National
ഗ്യാന്‍വാപി: ശിവിലംഗം കണ്ടെന്ന കിംവദന്തി പൊതു അസ്വസ്ഥതക്ക് കാരണമാകുന്നുവെന്ന് മസ്ജിദ് കമ്മിറ്റി
പള്ളിയുടെ പേര് അവകാശപ്പെടാന്‍ എതിര്‍ കക്ഷികള്‍ക്ക് അവകാശമില്ലെന്നും കമ്മിറ്റി
ന്യൂഡല്‍ഹി | ഗ്യാന്‍വാപി മസ്ജിദ് കേസില്‍ വാരാണസി ജില്ലാ കോടതിയില്‍ തിങ്കളാഴ്ച വാദം തുടരും. ഇന്ന് പള്ളിക്കമ്മിറ്റി തങ്ങളുടെ വാദങ്ങള്‍ കോടതിയില്‍ ബോധിപ്പിച്ചുവെങ്കിലും പൂര്‍ത്തിയാക്കാനായില്ല. തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്കാണ് കേസില്‍ വാദം കേള്‍ക്കുന്നത് തുടരുക. ഗ്യാന്‍വാപി പള്ളിയില്‍ അവകാശവാദം ഉന്നയിച്ച് ഹിന്ദു പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ നിലനില്‍പ്പ് ചോദ്യം ചെയ്താണ് അന്‍ജുമാന്‍ മസ്ജിദ് കമ്മിറ്റി ഹരജി നല്‍കിയത്.
ഹിന്ദു വിഭാഗം സമര്‍പ്പിച്ച ഹര്‍ജി കോഡ് ഓഫ് സിവില്‍ പ്രൊസീജ്യറിലെ ചട്ടം രണ്ട് പ്രകാരം നിലനില്‍ക്കാത്തതും തള്ളിക്കളയാന്‍ പറ്റാത്തതുമാണെന്ന് മസ്ജിദ് കമ്മിറ്റി വാദിച്ചു. പള്ളിയില്‍ ശിവലിംഗം കണ്ടെത്തിയെന്ന കിംവദന്തി പരന്നത് പൊതു അസ്വസ്ഥതക്ക് കാരണമാകുന്നുവെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. ശിവലിംഗം ഉണ്ടെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
1991 ലെ ആരാധനാലയ നിയമം ഉദ്ധരിച്ചുകൊണ്ട് സുപ്രീം കോടതിയുടെ മുന്‍ കീഴ്വഴക്കങ്ങളും കമ്മിറ്റി പരാമര്‍ശിച്ചു. പള്ളിയുടെ പേര് അവകാശപ്പെടാന്‍ എതിര്‍ കക്ഷികള്‍ക്ക് അവകാശമില്ലെന്നും കമ്മിറ്റി വാദിച്ചു.