Gyanvapi masjid
ഗ്യാന്‍വ്യാപി സര്‍വേ: ഹിന്ദു മുദ്രകള്‍ കണ്ടെന്ന അഭ്യൂഹം തുടര്‍ന്നാല്‍ ബഹിഷ്‌കരിക്കുമെന്ന് മസ്ജിദ് കമ്മിറ്റി
ഒരു പക്ഷം മാധ്യമങ്ങളാണ് ശനിയാഴ്ച അഭ്യൂഹം പ്രചരിപ്പിച്ചതെന്ന് മസ്ജിദ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി സയ്യിദ് മുഹമ്മദ് യാസീന്‍ പറഞ്ഞു.
വാരാണസി | ഗ്യാന്‍വ്യാപി മസ്ജിദിലെ ആര്‍ക്കിയോളജക്കില്‍ സര്‍വേ ഓഫ് ഇന്ത്യ (എ എസ് ഐ)യുടെ സര്‍വേ മൂന്നാം ദിവസവും തുടരുന്നു. സര്‍വേക്കിടെ ഹിന്ദു മത ചിഹ്നങ്ങളും മുദ്രകളും വസ്തുക്കളും കണ്ടെത്തിയെന്ന അഭ്യൂഹം പടര്‍ന്നാല്‍ നടപടിക്രമങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് മസ്ജിദ് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ സര്‍വേ നടത്തുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ രാജേഷ് മിശ്ര പറഞ്ഞു.
സര്‍വേയില്‍ ഇതുവരെ തൃപ്തിയുണ്ടെന്ന് ഹിന്ദു പക്ഷ അഭിഭാഷകന്‍ സുധീര്‍ ത്രിപാഠി പറഞ്ഞു. ഇന്നത്തെ സര്‍വേയില്‍ മസ്ജിദ് പരിപാലിക്കുന്ന അഞ്ചുമന്‍ ഇന്‍തിസാമിയ കമ്മിറ്റി പ്രതിനിധി പങ്കെടുക്കുന്നുണ്ട്. ആഗസ്റ്റ് നാലിലെ സര്‍വേയില്‍ മസ്ജിദ് പക്ഷം പങ്കെടുത്തിരുന്നില്ല.
ഒരു പക്ഷം മാധ്യമങ്ങളാണ് ശനിയാഴ്ച അഭ്യൂഹം പ്രചരിപ്പിച്ചതെന്ന് മസ്ജിദ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി സയ്യിദ് മുഹമ്മദ് യാസീന്‍ പറഞ്ഞു. തഖാന എന്ന് പേരുള്ള അടിത്തറ ഭാഗത്തെ സര്‍വേക്കിടെ വിഗ്രഹങ്ങളും ത്രിശൂലവും കലശവും കണ്ടെത്തിയെന്നാണ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. ഇത്തരം പ്രവര്‍ത്തനമുണ്ടായാല്‍ സര്‍വേ ബഹിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എ എസ് ഐ സര്‍വേ തുടരാന്‍ അനുമതി നല്‍കിയ അലഹാബാദ് ഹൈക്കോടതി വിധി, സ്‌റ്റേ ചെയ്യാന്‍ വെള്ളിയാഴ്ച സുപ്രീം കോടതി വിസമ്മതിച്ചിരുന്നു.