Gyanvapi mosque
ഗ്യാന്‍വാപി: പള്ളി കമ്മിറ്റിയുടെ ഹരജി കോടതി തള്ളി
ഹിന്ദുക്കള്‍ക്ക് ആരാധാനവകാശം തേടിയുള്ള ഹരജി നിലനില്‍ക്കുമെന്ന് കോടതി

വാരാണസി | ചരിത്ര പ്രിസിദ്ധമായ ഗ്യാന്‍വാപി പള്ളിയില്‍ നിത്യാരാധന നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹരജി നിലനില്‍ക്കുമെന്ന് കോടതി. ഇതിനെ ചോദ്യം ചെയ്ത് അഞ്ജുമാന്‍ ഇസ്ലാമിയ മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹരജി വരാണസി ജില്ലാ കോടതി തള്ളി. ഹിന്ദുക്കള്‍ക്ക് ആരാധാനവകാശം തേടിയുള്ള ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു. ഈ ഹരജി നിലനില്‍ക്കുമെന്ന് കോടതി അറിയിച്ചു. പള്ളിയില്‍ ഹിന്ദുക്കള്‍ക്ക് ആരാധന നടത്താന്‍ അനുമതി നല്‍കുന്ന കാര്യത്തില്‍ കോടതി വിശദ വാദത്തിന് ശേഷം തീരുമാനിക്കും. എന്നാല്‍ വാരണസി കോടതി വിധിക്കെതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിക്കുമെന്ന് മസ്ജിദ് കമ്മിറ്റി അറിയിച്ചു.
പള്ളിക്കുള്ളിലുണ്ടെന്ന് അവകാശപ്പെടുന്ന ദൃശ്യമായതും അല്ലാത്തതുമായ വിഗ്രഹങ്ങള്‍ മുമ്പാകെ പൂജ നടത്താന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് ഏതാനും സ്ത്രീകള്‍ വരാണസി സിവില്‍ കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് അഞ്ജുമാന്‍ ഇസ്ലാമിയ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹരജിയിലാണ് ജില്ലാ ജഡ്ജി എ കെ വിശ്വേശ തള്ളിയത്.
വാരാണസിയില്‍ സ്ഥിരതാമസമാക്കിയ ഡല്‍ഹി സ്വദേശികളായ ലക്ഷ്മി ദേവി, സീത സാഹു, രാഖി സിംഗ്, മഞ്ജു വ്യാസ്, രേഖ പദക് എന്നീ അഞ്ചു സ്ത്രീകളാണ് പൂജ നടത്താന്‍ അനുമതി തേടി നേരത്തെ ഹരജി നല്‍കിയിരുന്നത്.
കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വരാണസിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പോലീസ് കമീഷണര്‍ സതീഷ് അറിയിച്ചു. പള്ളിക്കും പരിസരത്തും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.