മുതല്‍ നമ്മുടെ അയല്‍ രാജ്യങ്ങളിലൊന്നായ അഫ്ഗാനിസ്ഥാനില്‍ വരെ സ്ഥിതി അങ്ങേയറ്റം കലുഷമായിരിക്കുന്നു. നമ്മുടെ രാജ്യത്തു തന്നെ വര്‍ഗീയ വിദ്വേഷം ഇടയ്ക്കിടെ ഭീകരമായ മാനങ്ങളോടെ തല പൊക്കുന്നു.  മനുഷ്യരെയാകെ ഒന്നായി കാണണമെന്നും ഭേദചിന്ത അരുതെന്നുമുള്ള ഗുരുവിന്‍റെ സന്ദേശം ഉള്‍ക്കൊണ്ടാല്‍ ഇതിനൊക്കെ അറുതി വരുത്താനാവും. അതുകൊണ്ടുതന്നെ ഗുരുസന്ദേശം ലോകത്തിന്‍റെ നാനാദിക്കിലും എത്തിക്കേണ്ടതുണ്ട്. അഫ്ഗാനിസ്ഥാന്‍ വലിയ ഒരു പാഠമാണു മനുഷ്യരാശിയുടെ മുമ്പില്‍ വെയ്ക്കുന്നത്. മതമൗലികവാദത്തിന്‍റെ പേരില്‍ തീ ആളിപ്പടര്‍ത്തിയാല്‍, ആ തീയില്‍ത്തന്നെ വീണ് ജനങ്ങളും രാഷ്ട്രങ്ങളും എരിഞ്ഞുപോവും എന്ന പാഠം. ഇങ്ങനെ മനുഷ്യരാശി എരിഞ്ഞു തീരാതിരിക്കാനുള്ള മനുഷ്യസ്നേഹത്തിന്‍റെ മഹത്തായ സന്ദേശം ലോകത്തിനു പകര്‍ന്നു തന്ന മഹാനാണ് ശ്രീനാരായണ ഗുരു. ലോകത്തിന്‍റെ ഏതെല്ലാം ഭാഗത്ത് മനുഷ്യര്‍ ചേരിതിരിഞ്ഞ് സ്പര്‍ധ മുന്‍നിര്‍ത്തി വര്‍ഗീയ-വംശീയ തലങ്ങളില്‍ പൊരുതി നശിക്കുന്നുണ്ടോ അവിടെയൊക്കെ എത്തേണ്ട പാഠമാണ് ഗുരു മുന്നോട്ടുവെച്ചത്… മനുഷ്യര്‍ ഒന്നാണ്  എന്ന മതം.

മതത്തിന്‍റെ പേരുപറഞ്ഞ് മനുഷ്യന്‍ മനുഷ്യനെ തട്ടിക്കൊണ്ടുപോവുകയും കഴുത്തറുത്തു കൊല്ലുകയും ചെയ്യുന്ന കാലമാണിതെന്നു നമുക്കറിയാം. മത-വര്‍ഗീയ-ഭീകര സംഘടനകള്‍ ഇതുപോലെ മനുഷ്യത്വത്തെ ഞെരിച്ചുകൊല്ലുന്ന ഘട്ടം ചരിത്രത്തില്‍ അധികമുണ്ടായിട്ടില്ല. ഇത്തരമൊരു കാലത്ത് മനുഷ്യത്വം നിറഞ്ഞ ഗുരുവചനങ്ങള്‍ക്ക് എത്രയോ വലിയ പ്രസക്തിയാണുള്ളത്. ജാതിക്കും മതത്തിനും അതീതമായി മനുഷ്യത്വം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മുമ്പോട്ടുപോകാന്‍ നമുക്കു കഴിയണം. അതു ചെയ്യുമ്പോഴേ നാം ഗുരുവിനെ ആദരിക്കുന്നു എന്നു പറയാനാവൂ. ഫലസ്തീന്‍റെ കാര്യത്തിലും റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ കാര്യത്തിലും എന്നു വേണ്ട, ഇന്ത്യയില്‍ത്തന്നെ ഇടയ്ക്കിടെ കാണാവുന്ന വര്‍ഗീയ കലാപത്തില്‍വരെ പ്രവര്‍ത്തിക്കുന്നതു ചേരി തിരിഞ്ഞ മനുഷ്യരുടെ വംശ വിദ്വേഷമാണ്. പഞ്ചാബ് പ്രശ്നം, കാശ്മീര്‍ പ്രശ്നം തുടങ്ങിയവയിലൊക്കെ ഇതാണ് അടിയൊഴുക്കായി നിന്നതും. ജാതിക്കും മതത്തിനും അതീതമായ മനുഷ്യത്വത്തിന്‍റെ പേരിലുള്ള ഒരുമ എന്ന ഗുരുസന്ദേശമാണ് ഇത്തരം സാമൂഹിക മഹാരോഗങ്ങള്‍ക്കുള്ള ആത്യന്തികമായ ഔഷധം.

ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്നും മനുഷ്യാണാം മനുഷ്യത്വം ജാതി’ എന്നും മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്നും ലോകത്തെ ഉപദേശിച്ച ശ്രേഷ്ഠനായ ഗുരുവര്യനാണു നമുക്കുള്ളത്. ഇങ്ങനെ മനുഷ്യരാശിക്കാകെ എക്കാലത്തേക്കും വേണ്ട ഉപദേശങ്ങള്‍ നല്‍കിയ ഋഷിവര്യന്‍ കേരളീയനാണ് എന്നത് കേരളത്തിന്‍റെയാകെയും, ഓരോ കേരളീയന്‍റെയും അഭിമാനമാണ്. മനുഷ്യത്വത്തിന്‍റെ അതിജീവനം ഗുരു കാട്ടിയ പാതയിലൂടെയാണ് എന്നത് ലോക സംഭവങ്ങളിലൂടെ വീണ്ടും വീണ്ടും തെളിയുകയാണ്. മനുഷ്യത്വമാണ് മനുഷ്യന്‍റെ ജാതി’ എന്നു മനസ്സിലുറപ്പിക്കാന്‍ കഴിഞ്ഞാല്‍ ജാതിയുടെയോ മതത്തിന്‍റെയോ വംശത്തിന്‍റെയോ പേരില്‍ വാളെടുക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? ഇല്ല. ഇവിടെയാണു ഗുരുസന്ദേശം ലോകത്തെ ഗുരുതരമായ സാമൂഹിക പ്രശ്നങ്ങള്‍ക്കുള്ള പരിഹാരസ്വരമാവുന്നത്.

ഇക്കാര്യം കേരളത്തില്‍ ഭരണത്തിലുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിനു നന്നായറിയാം. ഗുരുവിനെയും ഗുരുസന്ദേശങ്ങളെയും മറന്നുകൊണ്ട് നമുക്കു മുന്നോട്ടു പോകാനാവില്ല. ഈ തിരിച്ചറിവ് സര്‍ക്കാരിന്‍റെ എത്രയോ നടപടികളില്‍ കാണാം.

ഗുരുവിന്‍റെ ജാതിയില്ലാ വിളംബര’ത്തിനു 105 വര്‍ഷമാവുകയാണ്. ആ വിളംബരത്തിന്‍റെ നൂറാം വയസ്സ് കേരളമാകെ അതി ഗംഭീരമായി സര്‍ക്കാരിന്‍റെ ആഭിമുഖ്യത്തില്‍ നാം ആഘോഷിച്ചു. 1916 ലാണല്ലൊ ചരിത്ര പ്രാധാന്യമുള്ള ആ വിളംബരം വന്നത്. നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല എന്ന വാക്കുകളായിരുന്നു അതിന്‍റെ സത്ത. ആ സത്തയ്ക്കു ചരിത്രപരമായ വലിയ പ്രാധാന്യമുണ്ടായിരുന്നു എന്നു നമുക്കറിയാം. ആ പ്രാധാന്യം ഏറെ വര്‍ധിച്ചു വരുന്ന ഘട്ടമാണിത് എന്നും നമുക്കറിയാം.

 ഗുരുവിന്‍റെ ദൈവദശക’ത്തിന്‍റെ കാര്യത്തിലും വലിയ ആഘോഷം നാം നടത്തി. ദൈവദശകം ഒരു പ്രാര്‍ഥനയാണ്. പ്രാര്‍ഥനകള്‍ പൊതുവില്‍ ഏതെങ്കിലും ഒരു മതത്തിന്‍റെ പ്രതീകങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാവും. എന്നാല്‍, ദൈവദശകം അങ്ങനെയല്ല. എല്ലാ മതക്കാര്‍ക്കും ഒരു പോലെ അംഗീകരിക്കാന്‍ കഴിയുന്ന ഉള്ളടക്കമാണ് അതിലുള്ളത്. അതുകൊണ്ടുതന്നെ കേരളത്തിലെ ഒരു സമൂഹ പ്രാര്‍ഥനയായി അതു മാറി. തിരുവനന്തപുരത്ത് ഗുരുവിന്‍റെ പ്രതിമ സ്ഥാപിച്ചു.  കേരളത്തിലെ ആദ്യ ഓപ്പണ്‍  സര്‍വകലാശാല സ്ഥാപിക്കുമ്പോള്‍ അത് ശ്രീനാരായണ ഗുരുവിന്റെ  പേരിലാക്കാന്‍ രണ്ടുതവണ ആലോചിക്കേണ്ടിവന്നില്ല. ഇതിനും പുറമേയാണ് ഈ ചെമ്പഴന്തിയില്‍ തന്നെ കണ്‍വെന്‍ഷന്‍ സെന്‍റര്‍ നിര്‍മിച്ചത്. ഒഡീഷയിലെ സ്തൂപക്ഷേത്ര മാതൃകയിലാണ് കണ്‍വെന്‍ഷന്‍ സെന്‍റര്‍ പണികഴിപ്പിച്ചത്. ഗുരുവിന്‍റെ ജീവചരിത്രവും സംഭാവനകളും വ്യക്തമാക്കുന്ന ആദ്യത്തെ ഡിജിറ്റല്‍ മ്യൂസിയം ഇവിടെ വേണമെന്നു നിശ്ചയിച്ചതു ഗുരുവിന്‍റെ സന്ദേശത്തിന്‍റെ മൂല്യം നന്നായി അറിയുന്നതുകൊണ്ടാണ്. ഗുരു അരുവിപ്പുറത്തു പ്രതിഷ്ഠ നടത്തി. അതിന്‍റെ മൂല്യം ഉള്‍ക്കൊണ്ടുകൊണ്ട് ഈ സര്‍ക്കാര്‍ ശ്രീകോവിലിലേക്കു പൂജയ്ക്കായി ജാതിഭേദം നോക്കാതെ മനുഷ്യരെ കയറ്റി. ഗുരുവിന്‍റെ സന്ദേശം മുന്നോട്ടുകൊണ്ടുപോവുന്ന സര്‍ക്കാറാണിതെന്നു ചുരുക്കം.


ഗുരുവിന്‍റെ വേറിട്ട വ്യക്തിത്വവും മനസ്സും മനസ്സിലാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവണം. ആധ്യാത്മിക രംഗത്ത് പ്രവര്‍ത്തിച്ച ഗുരുക്കന്മാര്‍ നമുക്ക് ധാരാളമുണ്ട്. എന്നാല്‍, ആ പ്രവര്‍ത്തനത്തെ ജന്മനാടിന്‍റെ ചരിത്രം തന്നെ വിജയകരമായി മാറ്റിയെഴുതാനുള്ള ആയുധമാക്കിയ ഒരാളേയുള്ളൂ. അത് ശ്രീനാരായണഗുരുവാണ്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കൊണ്ട് മലീമസമായ അയിത്ത വ്യവസ്ഥ അരിയിട്ടു വാഴ്ച നടത്തുന്ന കാലമായിരുന്നു അത്. അയിത്ത വ്യവസ്ഥ സവര്‍ണര്‍ക്കും അവര്‍ണര്‍ക്കുമിടയില്‍ ഒരുപോലെ നിലനിന്നു. ബ്രാഹ്മണനില്‍ നിന്ന് 36 അടി അകലെയേ ഈഴവന്‍ നില്‍ക്കാവൂ എന്നിടത്ത് അത് അവസാനിച്ചില്ല. ഈഴവനില്‍നിന്ന് 30 അടി അകലയേ പുലയന്‍ നില്‍ക്കാവൂ. ബ്രാഹ്മണന് ഈഴവനോട് അയിത്തം, ഈഴവന് പുലയനോട് അയിത്തം.
ഈ അവസ്ഥയെക്കുറിച്ചാണ് മഹാകവി കുമാരനാശാന്‍:
‘നരനു നരനശുദ്ധവസ്തുപോലും
ധരയില്‍ നടപ്പതു തീണ്ടലാണുപോലും’

എന്ന് എഴുതിയത്. സമൂഹത്തിലെ വലിയ ഒരു വിഭാഗത്തെ സാമൂഹികമായി അകറ്റിനിര്‍ത്തുക മാത്രമല്ല അന്ന് ചെയ്തത്. സാമ്പത്തികമായി ചൂഷണം ചെയ്തുകൊണ്ടുമിരുന്നു.

മനുഷ്യത്വം തൊട്ടുതെറിച്ചിട്ടില്ലാത്ത ആ സാമൂഹ്യാവസ്ഥയിലാണ് മനുഷ്യത്വത്തിന്‍റെ മഹത്തായ സന്ദേശങ്ങളുമായി ശ്രീനാരായണ ഗുരു ഇടപെട്ടത്. ‘സംഘടന കൊണ്ട് ശക്തരാവുക’ എന്ന ഗുരുവിന്‍റെ സന്ദേശം ഈഴവ സമുദായത്തില്‍ മാത്രമല്ല ചലനങ്ങളുണര്‍ത്തിയത്. കേരളത്തിലാകെ ആ മാറ്റത്തിന്‍റെ കാറ്റുപടര്‍ന്നു. ശ്രീനാരായണ ചിന്ത ഈഴവ സമുദായത്തിലുളവാക്കിയ പുതിയ ബോധത്തിന്‍റെ ഉണര്‍വ് ഇതര സമുദായങ്ങളിലേക്കും പില്‍ക്കാലത്ത് പടര്‍ന്നു. നമ്പൂതിരി സമുദായത്തിലെ ആചാര ജീര്‍ണതകള്‍ അവസാനിപ്പിക്കാന്‍ യോഗക്ഷേമസഭയുണ്ടായി. നായര്‍ സമുദായത്തില്‍ എന്‍ എസ് എസ് ഉണ്ടായി. ഇതിന്‍റെയൊക്കെ പിന്നില്‍പോലും ശ്രീനാരായണഗുരുവിന്‍റെ ചിന്തകളുളവാക്കിയ പ്രചോദനത്തിന്‍റെ ശക്തിയുണ്ട്. ഈഴവ സമുദായത്തില്‍ തന്നെ ഉച്ചനീചത്വങ്ങള്‍ നിലനിന്നിരുന്നു. മനുഷ്യത്വഹീനമായ സാമൂഹ്യാവസ്ഥ നേര്‍ക്കുനേര്‍ കാണുകയും നേരിട്ടനുഭവിക്കുകയും ചെയ്തതുകൊണ്ടുതന്നെയാവണം മോക്ഷപ്രാപ്തിക്കുള്ള ഉപാധികള്‍ തേടിയ സന്യാസിമാരില്‍ നിന്ന് വ്യത്യസ്തനായി ശ്രീനാരായണഗുരു ജീവിതപ്രാപ്തിക്കുതകുന്ന വഴികള്‍ തേടി വഴിമാറി സഞ്ചരിച്ചത്. ഏകാന്ത തപസ്സ് വിട്ട് സമൂഹത്തിലേക്കിറങ്ങിയത്. സ്വര്‍ഗജീവിതത്തെക്കുറിച്ച് പറഞ്ഞു ജനങ്ങളെ വൃഥാ പ്രലോഭിപ്പിക്കാതെ ഈ ലോകജീവിതം മാറ്റിമറിക്കാനുള്ള വഴികളിലൂടെ സഞ്ചരിച്ചത്. മരുത്വാമലയില്‍ ശ്രീനാരായണഗുരു ധ്യാനവും തപസ്സുമായി കഴിഞ്ഞ ഒരു ഘട്ടമുണ്ട്. ആ ധ്യാനവും തപസ്സും തുടരാതെ സമൂഹത്തെ മാറ്റിമറിക്കാനുള്ള സമരോത്സുക പാതയിലേക്കിറങ്ങുകയായിരുന്നു ഗുരു. മരുത്വാമലയില്‍നിന്ന് ഗുരു നേരെ പോയത് അരുവിപ്പുറത്തേക്കാണെന്നത് ശ്രദ്ധിക്കണം. മരുത്വാമലയിലെ ധ്യാനംവിട്ട് അരുവിപ്പുറത്തെ സാമൂഹിക ഇടപെടലിലേക്ക് മാറുകയായിരുന്നു ഗുരു.

പിന്നാക്ക സമുദായക്കാര്‍ക്ക് ക്ഷേത്രങ്ങളില്‍ കയറി ആരാധിക്കാന്‍പോലും സ്വാതന്ത്ര്യമില്ലാതിരുന്ന ഘട്ടത്തിലാണ് ഗുരു ശിവപ്രതിഷ്ഠതന്നെ നടത്തിയത്. അന്ന് ശിവനെ പ്രതിഷ്ഠിക്കാന്‍ എന്തധികാരം എന്ന് ഗുരുവിനോട് ചോദിച്ചവരുണ്ട്. “നാം പ്രതിഷ്ഠിച്ചത് നമ്മുടെ ശിവനെയാണല്ലോ” എന്ന പ്രസിദ്ധമായ ആ മറുപടി കേരളത്തിന്‍റെ സാമൂഹികചരിത്രത്തില്‍ വരുത്തിയ മാറ്റം എത്രയാണെന്നത് വിശദീകരിക്കേണ്ടതില്ല. ആ ശിവപ്രതിഷ്ഠയില്‍ സാമൂഹികമായ വിവേചനത്തിനെതിരായ കലാപമുണ്ട്. പ്രതിഷ്ഠ സ്ഥാപിക്കല്‍ സംബന്ധിച്ച അന്ധവിശ്വാസങ്ങള്‍ക്കെതിരായ കലാപമുണ്ട്. മഹാഭൂരിപക്ഷം ജനവിഭാഗങ്ങളുടെ ആത്മവിശ്വാസത്തിന്‍റെ പ്രഖ്യാപനവുമുണ്ട്. ജാതിഭേദവും മതദ്വേഷവുമില്ലാതെ എല്ലാവരും സോദരത്വേന കഴിയുന്ന മാതൃകാസ്ഥാനമായി കേരളത്തെ മാറ്റാന്‍ ഉദ്ദേശിച്ചുള്ള പരിവര്‍ത്തനത്തിന്‍റെ കാഹളം മുഴക്കലായിരുന്നു അത്.

ഇതേത്തുടര്‍ന്നുള്ള ഘട്ടത്തില്‍ അനാചാരങ്ങള്‍ക്കെതിരായ പോരാട്ടങ്ങളിലാണ് ഗുരു ഏര്‍പ്പെട്ടത്. കെട്ടുകല്യാണ സമ്പ്രദായം, ബഹുഭാര്യത്വം, ബഹുഭര്‍തൃത്വം, മൃഗബലി തുടങ്ങിയവ അവസാനിപ്പിക്കല്‍ തുടങ്ങിയവയിലൂടെ അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ധൂര്‍ത്തിലും പെട്ട് ഉഴന്നിരുന്ന മനുഷ്യരെ മോചിപ്പിക്കുകയായിരുന്നു ഗുരു. താന്‍ സ്ഥാപിച്ച ക്ഷേത്രങ്ങളില്‍ എല്ലാ വിഭാഗം ആളുകള്‍ക്കും പ്രവേശനമുണ്ടാവണമെന്ന് അദ്ദേഹം നിഷ്കര്‍ഷിച്ചു. തന്‍റെ ശിഷ്യര്‍ ഒരേ സമുദായത്തില്‍പ്പെട്ടവര്‍ മാത്രമാവരുത് എന്നു നിഷ്കര്‍ഷിച്ചു. അങ്ങനെയാണ് നായര്‍ സമുദായത്തില്‍ നിന്നുള്ള സത്യവ്രതസ്വാമികളെയും ബ്രാഹ്മണ സമുദായത്തില്‍ നിന്നുള്ള ആനന്ദതീര്‍ഥരെയും പോലുള്ള പ്രമുഖര്‍ ഗുരുവിന്‍റെ ശിഷ്യനിരയിലുയര്‍ന്നുവന്നത്. ഗുരു ഇക്കാര്യങ്ങളില്‍ ജാതിക്കതീതമായി ഉയര്‍ത്തിപ്പിടിച്ച മാനവികതയുടെ സമീപനം ഇന്ന് അതേപടി നിലനിര്‍ത്താന്‍ കഴിയുന്നുണ്ടോ എന്ന് ആലോചിക്കണം. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന് ഗുരു പറഞ്ഞപ്പോള്‍ ഒരു പ്രത്യേക ജാതി മാത്രം മതി എന്നോ, ഒരു പ്രത്യേക മതം മാത്രം മതി എന്നോ അല്ല ഗുരു ഉദ്ദേശിച്ചത് എന്നത് മനസ്സിലുറപ്പിക്കണം. സ്വാമി സംഘടനയുണ്ടാക്കിയപ്പോള്‍ ആ സംഘടനയ്ക്ക് ഒരു ജാതിയുമായി ബന്ധപ്പെട്ട പേര് നല്‍കുകയല്ല ചെയ്തത്. മറിച്ച് ഒരു ജാതിയുടെയും പേരുപറയാതെ ശ്രീനാരായണധര്‍മത്തിന്‍റെ പേര് നല്‍കുകയാണ് ചെയ്തത്. സര്‍വമത സമ്മേളനം എന്ന സങ്കല്‍പ്പം മുന്നോട്ടുവയ്ക്കുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു ശ്രീനാരായണഗുരു. 1924 ലായിരുന്നു അത്. ‘വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്’ ഈ സമ്മേളനം എന്ന് സമ്മേളനപ്പന്തലില്‍ അദ്ദേഹം എഴുതിവച്ചു. എന്താണ് അതിനര്‍ത്ഥം? മതങ്ങള്‍ തമ്മില്‍ വാദിച്ച് കലഹിക്കരുത് എന്നതുതന്നെ! ‘പലമതസാരവുമേകം’ എന്ന് പഠിപ്പിച്ച ഗുരു ഇങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.

‘പലമതസാരവുമേകം’ എന്ന ഗുരുതത്വം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞാല്‍ മതസ്പര്‍ധയുണ്ടാവുമോ? വര്‍ഗീയ കലാപമുണ്ടാവുമോ? അങ്ങനെ ആലോചിക്കുമ്പോള്‍, പല സാമൂഹ്യപ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം ഗുരുചിന്തയിലുണ്ട് എന്നു തിരിച്ചറിയാനാവും. എസ് എന്‍ ഡി പി യോഗത്തിന്‍റെ സമ്മേളനത്തില്‍ ഗുരു അവസാനം പങ്കെടുത്തത് കോട്ടയത്തു വെച്ചാണ്. ആ സമ്മേളനത്തില്‍ വെച്ച് ഗുരു നല്‍കിയ സംഘടനാ സന്ദേശം എല്ലാവരും മനസ്സിലുറപ്പിക്കണം. “സംഘടനയുടെ ഉദ്ദേശ്യം ഒരു പ്രത്യേക വര്‍ഗക്കാരെ മാത്രം ചേര്‍ത്ത് ഒരു സമുദായത്തെ സൃഷ്ടിക്കുക എന്നതാവരുത്” എന്നാണ് ആ അവസാന സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് ഗുരു ഓര്‍മ്മിപ്പിച്ചത് എന്ന കാര്യം വിസ്മരിച്ചുപോയ്ക്കൂടാ. ‘നമ്മുടെ സംഘടന എല്ലാ മനുഷ്യരെയും ഒന്നായി ചേര്‍ക്കുന്നതായിരിക്കണം’ എന്നുകൂടി ഗുരു അന്ന് പറഞ്ഞുവച്ചു.

1888 നും 1988 നും ഇടയിലുള്ള നൂറ്റാണ്ടില്‍ കേരളത്തെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിയാര് എന്ന ഒരു പത്രത്തിന്‍റെ ചോദ്യത്തിന് അതിപ്രഗത്ഭ വ്യക്തികള്‍ കണ്ടെത്തിയ ഉത്തരം ശ്രീനാരായണഗുരു എന്നതാണ്. ഇത് എന്തുകൊണ്ട് ഇങ്ങനെയായി എന്ന് ആലോചിക്കണം. ഗുരുവിന്‍റെ കര്‍മനിരതമായ ജീവിതംകൊണ്ട് എന്നതാവും ആ ആലോചനയ്ക്കുള്ള ഉത്തരം.

ചാതുര്‍വര്‍ണ്യത്തിന്‍റെ തേര്‍വാഴ്ചയില്‍ ഞെരിഞ്ഞമര്‍ന്നുകിടന്നിരുന്ന ഒരു സമൂഹത്തെ ആത്മാഭിമാനം പകര്‍ന്ന് ഉയര്‍ത്തിയെടുക്കുകയും നവോത്ഥാനത്തിന്‍റെ വെളിച്ചത്തിലൂടെ നയിച്ച് ഉയര്‍ത്തിക്കൊണ്ടുവരികയുമാണ് ഗുരു ചെയ്തത്. അടിമകളെപ്പോലെ കഴിഞ്ഞിരുന്ന ഒരു അധഃസ്ഥിത ജനസമൂഹത്തെ നട്ടെല്ല് നിവര്‍ത്തി തലയുയര്‍ത്തി നില്‍ക്കാന്‍ കെല്‍പ്പുള്ളവരാക്കി മാറ്റുകയാണ് ഗുരു ചെയ്തത്. അങ്ങനെ കേരളത്തിന്‍റെയാകെ സാമൂഹിക മുഖച്ഛായ മാറ്റിയെടുക്കുകയാണു ഗുരു ചെയ്തത്.

അധഃസ്ഥിത സമുദായത്തില്‍പ്പെട്ടവര്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടാനുള്ള അവസരം പൊതുവില്‍ ഇല്ലായിരുന്നു. പ്രതികൂല സാഹചര്യങ്ങളെയെല്ലാം മറികടന്ന് വിദ്യാഭ്യാസം നേടി വന്നാലോ? വിദ്യാഭ്യാസ യോഗ്യതയെക്കാള്‍ വിലമതിക്കപ്പെടുക സമുദാ യ സ്ഥിതിയാണ് എന്ന അവസ്ഥ. ഡോ. പല്‍പ്പുവിനെപ്പോലുള്ളവര്‍ക്കുപോലും ഇത്തരം തിക്താനുഭവമുണ്ടായെങ്കില്‍ സാധാരണക്കാരന്‍റെ കാര്യം പറയാനില്ല. ഡോ. പല്‍പ്പുവിനും അദ്ദേഹത്തിന്‍റെ സഹോദരനായ പി വേലായുധനും ഉന്നത വിദ്യാഭ്യാസ യോഗ്യതയുണ്ടായിരുന്നു. എന്നാല്‍, ജാതിയുടെ പേരില്‍ സര്‍ക്കാര്‍ ഉദ്യോഗം നിഷേധിക്കുകയാണുണ്ടായത്. ഇവിടെ വിദ്യാഭ്യാസാവസരം പോലും നിഷേധിച്ചു. മദിരാശി സര്‍വകലാശാലയില്‍ പഠിച്ച് ഫസ്റ്റ് റാങ്കോടെ മെഡിക്കല്‍ ബിരുദമെടുത്ത് വന്നിട്ടും ജോലികൊടുത്തില്ല. അത്തരമൊരു കാലത്താണ് മലയാളി മെമ്മോറിയലും ഈഴവ മെമ്മോറിയലും പോലുള്ള നിവേദന സമരങ്ങളുണ്ടാവുന്നത്. സൂക്ഷ്മമായി നോക്കിയാല്‍ അരുവിപ്പുറം പ്രതിഷ്ഠ ഒരു ആധ്യാത്മിക പ്രവൃത്തിയല്ല, മറിച്ച് സാമൂഹിക അസമത്വങ്ങള്‍ക്കും ജാതിവിവേചനങ്ങള്‍ക്കുമെതിരായ ഭൗതികപ്രവൃ ത്തി തന്നെയാണെന്ന് കാണാം. ആത്മീയതയുടെ മായികമായ അന്തരീക്ഷത്തില്‍ അലയുകയല്ല, ഗുരു ചെയ്തത് ഭൗതികമാറ്റത്തിന്‍റെ സാമൂഹ്യാന്തരീക്ഷത്തില്‍ നേരിട്ട് ഇടപെടുകകൂടിയാണ് ചെയ്തത്. അരുവിപ്പുറം പ്രതിഷ്ഠയെ ആത്മീയമായ ഉള്ളടക്കം മാത്രമുള്ള ഒരു മതാത്മക പ്രവൃത്തിയായിട്ടല്ല കാണേണ്ടത്. ശിവപ്രതിഷ്ഠയായാണ് കരുതപ്പെടുന്നതെങ്കിലും സത്യത്തില്‍ അത് സാമൂഹ്യമാറ്റത്തിനുവേണ്ടിയുള്ള ചിന്തയുടെ പ്രതിഷ്ഠയായിരുന്നു. ‘ഇനി ക്ഷേത്രനിര്‍മാണമല്ല, വിദ്യാലയ നിര്‍മാണമാണ് ജനതയ്ക്ക് വേണ്ടത്’ എന്നും ‘പ്രധാന ദേവാലയം വിദ്യാലയം തന്നെയാവണ’മെന്നും വൈകാതെ തന്നെ ഗുരു പറഞ്ഞു. ബ്രാഹ്മണര്‍ക്ക് മാത്രമേ വിഗ്രഹപ്രതിഷ്ഠ നടത്താന്‍ അധികാരമുള്ളൂ എന്ന വ്യവസ്ഥയെ ചോദ്യംചെയ്യുകയാണ് അരുവിപ്പുറം പ്രതിഷ്ഠയിലൂടെ പ്രധാനമായും ഗുരു ചെയ്തത്. സവര്‍ണര്‍ എന്നു വിളിക്കപ്പെട്ടവര്‍ക്കു മാത്രമല്ല, അവര്‍ണരെന്നു പറഞ്ഞു മാറ്റിനിര്‍ത്തപ്പെട്ടവര്‍ക്കും ആരാധിക്കാന്‍ അവകാശമുണ്ട് എന്ന് സ്ഥാപിക്കുകയാണ് അതിലൂടെ ഗുരു ചെയ്തത്. ആ അവകാശം സ്ഥാപിച്ചെടുക്കല്‍ എന്നതിനപ്പുറത്ത് ആത്മീയമായ വലിയ അര്‍ഥങ്ങളൊന്നും ഗുരു അതിന് കല്‍പ്പിച്ചിരുന്നില്ല എന്നതിന്‍റെ തെളിവാണ്, അതിന് തൊട്ടുപിന്നാലെ തന്നെ പ്രധാന ദേവാലയം വിദ്യാലയമാണ് എന്ന് പ്രഖ്യാപിച്ചത്. “സംഘടിച്ച് ശക്തരാവുക, വിദ്യകൊണ്ട് പ്രബുദ്ധരാവുക” എന്ന അദ്ദേഹത്തിന്‍റെ സന്ദേശം കേരള സമൂഹത്തെയാകെ മാറ്റിയെടുക്കുന്നതില്‍ വഹിച്ച പങ്ക് ചരിത്രപരമായ പ്രധാന്യമുള്ളതാണ്.
ഒരുവശത്ത് സാമുദായികമായ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയുള്ള പ്രവര്‍ത്തനം. മറുവശത്ത് മദ്യപാനംപോലുള്ള ദുസ്വഭാവങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനം. ഇനിയുമൊരു വശത്ത് വിദ്യാഭ്യാസത്തിനുവേണ്ടിയും സ്വാശ്രയത്വത്തിനുവേണ്ടിയുമുള്ള പ്രവര്‍ത്തനം. ഈ മൂന്ന് പ്രവര്‍ത്തനപഥങ്ങളെ സമന്വയിപ്പിച്ചു ശ്രീനാരായണ ഗുരു. ഇത് കാണാതെ ഗുരുവിനെ ആത്മീയതയുടെ അന്വേഷകന്‍ മാത്രമായി പരിമിതപ്പെടുത്തിക്കാണരുത്. ഏകാന്തമായ ഏതോ ഗുഹയില്‍ പോയിരുന്ന് ജീവിതാന്ത്യംവരെ പ്രാര്‍ത്ഥിക്കുകയല്ല, മറിച്ച് ഈ സമൂഹത്തെ മാറ്റിമറിക്കാന്‍ സന്ദേശങ്ങള്‍കൊണ്ടും പ്രവൃത്തികള്‍കൊണ്ടും ഇടപെടുകയായിരുന്നു ഗുരു. പ്രാര്‍ത്ഥനയല്ല, പ്രവൃത്തിയേ സാമൂഹ്യമാറ്റം വരുത്തൂ എന്ന് പഠിപ്പിക്കുകയായിരുന്നു ഗുരു. ‘സംഘടനകൊണ്ട് ശക്തരാകണം’ എന്ന മുദ്രാവാക്യം അക്കാലത്ത് എത്രയോ പുരോഗമനപരമായിരുന്നുവെന്നും ഇക്കാലത്തും അത് എത്രയോ പ്രസക്തമാണെന്നും ആലോചിക്കുക. മറ്റൊരു ഗുരുവും ഇങ്ങനെ പറഞ്ഞിട്ടില്ല എന്നും ഓര്‍ക്കുക.
എല്ലാവരും ആത്മസഹോദരര്‍ എന്നാണ് ഓര്‍മിക്കേണ്ടത് എന്നാണ് ഗുരു പഠിപ്പിച്ചത്. അയിത്തത്തിനെതിരെ കേരളത്തിലെ പല മേഖലകളില്‍ നടന്ന പോരാട്ടങ്ങള്‍ക്ക് ആദ്യവഴിതുറന്നത് ശ്രീനാരായണ ഗുരുവാണ്. മഹാത്മാഗാന്ധിയുടെ ചിന്തകളെപ്പോലും സ്വാധീനിക്കുന്നതിന് ശക്തമായിരുന്നു ഗുരുചിന്തകള്‍. അയിത്തത്തിന്‍റെ രൂക്ഷതയ്ക്കെതിരായി ഗാന്ധിജി തന്‍റെ ‘ഹരിജന്‍’ എന്ന പ്രസിദ്ധീകരണത്തില്‍ ലേഖനമെഴുതിയതിനു പിന്നില്‍പോലും ശ്രീനാരായണ ചിന്തകളുടെ സ്വാധീനമുണ്ട് എന്നുകാണാം. ശിവഗിരിയിലെത്തി ഗുരുവിനെ സന്ദര്‍ശിച്ചിരുന്നല്ലൊ ഗാന്ധിജി. കാക്കിനട കോണ്‍ഗ്രസ് സമ്മേളനത്തില്‍ അയിത്തോച്ചാടനപ്രമേയം വന്നതുപോലും ശ്രീനാരായണ ഗുരുവിന്‍റെ സ്വാധീനംകൊണ്ടാണ്. ആ പ്രമേയം അവതരിപ്പിച്ച ടി കെ മാധവന് അതിനുവേണ്ട ഊര്‍ജം ലഭിച്ചത് ശ്രീനാരായണ ഗുരുവിന്‍റെ ചിന്തകളില്‍ നിന്നാണ്. പില്‍ക്കാലത്ത് വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന വൈക്കം, ശുചീന്ദ്രം, തിരുവാര്‍പ്പ്, തളി തുടങ്ങിയ ഇടങ്ങളിലെ സത്യഗ്രഹസമരങ്ങള്‍ സാധ്യമായതുപോലും ചരിത്രത്തില്‍ ശ്രീനാരായണഗുരു ഒരു പ്രത്യേക ഘട്ടത്തില്‍ ഇടപെട്ടതുകൊണ്ടുണ്ടായ നവീനചിന്തകള്‍ മൂലമാണ്. ക്ഷേത്രത്തില്‍ കയറി ആരാധിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന ഗുരുവായൂര്‍ സത്യഗ്രഹത്തിന് പിന്നില്‍പ്പോലും ഗുരുവിന്‍റെ ചിന്തകള്‍ പകര്‍ന്ന കരുത്തുണ്ട് എന്ന് കാണാന്‍ വിഷമമില്ല.
ലോകത്തെമ്പാടും ഇന്ന് കൂടുതല്‍ ചോരയൊഴുകുന്നത് രാഷ്ട്രീയ പോരാട്ടങ്ങളില്‍ നിന്നല്ല. മറിച്ച്, ജാതി, വര്‍ഗ, വംശ, മത സ്പര്‍ധകളില്‍ നിന്നാണ്. അത്തരം സംഘര്‍ഷഭൂമികളിലേക്ക് ‘പലമതസാരവും ഏകം’ എന്ന ഗുരുചിന്ത എത്തിക്കാന്‍ കഴിഞ്ഞാല്‍ എത്ര പ്രയോജനകരമാകും എന്ന് ആരും ചിന്തിച്ചുപോകും. ഗുരുവിന്‍റെ മതാതീതമായ മനുഷ്യസ്നേഹ സന്ദേശങ്ങള്‍ക്ക് സാര്‍വദേശീയ ത ലത്തില്‍ സ്വീകാര്യതയുണ്ടാക്കാന്‍ ഉള്ള സം ഘടിതമായ യത്നങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. ഇന്ത്യന്‍ മതനിരപേക്ഷതയ്ക്കുമേല്‍ വര്‍ഗീയതയുടെ കാര്‍മേഘങ്ങള്‍ പടരുന്ന കാലമാണിത്. ഈ ഘട്ടത്തില്‍ മതനിരപേക്ഷതയ്ക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കായി പുനരര്‍പ്പണം നടത്തുക എന്നതാണ് നമുക്ക് ചെയ്യാനുള്ളത്. മതനിരപേക്ഷ മൂല്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പോരാട്ടങ്ങള്‍ക്ക് വേണ്ടത്ര ഊര്‍ജം പകരുന്നരുണ്ട് ശ്രീനാരായണ ഗുരുവിന്‍റെ സ്മൃതികള്‍. അതില്‍നിന്ന് പ്രസരിക്കുന്ന മതാതീതമായ മാനവികതയുടെ സന്ദേശം ലോകത്താകെ പടരേണ്ടതുണ്ട്. സംവത്സരങ്ങള്‍ക്കു മുമ്പേതന്നെ താന്‍ ജാതിഭേദം വിട്ടിരുന്നു എന്നു ഗുരു ജാതിയില്ലാ വിളംബരത്തിന്‍റെ ആദ്യ വാചകത്തില്‍ത്തന്നെ ഊന്നിപ്പറയുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ വിളംബരത്തിന്‍റെ ആവശ്യകത എന്താണ്? അക്കാര്യമാണ് വിളംബരത്തിന്‍റെ രണ്ടാം വാചകത്തില്‍ ഗുരു വിശദീകരിക്കുന്നത്. “ചില പ്രത്യേക വര്‍ഗ്ഗക്കാര്‍ നമ്മെ അവരുടെ വര്‍ഗത്തില്‍പ്പെട്ടതായി വിചാരിച്ചും പ്രവര്‍ത്തിച്ചും വരുന്നതായും അതു ഹേതുവാല്‍ പലര്‍ക്കും നമ്മുടെ വാസ്തവത്തിനു വിരുദ്ധമായ ധാരണയ്ക്ക് ഇടവന്നിട്ടുണ്ടെന്നും അറിയുന്നു” എന്നതാണ് ആ രണ്ടാം വാചകം. എല്ലാവരുടേതുമായ ഗുരുവിനെ, ഈ ലോകത്തിനാകെ അവകാശപ്പെട്ട ഗുരുവിനെ, ചിലര്‍ തങ്ങളുടേതു മാത്രമായി കരുതി ഒരു പ്രത്യേക ജാതിയുടെ ചട്ടക്കൂട്ടിലടയ്ക്കുന്നു എന്നര്‍ത്ഥം. വേര്‍തിരിവുകള്‍ക്കതീതമായ വിശ്വമഹാസ്നേഹം ഉള്ളില്‍ സൂക്ഷിക്കുന്ന ഒരു ഗുരുവിന് ഇതിനേക്കാള്‍ വേദനാജനകമായി മറ്റെന്താണുള്ളത്? താന്‍ പ്രത്യേക ജാതിയിലോ മതത്തിലോ പെടുന്നില്ല എന്നും വിശേഷിച്ചും, തന്‍റെ ശിഷ്യസമൂഹത്തില്‍ നിന്നും ഈ ബോധത്തോടെ പ്രവര്‍ത്തിക്കുന്നവരെ മാത്രമേ തന്‍റെ പിന്‍ഗാമിയായി വരത്തക്കവണ്ണം ആലുവാ അദ്വൈതാശ്രമത്തില്‍ ശിഷ്യസംഘത്തില്‍ ചേര്‍ത്തിട്ടുള്ളൂവെന്നും, അത്തരക്കാരെ മാത്രമേ ഭാവിയിലും ചേര്‍ക്കുകയുള്ളൂ എന്നും ഉറപ്പിച്ചുപറയുകയാണ് ഗുരു ആ വിളംബരത്തിലൂടെ ചെയ്തത്.
അസന്നിഗ്ധമായ രീതിയില്‍ ഗുരു ഇത് പറഞ്ഞുവെച്ചിരിക്കുന്നു എന്ന കാര്യം ഓര്‍മിക്കുക. അപ്പോള്‍ ഗുരുവിന്‍റെ ശിഷ്യരാവാനുള്ള ഏറ്റവും വലിയ യോഗ്യത എന്താണ്? ജാതി ഇല്ലാത്തവരാവണം; മതത്തിനതീതരാവണം. ജാതിചിന്തയില്‍ നിന്നും മുക്തരാവണം; മതഭ്രാന്തിയില്‍ നിന്നും മുക്തരാവണം. എല്ലാ ജാതിയില്‍പ്പെട്ടവരോടും സമഭാവനയില്‍ പെരുമാറുന്നവരാവണം.
“ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്”.
എന്നാണു ഗുരു പറഞ്ഞത്. ഇത് ഒരു നാടിനെക്കുറിച്ചല്ല, സംസ്ഥാനത്തെക്കുറിച്ചല്ല, രാജ്യത്തെക്കുറിച്ചല്ല, ലോകത്തെക്കുറിച്ച് ആകെതന്നെയാണ്. ജാതി-മത ഭേദമില്ലാതെ സഹോദരതുല്യമായി എല്ലാവരും കഴിയുന്ന മാതൃകാസ്ഥാനമായി ഈ ലോകം മാറണമെന്നദ്ദേഹം ആഗ്രഹിച്ചു. ആ ആഗ്രഹത്തെ ശക്തിപ്പെടുത്തി മുമ്പോട്ടുകൊണ്ടുപോവുകയാണ് ഈ ചതയദിനത്തില്‍ വേണ്ടത്. അന്താരാഷ്ട്ര തലത്തിലേക്ക് ആ സന്ദേശം എത്തിക്കുകയാണു വേണ്ടത്.

മനസ്സുകളില്‍ കാലുഷ്യം കലരുന്നു. അതില്‍ ജാതിയുടെ കാലുഷ്യമുണ്ട്, മതാന്ധതയുടെ കാലുഷ്യമുണ്ട്. ഗുരുവിന്‍റെ പേര് പറഞ്ഞുകൊണ്ടുതന്നെ ജാതിചിന്തയുടെ, മതചിന്തയുടെ കാലുഷ്യം സമൂഹ മനസ്സില്‍ പടര്‍ത്താന്‍ ആരെങ്കിലും ശ്രമിക്കുന്നുവെങ്കില്‍ അതാണ് ഏറ്റവും വലിയ ഗുരുനിന്ദ.

പുതിയ കാലത്തിനനുസരിച്ച് ഗുരുദര്‍ശനങ്ങളെ നവീകരിച്ചു, സമൂഹത്തില്‍ പ്രയോഗിക്കുകയാണു വേണ്ടത്. അതല്ലാതെ, ഗുരുദര്‍ശനങ്ങളെ സ്വാര്‍ഥ താല്‍പര്യത്തിനനുസരിച്ച് സ്വകാര്യമായി ദുര്‍വ്യാഖ്യാനം ചെയ്ത് അവതരിപ്പിക്കുകയല്ല. അനാചാരങ്ങളില്‍നിന്നും അന്ധവിശ്വാസങ്ങളില്‍നിന്നും ജാതീയമായ ഉച്ചനീചത്വങ്ങളില്‍നിന്നും മുക്തമായ ഒരു കേരളത്തെ സൃഷ്ടിച്ചെടുക്കാനുള്ള പോരാട്ടങ്ങള്‍ക്ക് എന്നും ഊര്‍ജം പകരും ഗുരുസ്മൃതിയും ചതയദിനാഘോഷങ്ങളും എന്ന കാര്യം ഓര്‍മിപ്പിക്കട്ടെ.
(മുഖ്യമന്ത്രി പിണറായി വിജയന്റെ ഗുരു ജയന്തി പ്രസംഗം)

കേരള മുഖ്യമന്ത്രി

Latest