Athmeeyam
ഗുരുസാഗരം
ഗുരു എന്ന രണ്ടക്ഷരത്തിന്റെ മഹത്വം ഭൂഗോളത്തോളം വലുതാണ്. സ്വയം പ്രകാശിക്കുകയും മറ്റുള്ളവരിലേക്ക് പ്രകാശം പകര്‍ന്നു നല്‍കുകയും ചെയ്യുന്നവരാണ് യഥാർഥ ഗുരുനാഥന്മാർ. ശിഷ്യരുടെ ലൗകിക സുഖങ്ങളിലേക്കല്ല, ആധ്യാത്മിക ഉയര്‍ച്ചയിലേക്കാണ് അത്തരം ഗുരുക്കളുടെ ശ്രദ്ധ പതിയുന്നത്. മരുഭൂമിയില്‍ വഴിയറിയാതെ അലയുന്നവന് ഒരു വഴികാട്ടിയെ ലഭിക്കുമ്പോൾ എത്രമേൽ സന്തോഷമുണ്ടാകുന്നുവോ അതിലേറെയാണ് ഗുരുവിനെ ജീവിതത്തിന്റെ സകല മേഖലകളിലും ശിഷ്യരനുഭവിക്കുന്നത്.
ഗുരു എന്ന രണ്ടക്ഷരത്തിന്റെ മഹത്വം ഭൂഗോളത്തോളം വലുതാണ്. സ്വയം പ്രകാശിക്കുകയും മറ്റുള്ളവരിലേക്ക് പ്രകാശം പകര്‍ന്നു നല്‍കുകയും ചെയ്യുന്നവരാണ് യഥാർഥ ഗുരുനാഥന്മാർ. ശിഷ്യരുടെ ലൗകിക സുഖങ്ങളിലേക്കല്ല, ആധ്യാത്മിക ഉയര്‍ച്ചയിലേക്കാണ് അത്തരം ഗുരുക്കളുടെ ശ്രദ്ധ പതിയുന്നത്. മരുഭൂമിയില്‍ വഴിയറിയാതെ അലയുന്നവന് ഒരു വഴികാട്ടിയെ ലഭിക്കുമ്പോൾ എത്രമേൽ സന്തോഷമുണ്ടാകുന്നുവോ അതിലേറെയാണ് ഗുരുവിനെ ജീവിതത്തിന്റെ സകല മേഖലകളിലും ശിഷ്യരനുഭവിക്കുന്നത്.
ഗുരു ഏതൊരാളുടെയും മാർഗദർശിയും രക്ഷകനുമാണ്. ജീവിതത്തിന് അർഥവും ആനന്ദവും പകരുന്നത് ഗുരുവിന്റെ മാതൃകാ ജീവിതശൈലിയാണ്. ഗുരുസാന്നിധ്യം ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം കൂടിയാണ്. ഗുരുത്വവും പൊരുത്തവും ജ്ഞാനവും അരുവിയിലെ ജലം പോലെയാണ് ശിഷ്യരിലേക്ക് ഒഴുകുന്നത്. അത് യാന്ത്രികമോ കൃത്രിമമോ ആകരുത്. കാരണം, ഗുരുസാന്നിധ്യം നശ്വരമായ ഭൗതികലോകത്ത് മാത്രം അനുഭവിക്കാനുള്ളതല്ല, അനന്തമായ അനശ്വര ലോകത്തും നിലനിൽക്കേണ്ടതാണ്. മാര്‍ഗദര്‍ശനമേകുന്ന ഗുരുനാഥനില്ലെങ്കില്‍ ശാശ്വതമായ ജീവിതം നാശത്തിൽ കലാശിക്കുമെന്നർഥം.
ജീവിതവഴിയിലെ അഭയകേന്ദ്രമാണ് ഗുരു. ഗുരുവിനെ ആദരിക്കുകയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും വേണം. ഏതു കാര്യത്തിലും തീരുമാനമെടുക്കുമ്പോൾ ഗുരുനാഥനുമായി കൂടിയാലോചന നടത്തിയാൽ അതിന് ഫലപ്രാപ്തി കൂടുതൽ ലഭിക്കുന്നു. തഴക്കവും പഴക്കവുമുള്ള ഗുരുനാഥന്മാരുടെ വ്യക്തിജീവിതത്തിൽ നിന്നും അധ്യാപന രംഗത്തു നിന്നും സാമൂഹിക ഇടപെടലുകളിൽ നിന്നും ഒരുപാട് പഠിക്കാനുണ്ടാകും. അവ ഗ്രന്ഥങ്ങളിൽ നിന്ന് ലഭിച്ചുകൊള്ളണമെന്നില്ല.
ഭാരതീയ സംസ്‌കാരത്തിന്റെ കാതലായ സന്ദേശമാണ് “മാതാ പിതാ ഗുരു ദൈവം’ എന്നത്. അഥവാ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ മാതാവിനും പിതാവിനും ഗുരുവിനും ദൈവത്തിനും വ്യത്യസ്ത ധർമങ്ങളുണ്ട്. പിതാവിനെ മാതാവ് പരിചയപ്പെടുത്തുന്നു. മാതാവും പിതാവും ഗുരുവിനെ കണ്ടെത്തുന്നു. ഗുരുവിലൂടെ ഈശ്വരനെ പ്രാപിക്കുന്നു. ഒരിക്കല്‍ ഒരു സത്പുരുഷനോട് ഭാരതത്തിന്റെ ഏറ്റവും വലിയ സവിശേഷത ചുരുങ്ങിയ വാക്കുകളില്‍ വിവരിക്കാൻ പറഞ്ഞപ്പോൾ അദ്ദേഹം വർണിച്ചത് ‘ഗുരു-ശിഷ്യ പരമ്പര’ എന്നാണ്.
വിദ്യ ഗുരുമുഖത്ത് നിന്നും നുകരുമ്പോഴാണ് അറിവിന്റെ ആഴവും വ്യാപ്തിയും മനസ്സിലാക്കാൻ സാധിക്കുന്നതും കൂടുതല്‍ ഗ്രാഹ്യമാകുന്നതും. ആശയ വിനിമയത്തിൽ മുഖഭാവത്തിന് വലിയ പങ്കുണ്ട്. അതോടൊപ്പം ഹൃദയങ്ങളിൽ നിന്നും ഹൃദയങ്ങളിലേക്ക് വെളിച്ചം പകർന്നുനൽകാനും സാധിക്കുന്നു. സ്നേഹത്തിന്റെയും സമർപ്പണത്തിന്റെയും പെരുമാറ്റത്തിന്റെയും ആത്മവിശ്വാസത്തിന്റെയും അടിസ്ഥാന മൂല്യങ്ങൾ പഠിക്കുന്നത് ഗുരുമുഖത്ത് നിന്നാണ്.
സുബദ്ധങ്ങളെ പ്രശംസിക്കാനും അബദ്ധങ്ങളെ തിരുത്താനും കൂടുതൽ അവസരങ്ങൾ ലഭിക്കുന്നു. ഈ പ്രക്രിയക്കാണ് സംസ്‌കരണം എന്ന് പറയുന്നത്. പഠനത്തോടൊപ്പം സംസ്‌കരണപ്രക്രിയ കൂടി നടക്കുമ്പോഴാണ് അറിവ് ഫലവത്താകുന്നത്. മാനസാന്തരങ്ങളിൽ അള്ളിപ്പിടിച്ച ദുര്‍വിചാര വികാരങ്ങളെ പിഴുതെറിയാൻ സാധിക്കുന്നു. നബി(സ)യുടെ അധ്യാപന രീതി ശാസ്ത്രത്തിൽ സംസ്‌കരണത്തിന്റെയും ചേർത്തുപിടിക്കലിന്റെയും അനേകം ഉദാത്തമാതൃകകൾ ദർശിക്കാവുന്നതാണ്. പഠിതാവിന്റെ ചിന്താശേഷിയും നിരീക്ഷണപാടവവും പരമാവധി ഉപയോഗപ്പെടുത്തിയായിരുന്നു അവിടുത്തെ അധ്യാപന രീതി. പരസ്ത്രീ ബന്ധത്തിന് സമ്മതം ചോദിച്ച് തിരുനബി(സ)യെ സമീപിച്ച യുവാവിനെ അത്തരം നീചവൃത്തിയിൽ നിന്ന് മുക്തനാക്കാനും സംസ്കരിച്ചെടുക്കാനും അവിടുന്ന് പ്രയോഗിച്ച മനഃശാസ്ത്ര രീതി പുതിയകാലത്ത് ഏറെ പഠന വിധേയമാക്കേണ്ടതുണ്ട്. അവിടുന്ന് തിരിച്ചു ചോദിച്ചു. “നിങ്ങളുടെ ഉമ്മയെ, സഹോദരിയെ, മകളെ… ഒരാള്‍ വ്യഭിചരിക്കുന്നത് നിങ്ങള്‍ക്ക് ഇഷ്ടമാണോ?’ ആ മറുചോദ്യത്തിന്റെ മർമം മനസ്സിലാക്കിയ യുവാവ് നന്മയുടെ നാനാവശങ്ങളെയും നൂറ് ശതമാനം ഉൾക്കൊള്ളാൻ സന്നദ്ധനായി. (അഹ്്മദ്)
മുആവിയതുബ്‌നുൽ ഹകമിസ്സലമി(റ) നബി(സ)യോടൊപ്പം നിസ്‌കരിക്കുമ്പോള്‍ ഒരാള്‍ തുമ്മിയ ശബ്ദം അദ്ദേഹം കേട്ടു. ഉടനെ “അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ’ എന്നർഥം വരുന്ന പ്രാർഥന നടത്തി. തദവസരത്തിൽ ആളുകളെല്ലാം അദ്ദേഹത്തെ തുറിച്ചുനോക്കുകയും എന്തോ പന്തികേട് സംഭവിച്ചെന്ന് അദ്ദേഹം ധരിക്കുകയും ചെയ്തു. തിരുദൂതർ(സ) നിസ്‌കാരത്തിൽ നിന്നും വിരമിച്ച ഉടൻ അദ്ദേഹത്തെ ശാസിക്കുകയോ ചീത്ത പറയുകയോ ചെയ്യാതെ സൗമ്യമായി തിരുത്തിക്കൊടുത്തു. തിരുനബി(സ)യുടെ സ്നേഹസ്പർശത്തിന്റെ ഉൾക്കരുത്തിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു: തിരുനബി (സ)യേക്കാള്‍ ഉത്തമനായ ഒരു ഗുരുനാഥനെ അതിന് മുമ്പോ ശേഷമോ ഞാൻ കണ്ടിട്ടില്ല’. (മുസ്്ലിം) “തിരുനബി(സ)യും ശിശ്യന്മാരും പള്ളിയിലായിരിക്കെ, ഒരു ഗ്രാമീണന്‍ പള്ളിയുടെ ഒരു ഭാഗത്ത് മൂത്രമൊഴിക്കാന്‍ തുടങ്ങി. ഇതു ശ്രദ്ധയില്‍പെട്ട അനുചരന്മാർ അയാളെ തടയാന്‍ ശ്രമിച്ചു. ഉടൻ തിരുനബി(സ) അവരെ വിലക്കി. മൂത്രമൊഴിച്ച് പൂര്‍ത്തിയാകുംവരെ ക്ഷമിക്കാനാവശ്യപ്പെടുകയും ചെയ്തു. അങ്ങനെ അയാള്‍ തന്റെ ആവശ്യം പൂര്‍ത്തീകരിച്ചപ്പോള്‍ മുത്ത്നബി(സ) അയാളെ തന്റെ അടുത്തിരുത്തി. എന്നിട്ട് ശാന്തസ്വരത്തില്‍ പറഞ്ഞു: ‘പള്ളിയില്‍ മൂത്രമൊഴിക്കാന്‍ പാടില്ല. പള്ളി നിസ്‌കാരത്തിനും പ്രാര്‍ഥനക്കും ഖുര്‍ആന്‍ പാരായണത്തിനുമുള്ളതാണ്.’ തുടര്‍ന്ന് തന്റെ അനുചരന്മാരോട് ഒരു തൊട്ടി വെള്ളം കൊണ്ടുവന്ന് അയാള്‍ മൂത്രമൊഴിച്ചിടത്ത് ഒഴിക്കാനാവശ്യപ്പെട്ടു. അവരത് ചെയ്തു. ശേഷം അവിടുന്ന് പറഞ്ഞു: നിശ്ചയം എല്ലാം അനായാസകരമാക്കാൻ വേണ്ടിയാണ് നിങ്ങൾ നിയോഗിതരായത്, പ്രയാസപ്പെടുത്താനല്ല’. (ബുഖാരി)
ഗുരുശിഷ്യ ബന്ധത്തെ വളരെ പവിത്രമായിട്ടാണ് വിശുദ്ധ ഇസ്‌ലാം കാണുന്നത്. ഏറ്റവും ഉത്തമനായ അധ്യാപകനായിരുന്നു തിരുനബി(സ). മാതൃകാ അധ്യാപകന്റെ സർവഗുണങ്ങളും അവിടുത്തെ ജീവിതത്തിലുണ്ടായിരുന്നു. നിഷ്ഫലമായ കുറെ തത്വങ്ങൾ പഠിപ്പിക്കുകയായിരുന്നില്ല, നിത്യജീവിതത്തിൽ പ്രായോഗികമായ ധാർമിക മൂല്യങ്ങൾ ഇരുപത്തിമൂന്ന് വർഷങ്ങൾക്കിടയിൽ ജീവിച്ചുകാണിച്ച് കൊടുക്കുകയായിരുന്നു. വിജ്ഞാന ദാഹികളായി അവിടുത്തെ സമീപിക്കുന്നവരെ സന്തോപൂർവം സ്വീകരിക്കുകയും “വിദ്യാർഥിക്ക് എന്റെ സ്വാഗതം’ എന്ന് പറയുകയും ചെയ്യാറുണ്ടായിരുന്നു. (ത്വബ്റാനി) അവിടുന്ന് പറഞ്ഞു.”നിശ്ചയം ഞാൻ നിയോഗിതനായത് ആധ്യാപകനായിട്ടാണ്’. (തിർമിദി)
ശാസ്ത്ര പ്രതിഭയും മുൻ രാഷ്ട്രപതിയുമായ എ പി ജെ അബ്ദുൽ കലാം നല്ല അധ്യാപകനെ പ്രവാചകനെന്നാണ് വിശേഷിപ്പിച്ചത്. കവിതാ വിജ്ഞാന ശാഖയില്‍ അത്ഭുത പ്രപഞ്ചം തീര്‍ത്ത, കവികളുടെ രാജകുമാരനെന്നറിയപ്പെടുന്ന ഈജിപ്ഷ്യൻ കവി അഹ്‌മദ് ശൗഖി അധ്യാപക വൃത്തിയെ വളരെ മനോഹരമായാണ് വർണിക്കുന്നത്. “അധ്യാപകർക്കുവേണ്ടി നിലകൊള്ളുകയും അവരെ ബഹുമാനിക്കുകയും ചെയ്യുക. അധ്യാപകർ പ്രവാചകരെ പോലെയാണ്’. (ശൗഖിയ്യാത്)
പ്രമുഖ അധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയുമായിരുന്ന ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബർ അഞ്ച് 1961 മുതൽ ദേശീയ അധ്യാപകദിനമായിട്ടാണ് ആചരിക്കുന്നത്. വിദ്യയോടൊപ്പം സ്നേഹവും കരുതലും പ്രചോദനവും നൽകി തമസ്സിൽ നിന്നും ജ്ഞാനപ്രഭയിലേക്ക് കൈപ്പിടിച്ചുയർത്തിയ ഗുരുക്കന്മാരെ ഓർമിക്കാനും അവരെ ബഹുമാനിക്കാനുമാണ് ഈ ദിനം പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്. വിദ്യാഭ്യാസ മേഖലയിലെ പുതിയ കാഴ്ചപ്പാടുകളെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ അധ്യാപകർക്കും ദേശസ്നേഹത്തിന്റെയും ധാർമിക മൂല്യങ്ങളുടെയും പരസ്പര ബഹുമാനത്തിന്റെയും ഉള്‍ക്കരുത്ത് ആര്‍ജിച്ച് ഉയരങ്ങൾ കീഴടക്കാൻ വിദ്യാർഥികള്‍ക്കും സാധിക്കട്ടെ എന്നും പ്രാർഥിക്കാം.