smrthi
ഒരു ദേശത്തിന്റെ ഗുരു
മുഴുവൻ സമയവും സാമൂഹിക പ്രാസ്ഥാനിക പ്രവർത്തനങ്ങൾക്കായി ചെലവഴിച്ച ബാവ മുസ്‌ലിയാർ വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ മദ്‌റസാ അധ്യാപകർക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശീലനത്തിന് നേതൃത്വം നൽകിയിട്ടുണ്ട്. അരനൂറ്റാണ്ടിലേറെ കാലം ഒരിടത്ത് തന്നെ, അതും സ്വന്തം നാട്ടിൽ മദ്‌റസാധ്യാപനം നടത്തുകയെന്നത് അത്യപൂർവമാണ്.
ഈയിടെ വിട പറഞ്ഞ ക്ലാരി ബാവ മുസ്്ലിയാർ ഒരു നാടിന്റെ ഗുരുനാഥനായിരുന്നു. അതുകൊണ്ടൊന്നും തീരുന്നതല്ല അദ്ദേഹത്തിന്റെ പ്രത്യേകത. മാതൃകാ അധ്യാപകൻ, തിരക്കുള്ള നേതാവ് , കർമനിരതനായ പ്രവർത്തകൻ എല്ലാമായിരുന്നു അദ്ദേഹം. മലപ്പുറം ജില്ലയിലെ ക്ലാരി ചെനക്കൽ പുളിക്കലകത്ത് മൊയ്തീൻ കുട്ടി മൊല്ലയുടെയും പോണിയേരി പാത്തുമ്മയുടെയും മകനായ കുഞ്ഞി മുഹമ്മദ് മുസ്്ലിയാർ എല്ലാവർക്കും ബാവയായിരുന്നു. ഇദ്ദേഹത്തിന്റെ ജീവിതം ഒരു അധ്യായം തന്നെയാണ്.
ചെനക്കൽ ജുമുഅ മസ്ജിദിൽ 1962 ൽ പ്രഥമ മുദർരിസായി കുണ്ടൂർ ഉസ്താദ് ചുമതലയേറ്റപ്പോൾ ഉസ്താദിന്റെ ആദ്യ ശിഷ്യനായിട്ടാണ് ബാവ മുസ്‌ലിയാർ ദർസ് പഠനം ആരംഭിച്ചത്. കുണ്ടൂർ ഉസ്താദിന്റെ ആദ്യ ദർസും ഇതായിരുന്നു. 1975 വരെ കുണ്ടൂർ ഉസ്താദിന്റെ ശിഷ്യത്വത്തിലായി പഠനം തുടർന്നു. ദർസ് വിദ്യർഥിയായിരിക്കെ തന്നെ 1963ൽ കണ്ടൂർ ഉസ്താദിന്റെ നിർദേശപ്രകാരം നാട്ടിലെ മദ്‌റസയിൽ അധ്യാപകനായി സേവനമാരംഭിച്ചു. ഇതോടെ ജന്മനാട്ടിലെ പഠനത്തോടൊപ്പം അവിടെ അധ്യാപനവും അരംഭിച്ചു.
1975 ൽ ദർസിൽ നിന്ന് പിരിഞ്ഞ ശേഷം ക്ലാരി ഓട്ടുപാറപ്പുറം നമാഉൽ ഇസ്‌ലാം മദ്‌റസയിൽ സ്വദർ മുഅല്ലിമായി ചുമതലയേറ്റു. ആ സേവനം നീണ്ട 50 വർഷമാണ് തുടർന്നത്. മദ്‌റസയിൽ നിന്ന് പഠിച്ചിറങ്ങിയ ബിരുദധാരികളടക്കം 2000 ഓളം ശിഷ്യന്മാരുടെ അഭിവന്ദ്യ ഗുരുവാണ് ബാവ മുസ്്ലിയാർ. സുന്നി വിദ്യാഭ്യാസ ബോർഡിന്റെ മികച്ച മദ്‌റസാ അധ്യാപക അവാർഡ്, മദ്‌റസാ രംഗത്ത് ഏറ്റവും കൂടുതൽ സേവനം ചെയ്തതിനുള്ള സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന കമ്മിറ്റി അവാർഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മദ്റസാ രംഗത്ത് സ്വദർ മുഅല്ലിം ആയി 50 വർഷം പിന്നിട്ടതിന് ജന്മനാടിന്റെ സ്നേഹാദരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
മുഴുവൻ സമയവും സാമൂഹിക പ്രാസ്ഥാനിക പ്രവർത്തനങ്ങൾക്കായി ചെലവഴിച്ച ബാവ മുസ്‌ലിയാർ വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ മദ്‌റസാ അധ്യാപകർക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശീലനത്തിന് നേതൃത്വം നൽകിയിട്ടുണ്ട്. കാരന്തൂർ മർകസ് സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന വിഭവ സമാഹരണത്തിന് തുടക്കം കുറിച്ചത് ഇദ്ദേഹമാണ്. ഒരു വിദ്യാർഥി ഒരു രൂപ ഒരു തേങ്ങ മർകസിന് എന്ന പേരിൽ 2007ലാണ് മലപ്പുറം ജില്ലയിൽ ഈ സംരംഭം ആരംഭിച്ചത്. മർകസിന്റെ ദൈനംദിന പ്രവർത്തങ്ങൾക്ക് ഒരു മുതൽക്കൂട്ടായ ഈ സംരംഭത്തെ കാന്തപുരം ഉസ്താദ് വളരെയധികം പ്രശംസിച്ചിരുന്നു. പദ്ധതിയുടെ വിജയത്തിന്റെ ഫലമായി പിന്നീട് മറ്റു ജില്ലകളിലേക്ക് ഇത് വ്യാപിക്കുകയാണുണ്ടായത്. തിരക്കിട്ട ജീവിതമായിരുന്നു. സുബ്ഹിക്ക് വീട്ടിൽ നിന്നിറങ്ങിയാൽ പലപ്പോഴും രാത്രി പാതിരാ കഴിഞ്ഞ ശേഷമാണ് തിരിച്ചെത്തിയിരുന്നത്. കിലോമീറ്ററുകൾ നടന്നു വേണം ബസ് കയറാനുള്ള മെയിൻറോഡിലെത്താൻ. പക്ഷേ, അതിന്റെ പേരിൽ ഒരു കാര്യത്തിനും അൽപ്പം പോലും വൈകാറുമില്ലെന്നത് പ്രത്യേകം പറയേണ്ടത് തന്നെ. 1998ൽ എസ് വൈ എസ് ഹജ്ജ് അമീറായും സേവനം ചെയ്തിട്ടുണ്ട്. അനുഭവങ്ങളുടെയും നിർവൃതികളുടെയും അനേകം കഥകളാണ് ബാവ മുസ്്ലിയാരുടെ ജീവിതം. മദ്‌റസാ പ്രസ്ഥാനത്തിന്റെ വളർച്ചയുടെ ഓരോ ഘട്ടവും കൃത്യമായി നോക്കിക്കാണാൻ സാധിച്ച വ്യക്തിയായിരുന്നു.
മദ്‌റസാ സംവിധാനം വ്യാപിക്കുന്നതിന് മുമ്പ് പിതാവും വല്യുമ്മയും ഓത്തുപള്ളി അധ്യാപകരായിരുന്നതിനാൽ അധ്യാപനത്തിന്റെ സ്വാദും സുഗന്ധവുമെല്ലാം അനുഭവിക്കാൻ നിമിത്തമായി. അങ്ങനെയിരിക്കുമ്പോൾ പിതാവിന് പകരക്കാരനായിട്ടാണ് അധ്യാപന രംഗത്തേക്ക് വരുന്നത്. അഞ്ച് രൂപയായിരുന്നുവത്രെ അന്നത്തെ ശമ്പളം. ഇവിടെ തന്നെ നിന്നോ എന്ന കുണ്ടൂർ ഉസ്താദിന്റെ വാക്കായിരുന്നു ബാവ മുസ്്ലിയാരുടെ ഊർജം. അതുകൊണ്ട് തന്നെ അരനൂറ്റാണ്ട് കാലത്തെ അധ്യാപന കാലയളവിൽ ഒരിക്കൽ പോലും ഇവിടെ നിന്ന് മാറുന്നതിനെ കുറിച്ച് ചിന്തിക്കുകയോ അതിനുള്ള സാഹചര്യമുണ്ടാവുകയോ ചെയ്തിട്ടില്ല.
അധ്യാപകരുടെ കുട്ടായ്മയായ റെയ്ഞ്ച് സംവിധാനത്തിന്റെ തുടക്ക കാലത്ത് റെയ്ഞ്ച് സെക്രട്ടറിയായിരുന്നു. ഫോണൊന്നും ഇല്ലാതിരുന്ന അന്ന് യോഗത്തിന് ക്ഷണിക്കാൻ എല്ലായിടത്തും പോയി പറയലായിരുന്നു. അഞ്ച് പതിറ്റാണ്ടു കാലത്തെ അധ്യാപന ജീവിതത്തിൽ വാർത്തെടുത്ത ശിഷ്യഗണങ്ങളെക്കുറിച്ച് വലിയ അഭിമാനമായിരുന്നു. ശിഷ്യരൊക്കെ ഈ നാട്ടുകാർ തന്നെയാണല്ലോ. ബിരുദധാരികളും അല്ലാത്തവരുമായി 2000ലേറെ പേരുണ്ട്. എല്ലാവരും സ്വന്തം നാട്ടുകാരായതുകൊണ്ട് തന്നെ അവരുമായി എപ്പോഴും ബന്ധപ്പെടാൻ കഴിഞ്ഞിരുന്നത് വലിയ സന്തോഷത്തോടെയാണ് ഇദ്ദേഹം പറഞ്ഞിരുന്നത്. പലരും ഇടക്ക് വരികയും സുഖവിവരങ്ങൾ അന്വേഷിക്കുകയും ചെയ്യും. അങ്ങോട്ട് പോകാൻ പ്രയാസമായതുകൊണ്ട് അവരൊക്കെ വരും. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും അവർ കൂടെയുണ്ടായിട്ടുണ്ട്. വിശ്രമ കാലത്ത് അവരുടെ തുണ വലിയൊരാശ്വാസമായിരുന്നു ബാവ മുസ് ലിയാർക്ക്. സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി, മലപ്പുറം ജില്ലാ സെക്രട്ടറി, സുന്നി വിദ്യാഭ്യാസ ബോർഡ് അംഗം, സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ എടരിക്കോട് റെയ്ഞ്ചിന്റെ തുടക്കം മുതൽ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ മാതൃകാപരമായി പ്രവർത്തിച്ചിട്ടുണ്ട്. പ്രിയ ശിഷ്യരുടെയും സ്നേഹജനങ്ങളുടെയും നല്ല വാക്കുകൾ ഏറ്റുവാങ്ങിയാണ് ബാവ മുസ്്ലിയാർ നാഥനിലേക്ക് യാത്രയായത്.