Kerala
മലപ്പുറത്ത് 12 പേര്‍ക്ക് എച്ച്1 എന്‍1; കൂടുതല്‍പേര്‍ക്ക് രോഗസാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്
ജൂലായ് ഒന്ന് മുതല്‍ എഴ് വരെയുള്ള ദിവസങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്.
മലപ്പുറം| മലപ്പുറത്ത് 12 പേര്‍ക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്. ജൂലായ് ഒന്ന് മുതല്‍ എഴ് വരെയുള്ള ദിവസങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്.
ഈ വര്‍ഷം ജില്ലയില്‍ ഇതുവരെ 30 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വഴിക്കടവ് സ്വദേശിക്കാണ് അവസാനം രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ പേര്‍ക്ക് എച്ച്1 എന്‍1 രോഗസാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.
സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, കോളറ, എച്ച്1 എന്‍1, വെസ്റ്റ് നെയ്ല്‍, അമീബിക് മസ്തിഷ്‌ക ജ്വരം എന്നിങ്ങനെ രോഗങ്ങള്‍ നിരവധിയാണ്. തിരുവനന്തപുരത്ത് കോളറ സ്ഥിരീകരിച്ചു. ഇതോടെ കേരളം അതീവ ജാഗ്രതയിലാണ്. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ സ്ഥാപനത്തിലെ എട്ട് പേരില്‍ കോളറ ലക്ഷണങ്ങള്‍ കണ്ടെത്തി. അതേ മസമയം കോളറ വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താന്‍ ഇനിയും ആരോഗ്യ വകുപ്പിന് സാധിച്ചിട്ടില്ല. ഉറവിടം കണ്ടെത്താനായി ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും പരിശോധന നടത്തിയിരുന്നു.
സ്വകാര്യ സ്ഥാപനത്തിലെ 21പേരാണ് നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. സ്ഥാപനത്തിലെ ഭിന്നശേഷിക്കാരനായ യുവാവ് അനു മരിച്ചത് കോളറ ബാധിച്ചാണെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. അനുവിനു കോളറ സ്ഥിരീകരിക്കാനോ സ്രവ സാംപിള്‍ ഉള്‍പ്പെടെ പരിശോധിക്കാനോ സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെ 10 വയസുകാരനു കോളറ സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യ വകുപ്പ് വിശദ പരിശോധന നടത്തിയത്.
ഡെങ്കിപ്പനി വ്യാപനത്തിലും കേരളം ആശങ്കയിലാണ്. ഒരാഴ്ചയ്ക്കിടെ 8379 പേര്‍ക്കാണ് പനി ബാധിച്ചത്. 24 മണിക്കൂറിനിടെ 13,756 പേര്‍ പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതായാണ് ഇന്നലെ ആരോഗ്യ വകുപ്പ് അറിയിച്ചത്. ജൂലൈ ഒമ്പതിന് 225 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് 20 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. രണ്ട് പേര്‍ എലിപ്പനി ബാധിച്ച് മരിക്കുകയും ചെയ്തു.