National
ഗ്യാൻവാപി: പള്ളിക്കമ്മിറ്റിയുടെ ഹരജി ആദ്യം പരിഗണിക്കുമെന്ന് വാരാണസി ജില്ലാ കോടതി
കേസിൽ വാദം കേൾക്കൽ വ്യാഴാഴ്ച ആരംഭിക്കും

വാരാണസി | ഗ്യാൻവാപി പള്ളിക്കുള്ളിൽ സർവേയുടെ ഭാഗമായി ചിത്രീകരണം നടത്തിയത് നിയമ വിരുദ്ധമാണെന്ന പള്ളി കമ്മിറ്റിയുടെ ഹർജിയിൽ ആദ്യം വാദം കേൾക്കുമെന്ന് വാരാണസി ജില്ലാ കോടതി. കേസിൽ വാദം കേൾക്കൽ വ്യാഴാഴ്ച ആരംഭിക്കും. സർവേയിൽ ഇരുവിഭാഗത്തിനും എതിർപ്പുണ്ടെങ്കിൽ അക്കാര്യം വ്യക്തമാക്കി ഒരാഴ്ചക്കുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദേശം നൽകി.
രാജ്യത്തെ ഏതെങ്കിലും ആരാധനാലയത്തിന്റെ സ്വഭാവം മാറ്റുന്നത് തടയുന്ന 1991 ലെ നിയമത്തിന്റെ ലംഘനമാണ് പള്ളിയിലെ ചിത്രീകരണമെന്ന് പള്ളി കമ്മിറ്റി നൽകിയ ഹർജിയിൽ വ്യക്തമാക്കുന്നു. “പരിപാലന” കേസ് ആദ്യം കേൾക്കണമെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം. അത് അത് കോടതി അംഗീകരിച്ചു.
വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവുകളിൽ, ഗ്യാൻവാപി പള്ളിയിലെ സർവേയും സർവേയിലേക്ക് നയിച്ച ഹർജിയും ‘നിലനിർത്താവുന്നതാണോ’ എന്ന് മുൻഗണനാക്രമത്തിൽ തീരുമാനിക്കാൻ സുപ്രീം കോടതി വാരണാസി കോടതിയോട് ആവശ്യപ്പെട്ടിരുന്നു.