From the print
പന്ത്രണ്ടിലും ഗുരുകുലം
2012ലെ തൃശൂര്‍ കലോത്സവത്തിലാണ് സ്‌കൂള്‍ കുതിപ്പ് തുടങ്ങിയത്. 44 ഇനങ്ങളിലായി 202 കുട്ടികളാണ് ഇത്തവണ സ്‌കൂളില്‍ നിന്ന് മത്സരിച്ചത്. 171 പോയിന്റോടെ മറ്റ് സ്‌കൂളുകളെ ബഹുദൂരം പിന്നിലാക്കി ചാമ്പ്യനാകുകയും ചെയ്തു.
തിരുവനന്തപുരം | കേരള സ്‌കൂള്‍ കലോത്സവത്തില്‍ വ്യാഴവട്ടക്കാലമായി ഏറ്റവും കൂടുതല്‍ പോയിന്റ്‌നേടുന്ന സ്‌കൂള്‍ എന്ന നേട്ടം ആലത്തൂര്‍ ബി എസ് എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറിക്ക്. 2012ലെ തൃശൂര്‍ കലോത്സവത്തിലാണ് സ്‌കൂള്‍ കുതിപ്പ് തുടങ്ങിയത്.
44 ഇനങ്ങളിലായി 202 കുട്ടികളാണ് ഇത്തവണ സ്‌കൂളില്‍ നിന്ന് മത്സരിച്ചത്. 171 പോയിന്റോടെ മറ്റ് സ്‌കൂളുകളെ ബഹുദൂരം പിന്നിലാക്കി ചാമ്പ്യനാകുകയും ചെയ്തു. സംഘനൃത്തം, സംഘഗാനം, ദേശഭക്തിഗാനം, ഒപ്പന, പൂരക്കളി, പരിചമുട്ട്, യക്ഷഗാനം, ചവിട്ട് നാടകം, വൃന്ദവാദ്യം തുടങ്ങിയ ഗ്രൂപ്പ് ഇനങ്ങളിലും മറ്റ് വ്യക്തിഗത ഇനങ്ങളിലും കുട്ടികള്‍ മത്സരിച്ചു.
മികച്ച കലാ പരിശീലകരുടെ നേതൃത്വത്തില്‍ അധ്യയന വര്‍ഷത്തിന്റെ തുടക്കം മുതല്‍ ആരംഭിക്കുന്ന പരിശീലനം സംസ്ഥാന കലോത്സവ വേദിയില്‍ എത്തുന്നതോടെയാണ് പൂര്‍ണമാകുന്നത്. പാലക്കാട് റവന്യൂ ജില്ലാ കലോത്സവ വിധി നിര്‍ണയത്തിലെ പിഴവുകള്‍ ഇല്ലായിരുന്നെങ്കില്‍ ഇതിലും വലിയ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കാന്‍ കഴിയുമായിരുന്നുവെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. കലയെ ആത്മാര്‍ഥതയോടെ കാണുന്ന കുട്ടികളില്‍ വിവേചനങ്ങള്‍ക്ക് അതീതമായ ഐക്യബോധവും നേതൃത്വഗുണവും ഉണ്ടാകുന്നു എന്നതാണ് കലോത്സവങ്ങളുടെ പ്രയോജനമെന്ന് ബി എസ് എസ് ഗുരുകുലം പ്രിന്‍സിപ്പല്‍ ഡോ. വിജയന്‍ വി ആനന്ദ് പറഞ്ഞു.
സംസ്ഥാന മേളയില്‍ പാലക്കാട് ജില്ലയുടെ കുതിപ്പിന്റെ യഥാര്‍ഥ അവകാശികള്‍ ബി എസ് എസ് ഗുരുകുലം കുട്ടികളാണ്. പങ്കെടുത്ത എല്ലാ മത്സരങ്ങളിലും എ ഗ്രേഡോടെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 85, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 86, സംസ്‌കൃതോത്സവത്തില്‍ 30 പോയിന്റുകള്‍ ഗുരുകുലം സ്വന്തമാക്കി. കലയെ ലഹരിയായി കാണുന്ന ഗുരുകുലം വരും കലോത്സവങ്ങളിലും നേട്ടം ആവര്‍ത്തിക്കാനുള്ള പരിശ്രമം തുടരുമെന്ന് സ്‌കൂള്‍ കലോത്സവ ടീം സിറാജിനോട് പറഞ്ഞു.