Connect with us

cover story

ഹാ...ഉഷ്ണമേ...

നല്ല കാലാവസ്ഥ ഓർമകളാവുന്ന മലയാളിക്ക്, വർഷകാലത്തെ പ്രളയം ദുഃസ്വപ്നം കണ്ട് ഞെട്ടി എഴുന്നേൽക്കുന്ന മലയാളിക്ക്, സ്വന്തം അക്കൗണ്ടിലേക്ക് ഇനി ഒരു നിക്ഷേപം കൂടി. "ഉഷ്ണതരംഗം'! വേണമെങ്കിൽ "ഉഷ്ണതരംഗം 2024' എന്ന് വിളിക്കാം. എവിടെയും സൂര്യാതപമേറ്റ മലയാളിയുടെ വിയർപ്പു ചാലുകൾ കേരളത്തെ മുക്കിയെടുക്കുകയാണ്. കേരളമെന്ന ചെറിയ ഭൂവിഭാഗം, തെറ്റുന്ന കാലാവസ്ഥാ കടലിടുക്കിൽ നിന്ന് എന്നെങ്കിലും പുറത്തു വരുമോ? കേരളം നേടിയെടുത്ത ഉഷ്ണതരംഗ മാപ്പ് മുൻനിർത്തി ഒരന്വേഷണം.

Published

|

Last Updated

ലയാളി വെയിൽ കായുകയാണ്. നിർബന്ധമായും പിടിച്ചു വെച്ച് ഉരുക്കിത്തീർക്കുന്ന പോലെയാണ് കാര്യങ്ങളുടെ കിടപ്പ്. നല്ല കാലാവസ്ഥ ഓർമകളാവുന്ന മലയാളിക്ക്, വർഷകാലത്തെ പ്രളയം ദുഃസ്വപ്നം കണ്ട് ഞെട്ടി എണീക്കുന്ന മലയാളിക്ക്, സ്വന്തം അക്കൗണ്ടിലേക്ക് ഇനി ഒരു നിക്ഷേപം കൂടി. “ഉഷ്ണതരംഗം’! വേണമെങ്കിൽ “ഉഷ്ണതരംഗം 2024′ എന്ന് വിളിക്കാം. എവിടെയും സൂര്യാതപമേറ്റ മലയാളിയുടെ വിയർപ്പു ചാലുകൾ കേരളത്തെ മുക്കിയെടുക്കുകയാണ്. കേരളമെന്ന ചെറിയ ഭൂവിഭാഗം, തെറ്റുന്ന കാലാവസ്ഥാ കടലിടുക്കിൽ നിന്ന് എന്നെങ്കിലും പുറത്തു വരുമോ?

ഉഷ്ണതരംഗം കേരളത്തിലും

കേരളത്തിൽ രണ്ടോ മൂന്നോ ജില്ലകളിൽ ഉഷ്ണതരംഗം എന്ന് റിപ്പോർട്ട് ചെയ്യുമ്പോൾ അത് ചില ഇന്ത്യൻ സംസ്ഥാനങ്ങളെ മാത്രം ബാധിക്കുന്നതാണെന്ന ധാരണയുണ്ടെങ്കിൽ തെറ്റി. ലോകം മുഴുവൻ ഉഷ്ണ തരംഗമുണ്ട്. ടൂറിസ്റ്റ് മേഖലകളടക്കം അടച്ചിട്ട് ലോകം ഉഷ്ണ തരംഗത്തെ ചെറുക്കുകയാണ്.

എന്റെ കേരളം എത്ര സുന്ദരം… വരികളിൽ പോലും തണലും കുളിർമയും തരുന്ന കേരളം ആകെ മാറ്റത്തിന്റെ വക്കിലേക്ക് നടന്നടുക്കുകയാണ്. സമശീതോഷ്ണ മേഖലയായ നമ്മുടെ കേരളം എത്ര വേഗത്തിലാണ് പ്രളയത്തിലേക്കും കൊടും മഴയിലേക്കും വഴിമാറിയത്. കാണെ കാണെ ഇതാ കൊടുംചൂടിലേക്കും എത്തി. ഇപ്പോൾ ഉഷ്ണ തരംഗത്തിൽ വന്നു നിൽക്കുന്നു. പാലക്കാട് ആദ്യ ഉഷ്ണ തരംഗ ജില്ലയാകുമ്പോൾ ഉത്തരേന്ത്യയിൽ കേട്ട പല വാർത്തകളും കേരളത്തിലേക്ക് സത്യത്തിൽ വന്നു ചേരുകയാണ്.

താപനില വര്‍ധിക്കുന്നത് ജനങ്ങളുടെ ആരോഗ്യത്തെ ബാധിച്ചു തുടങ്ങിയിരിക്കുന്നു. അതിന്റെ ഭയാനകമായ ഉദാഹരണമാണ് നവി മുംബൈയിൽ നടന്നത്. ഏപ്രില്‍ 16ന് നടന്ന പൊതുപരിപാടിക്കിടെ 11 പേരാണ് ചൂട് താങ്ങാനാകാതെ കുഴഞ്ഞുവീണും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ മൂര്‍ഛിച്ചും മരിച്ചത്. കേരളത്തിലും ചൂടു താങ്ങാനാകാതെ കുഴഞ്ഞു വീഴുന്നവർ കുറവല്ല എന്നോർക്കണം.▪️രാജ്യത്തെ ഒന്പത് സംസ്ഥാനങ്ങൾ കാലാവസ്ഥാ വ്യതിയാന ഭീഷണി നേരിടുന്നതായി റിപ്പോർട്ട് വന്നിട്ടുണ്ട്.

ലോകത്തിലെ 2,600 സംസ്ഥാനങ്ങളും പ്രദേശങ്ങളും ഉൾക്കൊള്ളുന്ന ക്രോസ് ഡിപൻഡൻസി ഇനിഷ്യേറ്റീവ് ആണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ഉഷ്ണ തരംഗം വ്യാപിക്കുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ പട്ടികയിലുണ്ട്. ലോകത്തെ എട്ട് വ്യത്യസ്ത കാലാവസ്ഥാ അപകടത്തെ കുറിച്ചാണ് പഠനം ശ്രദ്ധ കേന്ദ്രീകരിച്ചത്.

ഇന്ത്യയിൽ മാത്രമല്ല ഉഷ്ണതരംഗം. ലോകത്താകെ ഈ പ്രതിഭാസം നിലനിൽക്കുന്നു. യൂറോപ്പിൽ ഉഷ്ണതരംഗം മൂലം അവിടെ സഞ്ചാരത്തിനെത്തുന്നവർ സൺസ്ക്രീൻ ഉപയോഗിക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും വിദഗ്ധർ നിർദേശിക്കുന്നു. ഡീഹൈഡ്രേഷനും ഹീറ്റ് സ്ട്രോക്കിനും കാരണമാകുന്ന മദ്യപാനം മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവയും ഒഴിവാക്കണമെന്ന് കർശന നിർദേശമുണ്ട്. അതോടൊപ്പം യാത്രക്ക് ഒരുങ്ങുമ്പോൾ ട്രാവൽ ഇൻഷ്വറൻസ് പുതുക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക കൂടി വേണം.▪️ശരാശരി ഉയർന്ന ഊഷ്മാവിനേക്കാൾ അഞ്ച്ºസെന്റി ഗ്രേഡ് ഊഷ്മാവ്, അഞ്ച് ദിവസം തുടർച്ചയായി ഉണ്ടായാൽ അത് ഉഷ്ണതരംഗമായി.

സാധാരണ ഉയർന്ന ചൂടിനെ കണക്കാക്കാതെ, ശരിയായ ഉയർന്ന ചൂട് 45 ഡിഗ്രിയോ അതിലും കൂടുതലൊ ആകുകയാണെങ്കിൽ ഉഷ്ണ തരംഗം പ്രഖ്യാപിക്കണം.

ദിവസേനയുള്ള ഉയർന്ന ചൂടും കഠിനമായ നീണ്ട ഉഷ്ണ തരംഗവും ഒരോ വർഷം കഴിയും തോറും കൂടുകയാണ്. ഇന്ത്യയിലും ഇത് സംഭവിക്കുന്നു. ഉന്നത മർദം ചൂടിനെ ഭൂമിയുടെ പ്രതലത്തോട് ചേർത്ത് നിർത്തുമ്പോഴാണ് ഉഷ്ണതരംഗം ഉണ്ടാകുന്നത്. മൂവായിരത്തിനും ഏഴായിരത്തി അറുന്നൂറ് മീറ്ററിനും ഇടയിൽ ഉയർന്ന മർദം ഉണ്ടാകുകയും അത് ഒരു പ്രദേശം മുഴുവൻ കുറേ ദിവസത്തേക്ക് തങ്ങിനിൽക്കുകയും ചെയ്താൽ അത് ഉഷ്ണതരംഗമായി മാറുന്നു.▪️സൂര്യാതപവും കഴിഞ്ഞുള്ള അവസ്ഥയാണ് ഉഷ്ണ തരംഗം. അപ്പോൾ എന്താണ് ശരിക്കും ഈ ഉഷ്ണതരംഗം?നീണ്ടുനിൽക്കുന്ന ഉയർന്ന ചൂട് കൂടിയകാലാവസ്ഥയാണിത്. ഉയർന്ന ആർദ്രതയും ചിലപ്പോൾ ഉണ്ടായേക്കും. ഉയർന്ന ഉഷ്ണതരംഗം കൃഷിനാശത്തിലേക്കും ഉയർന്ന വൈദ്യുതി ഉപഭോഗത്തിലേക്കും നയിക്കുന്നു. അതായത്, തീവ്രമായ കാലാവസ്ഥ തന്നെ! ചൂടും സൂര്യപ്രകാശവും കൂടി മനുഷ്യശരീരത്തെ കൂടുതലായി ചൂടാക്കുന്നു.

ശരാശരി ഉയർന്ന ഊഷ്മാവിനേക്കാൾ അഞ്ച്ºസെന്റി ഗ്രേഡ് ഊഷ്മാവ്, അഞ്ച് ദിവസം തുടർച്ചയായി ഉണ്ടായാൽ അത് ഉഷ്ണതരംഗമായി. ഉന്നത മർദം ചൂടിനെ ഭൂമിയുടെ പ്രതലത്തോട് ചേർത്തുനിർത്തുമ്പോഴാണ് ഉഷ്ണതരംഗം ഉണ്ടാകുന്നത്. മൂവായിരത്തിനും ഏഴായിരത്തി അറുന്നൂറ് മീറ്ററിനും ഇടയിൽ ഉയർന്ന മർദം ഉണ്ടാവുകയും അത് ഒരു പ്രദേശം മുഴുവൻ കുറേ ദിവസത്തേക്ക് തങ്ങിനിൽക്കുകയും ചെയ്താൽ അത് ഉഷ്ണതരംഗമായി മാറുന്നു.

ശാരീരിക പ്രശ്നങ്ങൾ മാത്രമല്ല ഉഷ്ണ തരംഗം മാനസിക പിരിമുറുക്കവും ഉണ്ടാക്കുന്നു. ഇത് മനുഷ്യക്ഷമത കുറയ്ക്കുകയും കുറ്റകൃത്യങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. വ്യക്തികൾ തമ്മിലും സമൂഹത്തിലും അഭിപ്രായ വ്യത്യാസങ്ങൾ ചൂട് കൂട്ടുന്നുണ്ടെന്ന് പഠനങ്ങൾ അടിവരയിടുന്നു. ചൂട് കൂടുന്നതിനനുസരിച്ച് സംഘട്ടനം, കൊല, ബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങളും തോതും കൂടുന്നു. രാഷ്ട്രീയ അസ്ഥിരതയുള്ള രാജ്യങ്ങളിൽ ചൂട് കൂടുമ്പോൾ ആഭ്യന്തര യുദ്ധത്തിനു പോലും വഴിമരുന്നിടുന്നു. അത്ഭുതം തോന്നുമെങ്കിലും ഇവയെല്ലാം യാഥാർഥ്യമാണ്.

എന്തൊക്കെ ആകാം, ഇവ പാടില്ല
ഉഷ്ണ തരംഗത്തിന്റെ ആഘാതം കുറക്കുന്നതിനും സൂര്യാഘാതവും അതിനോടനുബന്ധിച്ച ബുദ്ധിമുട്ടുകളും മരണവും കുറയ്ക്കുന്നതിനും എന്തെല്ലാം ചെയ്യാം.

  • സൂര്യനുള്ളപ്പോൾ പ്രത്യേകിച്ച് 12.00 മണിക്കും 3.00 മണിക്കും ഇടക്ക് പുറത്തിറങ്ങാതിരിക്കുക.
  • ദാഹമില്ലെങ്കിലും ആവശ്യത്തിനും പറ്റുമ്പോഴൊക്കെയും വെള്ളം കുടിക്കണം.
  • കനം കുറഞ്ഞ, ഇളം നിറത്തിലുള്ള കാറ്റ് കടക്കുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം.
  • ചൂട് കൂടുതലുള്ളപ്പോൾ കൂടുതൽ ശാരീരിക അധ്വാനമുള്ള ജോലികൾ ചെയ്യാതിരിക്കുക.
  • പുറത്ത് 12.00 നും 3.00 ഇടക്ക് ജോലി ചെയ്യാതിരിക്കുക.
  • യാത്ര ചെയ്യുമ്പോൾ വെള്ളം കൈയിൽ കരുതുക.
  • ആൽക്കഹോൾ, കോള പോലുള്ള പാനീയങ്ങൾ, നിർജലീകരിക്കുന്ന ശീതളപാനീയങ്ങൾ ഉപേക്ഷിക്കുക. ചായ, കാപ്പി കുറയ്ക്കുക.
  • ഉയർന്ന കൊഴുപ്പുള്ളതും പഴകിയതുമായ ഭക്ഷണം കഴിക്കരുത്.
  • പുറത്ത് ജോലി ചെയ്യേണ്ടി വന്നാൽ തൊപ്പിയും, കുടയും ഉപയോഗിക്കുക. തലയിലും കഴുത്തിലും മുഖത്തും കൈകാലുകളിലും നനഞ്ഞ വസ്ത്രം കൊണ്ട് മൂടുക.
  • കുട്ടികളെ അടച്ച കാറിലാക്കി പോകരുത്.
  • തല ചുറ്റലോ ക്ഷീണമോ തോന്നിയാൽ ഉടൻ ഡോക്ടറെ കാണുക.
  • ശരീരത്തിന് പുനർജലീകരണം ചെയ്യുന്ന ഒ ആർ എസ് ലായനി, വീട്ടിലുണ്ടാക്കുന്ന പാനീയങ്ങളായ ലസ്സി, നാരങ്ങാവെള്ളം, സംഭാരം എന്നിവ കഴിക്കുക.
  • മൃഗങ്ങളെ തണലിൽ നിർത്തുക, ആവശ്യത്തിന് വെള്ളം കൊടുക്കുക.
  • ഫാൻ ഉപയോഗിക്കുക. നനഞ്ഞ വസ്ത്രങ്ങളും ഉപയോഗിക്കാം, തണുത്ത വെള്ളത്തിൽ ഇടക്കിടെ കുളിക്കുക.

ഉഷ്ണതരംഗവും ശരീരവും

പരിസ്ഥിതിയിൽ നിന്നുള്ള ബാഹ്യ താപവും ഉപാപചയ പ്രക്രിയകളിൽ നിന്നുണ്ടാകുന്ന ആന്തരിക -ശരീര താപവും സംയോജിപ്പിച്ചാണ് മനുഷ്യശരീരത്തിൽ താപം വർധിക്കുന്നത്. ഉഷ്ണതരംഗം മൂലം ശരാശരിയേക്കാൾ ചൂട് കൂടുതലായതിനാൽ, ചൂട് കൂടുന്നത് ദ്രുതഗതിയിലുള്ള വർധനവ് ശരീരത്തിന്റെ താപനില നിയന്ത്രിക്കാനുള്ള കഴിവിൽ വിട്ടുവീഴ്ച ചെയ്യുന്നു, ഇത് മലബന്ധം, ക്ഷീണം, ഹീറ്റ് സ്ട്രോക്ക്, ഹൈപ്പർതേർമിയ എന്നിവയുൾപ്പെടെയുള്ള അസുഖങ്ങളിലേക്ക് നയിച്ചേക്കാം.

ചൂട് മൂലമുള്ള മരണങ്ങളും ആശുപത്രി വാസങ്ങളും വളരെ വേഗത്തിൽ സംഭവിക്കാം ( ദിവസങ്ങൾ പോകെ കേരളത്തിലും ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നു), അല്ലെങ്കിൽ ഒരു മന്ദഗതിയിലുള്ള പ്രഭാവം (പല ദിവസങ്ങൾക്ക് ശേഷം) ഉണ്ടാകാം. ഇത് ഇതിനകം തന്നെ ദുർബലമായ അവസ്ഥയിൽ മരണമോ രോഗമോ ത്വരിതപ്പെടുത്തുന്നതിന് കാരണവുമാകുന്നു. പ്രത്യേകിച്ച് ചൂടിന്റെ ആദ്യ ദിവസങ്ങളിൽ ഇത് നിരീക്ഷിക്കപ്പെടുന്നു. ശരാശരി താപനിലയിൽ നിന്നുള്ള ചെറിയ വ്യത്യാസങ്ങൾ പോലും വർധിച്ച അസുഖവും മരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹൃദ്രോഗം, ശ്വസനം, സെറിബ്രോവാസ്കുലർ രോഗങ്ങൾ, പ്രമേഹവുമായി ബന്ധപ്പെട്ട അവസ്ഥകൾ എന്നിവയുൾപ്പെടെയുള്ള വിട്ടുമാറാത്ത രോഗാവസ്ഥകളും താപനിലയിലെ തീവ്രത വഷളാക്കും.

ചൂടിന് പരോക്ഷമായ, ആരോഗ്യപരമായ പ്രത്യാഘാതങ്ങളും ഉണ്ട്. എന്തെന്നാൽ ചൂട് സാഹചര്യങ്ങൾ മനുഷ്യന്റെ സ്വഭാവവും രോഗങ്ങളുടെ സംക്രമണവും ആരോഗ്യ സേവന വിതരണവും വായുവിന്റെ ഗുണനിലവാരവും ഊർജം, ഗതാഗതം, ജലം തുടങ്ങിയ നിർണായക സാമൂഹിക അടിസ്ഥാന സൗകര്യങ്ങളുമെല്ലാം മാറ്റും. ഉഷ്ണതരംഗങ്ങൾ കുറഞ്ഞ സമയത്തേക്ക് വലിയ ജനവിഭാഗങ്ങളെ സാരമായി ബാധിക്കുന്നു.

പലപ്പോഴും പൊതുജനാരോഗ്യ അത്യാഹിതങ്ങൾക്ക് ഇവ കാരണമാകുന്നു. അമിതമായ മരണനിരക്കുണ്ടാകുന്നു. തൊഴിൽ ശേഷിയും തൊഴിൽ ഉത്പാദനക്ഷമതയും നഷ്ടപ്പെടുന്നു. അവ ആരോഗ്യ സേവന വിതരണ ശേഷി നഷ്‌ടപ്പെടുത്താനും ഇടയാക്കും.

പലപ്പോഴും ഉഷ്ണതരംഗങ്ങൾക്കൊപ്പം ഉണ്ടാകുന്ന വൈദ്യുതി ക്ഷാമം ആരോഗ്യ സൗകര്യങ്ങൾ, ഗതാഗതം, ജല അടിസ്ഥാന സൗകര്യങ്ങൾ എന്നിവ തടസ്സപ്പെടുത്തുന്നു. വർധിച്ചുവരുന്ന താപനിലയും ഉഷ്ണതരംഗവും കണക്കിലെടുത്ത് ആരോഗ്യ വിദഗ്ധരും പൊതുജനാരോഗ്യ പ്രവർത്തകരും അവരുടെ ആസൂത്രണവും ഇടപെടലുകളും ക്രമീകരിക്കണം. വ്യക്തി, കമ്മ്യൂണിറ്റി, സംഘടന, സർക്കാർ, സാമൂഹിക തലങ്ങളിൽ പ്രായോഗികവും പലപ്പോഴും ചെലവ് കുറഞ്ഞതുമായ ഇടപെടലുകൾക്ക് ജീവൻ രക്ഷിക്കാനാകും. ഈ ഉഷ്ണ തരംഗം നമുക്ക് അതിജീവിച്ചേ മതിയാകൂ. ഈ കാലവും കഴിഞ്ഞു പോകും.

Latest