National
ഗ്യാൻവാപി മസ്ജിദ് സർവേ; റിപ്പോർട്ട് സമർപ്പിക്കാൻ നാലാഴ്ച സമയം അനുവദിച്ച് വാരാണസി കോടതി
സെപ്തംബർ രണ്ടിന് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി
അലഹബാദ് | ഗ്യാൻവാപി മസിജിദിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തുന്ന സർവേ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിച്ച് വാരാണസി കോടതി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് നാലാഴ്ചത്തെ സമയമാണ് കോടതി അനുവദിച്ചത്. സെപ്തംബർ രണ്ടിന് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി നിർദേശം നൽകി. സർവേ പൂർത്തീകരിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് തീരുമാനം.
വെള്ളിയാഴ്ചയാണ് മസ്ജിദിൽ സർവേ തുടങ്ങിയത്. 17ാം നൂറ്റാണ്ടിൽ നിർമിച്ച മസ്ജിദ് നേരത്തെ അവിടെ ഉണ്ടായിരുന്ന അമ്പലം പൊളിച്ചാണ് പണിതത് എന്ന ഹിന്ദു വിഭാഗത്തിന്റെ ആരോപണമാണ് സർവേയിലേക്ക് നയിച്ചത്. സർവേക്ക് എതിരെ മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല. ഹൈക്കോടതിയുടെ തീരുമാനം പിന്നീട് സുപ്രീം കോടതിയും ശരിവെച്ചു. മസ്ജിദിന് കേടുപാടുകൾ വരുത്തരുതെന്നും ഉത്ഖനനം നടത്തരുതെന്നും സുപ്രീം കോടതി നിർദേശം നൽകിയിട്ടുണ്ട്.
ഇന്ന് രാവിലെ തുടങ്ങിയ സർവേ വൈകീട്ട് അഞ്ച് മണിക്കാണ് പൂർത്തിയായത്. സർവേയിൽ വിഗ്രഹം കണ്ടെത്തിയില്ലെങ്കിലും വിഗ്രഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് ഹിന്ദുവിഭാഗം അവകാശപ്പെടുന്നുണ്ട്.