Connect with us

From the print

ഗ്യാനേഷ് കുമാർ മുഖ്യതിര. കമ്മീഷണർ; തിടുക്കം കൂട്ടി കേന്ദ്രം

തീരുമാനം സുപ്രീം കോടതി വിധിക്ക് ശേഷം മതിയെന്ന് രാഹുൽ ഗാന്ധി.

Published

|

Last Updated

ന്യൂഡല്‍ഹി | മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നതിനുള്ള സെലക്ഷന്‍ സമിതിയുടെ യോഗത്തില്‍ എതിര്‍പ്പുയര്‍ത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ന് സ്ഥാനമൊഴിയുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിന് പകരക്കാരനെ കണ്ടെത്തുന്നതിന് ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് രാഹുല്‍ കേന്ദ്രത്തിന്റെ തിടുക്കത്തില്‍ വിമര്‍ശം ഉന്നയിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തിരഞ്ഞെടുക്കുന്ന സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി നിയമം കൊണ്ടുവന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള ഹരജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ തിടുക്കപ്പെട്ടുള്ള നിയമനത്തെ രാഹുല്‍ യോഗത്തില്‍ എതിര്‍ത്തു.

ഹരജികള്‍ ഈയാഴ്ച പരിഗണിക്കുന്നുണ്ടെന്നും വിഷയത്തില്‍ സുപ്രീം കോടതി തീരുമാനമെടുക്കുന്നതുവരെ നിയമനം മാറ്റിവെക്കണമെന്നുമാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്. നിലവിലെ വ്യവസ്ഥകള്‍ പ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നതില്‍ ഭരണകക്ഷിക്ക് മേധാവിത്വമുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

ഹരജി നാളെ പരിഗണിക്കും
30 മിനുട്ട് നീണ്ടുനിന്ന യോഗത്തില്‍, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍, തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്നീ സ്ഥാനങ്ങളിലേക്ക് ചുരുക്കപ്പട്ടിക ചെയ്ത അഞ്ച് പേരുകള്‍ സമിതിയുടെ പരിഗണനക്കായി സമര്‍പ്പിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. യോഗ നടപടികളില്‍ രാഹുല്‍ ഗാന്ധിയുടെ വിയോജനക്കുറിപ്പ് ഉള്‍പ്പെടുത്തിയതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍, കമ്മീഷണര്‍ എന്നീ രണ്ട് തസ്തികകളെക്കുറിച്ചും യോഗം അന്തിമ തീരുമാനം എടുത്തതായും വൃത്തങ്ങള്‍ പറഞ്ഞു. സമിതിയില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയ നടപടിയില്‍ സമര്‍പ്പിച്ച ഹരജി നാളെയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.

പരിഗണിച്ചത് സീനിയോറിറ്റി
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിലവിലെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ നിയമിച്ചു. ഗ്യാനേഷ് കുമാറിനെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചാല്‍ ഈ വര്‍ഷം അവസാനം നടക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെയും അടുത്ത വര്‍ഷം നടക്കുന്ന പശ്ചിമ ബംഗാള്‍, അസം, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുകളുടെയും നടത്തിപ്പ് അദ്ദേഹം നിയന്ത്രിക്കും. കേരള കേഡറില്‍ നിന്നുള്ള 1988 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാര്‍, നേരത്തേ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഭാഗമായും പ്രവര്‍ത്തിച്ചിരുന്നു.

ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത ബില്ലിന്റെ കരട് തയ്യാറാക്കുന്നതില്‍ മന്ത്രാലയത്തെ സഹായിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനിലെ നിലവിലെ രണ്ട് കമ്മീഷണര്‍മാരില്‍ മുതിര്‍ന്നയാളാണ്. ഉത്തരാഖണ്ഡ് കേഡറില്‍ നിന്നുള്ള ഉദ്യോഗസ്ഥനായ സുഖ്ബീര്‍ സിംഗ് സന്ധുവാണ് മറ്റൊരു കമ്മീഷണര്‍.

ബലിയാടാക്കുന്നു
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ ചിലര്‍ ബലിയാടാക്കുന്നുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു. യാത്രയയപ്പ് യോഗത്തിലാണ് രാജീവ് കുമാര്‍ ആരോപണം ഉന്നയിച്ചത്. ഗൂഢോദ്ദേശ്യത്തോടെ ചിലര്‍ കമ്മീഷനെതിരെ കള്ളപ്രചാരണം നടത്തുന്നു. തോല്‍ക്കുന്നവര്‍ ഇതംഗീകരിക്കാതെ കമ്മീഷനെ കുറ്റം പറയുന്ന പ്രവണത അവസാനിപ്പിക്കണം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമം ആശാസ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികള്‍ക്ക് വിദേശങ്ങളില്‍ നിന്ന് വോട്ട് ചെയ്യാന്‍ സൗകര്യം ഒരുക്കണം. ഓരോ പോളിംഗ് സ്റ്റേഷനിലെയും വോട്ട് മനസ്സിലാകാത്ത രീതിയില്‍ വോട്ടെണ്ണല്‍ ക്രമീകരിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.

 

Latest