Kerala
ആനയിടഞ്ഞത് പടക്കം പൊട്ടി പേടിച്ചെന്ന് ഗുരുവായൂര്‍ ദേവസ്വം; എന്തിന് അവിടേക്ക് കൊണ്ടുപോകുന്നെന്ന് ഹൈക്കോടതി
ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ആനകളെ ആനക്കോട്ടക്ക് പുറത്തേക്ക് എന്തിന് കൊണ്ടുപോകുന്നുവെന്നും ഹൈക്കോടതി

കോഴിക്കോട് | കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി ഗുരുവായൂര്‍ ദേവസ്വം. പടക്കം പൊട്ടിയപ്പോള്‍ പേടിച്ചാണ് ആന ഇടഞ്ഞതെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്് ഗുരുവായൂര്‍ ദേവസ്വം വൈറ്ററിനറി സര്‍ജന്‍ വിശദീകരണം നല്‍കിയത്. ഉത്സവത്തിന്റെ ഭാഗമായുള്ള വെടിക്കെട്ട് അസ്വസ്ഥതപ്പെടുത്തുന്നുവെങ്കില്‍ എന്തിന് അവിടേക്ക് ആനളെ കൊണ്ടുപോകുന്നുവെന്നായി അതോടെ ഹൈക്കോടതിയുടെ ചോദ്യം.
ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ആനകളെ ആനക്കോട്ടക്ക് പുറത്തേക്ക് എന്തിന് കൊണ്ടുപോകുന്നുവെന്നും ഹൈക്കോടതി ചോദിച്ചു. എഴുന്നള്ളിപ്പിന് കൊണ്ടുപോകുമ്പോള്‍ ആനകളുടെ ഭക്ഷണകാര്യങ്ങളും വിശ്രമം ഉള്‍പ്പടെയുള്ളവയും എങ്ങനെ ഉറപ്പാക്കുന്നു. ഇക്കാര്യത്തില്‍ ഗുരുവായൂര്‍ ദേവസ്വം വിശദീകരണം നല്‍കണമെന്ന് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു.
കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് ജീവനുകളാണ് മരണപ്പെട്ടത്. പടക്കം പൊട്ടിച്ചപ്പോള്‍ പീതാംബരന്‍ എന്ന ആന ഇടയുകയും മുന്‍വശത്ത് നിന്ന ഗോകുല്‍ എന്ന ആനയെ കുത്തുകയുമായിരുന്നു. ആനയുടെ ആക്രമണത്തില്‍ കെട്ടിടം തകര്‍ന്നുവീണ് രണ്ട് പേര്‍ക്കും ആനയുടെ ചവിട്ടേറ്റ് ഒരാള്‍ക്കുമാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇക്കഴിഞ്ഞ പതിമൂന്നിനായിരുന്നു അപകടം.