Connect with us

National

ക്രിക്കറ്റ് ഫൈനല്‍ ലക്‌നോവിലായിരുന്നെങ്കില്‍ ഇന്ത്യ ജയിക്കുമായിരുന്നു; ബി.ജെ.പിയെ പരിഹസിച്ച് അഖിലേഷ് യാദവ്

ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയില്‍ നടന്ന പൊതുയോഗത്തിലാണ് അഖിലേഷ് ബി.ജെ.പിയെ പരോക്ഷമായി പരിഹസിച്ചത്

Published

|

Last Updated

ലക്‌നോ| ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ മത്സരം അഹമ്മദാബാദില്‍ വെച്ച് നടത്തിയതിനു പകരം ലക്‌നോവിലാണെങ്കില്‍ ഇന്ത്യ ജയിക്കുമായിരുന്നുവെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയില്‍ നടന്ന പൊതുയോഗത്തിലാണ് അഖിലേഷ് ബി.ജെ.പിയെ പരോക്ഷമായി പരിഹസിച്ചത്. മത്സരം ലക്‌നോവിലായിരുന്നെങ്കില്‍ ടീം ഇന്ത്യക്ക് മഹാവിഷ്ണുവിന്റെയും മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെയും അനുഗ്രഹം ലഭിക്കുമായിരുന്നുവെന്നും യാദവ് കൂട്ടിച്ചേര്‍ത്തു.

ലക്‌നോക്രിക്കറ്റ് സ്റ്റേഡിയത്തിന് മുന്‍ സമാജ്വാദി പാര്‍ട്ടി സര്‍ക്കാര്‍ ‘ഏകന സ്റ്റേഡിയം’ എന്ന് നാമകരണം ചെയ്തിരുന്നു. മഹാവിഷ്ണുവിന്റെ അനേകം നാമങ്ങളില്‍ ഒന്നാണ് ഏകന. മുന്‍ പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി 2018-ല്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സ്റ്റേഡിയത്തിന് ‘ഭാരത് രത്‌ന അടല്‍ ബിഹാരി വാജ്പേയി ഏകന ക്രിക്കറ്റ് സ്റ്റേഡിയം’ എന്ന് പുനര്‍നാമകരണം ചെയ്തു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പിച്ചില്‍ ചില പ്രശ്നങ്ങളുണ്ടായതിനാല്‍ കളിക്കാരുടെ തയ്യാറെടുപ്പ് അപൂര്‍ണമായെന്നും അഖിലേഷ് ആരോപിച്ചു.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും നരേന്ദ്ര മോദിയെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ടീം നന്നായി കളിച്ചു, എന്നാല്‍ ദുശ്ശകുനം എത്തിയതോടെ കളി തോറ്റു എന്നാണ് രാഹുല്‍ പറഞ്ഞത്. ലോകകപ്പ് ഫൈനലിലെ പരാജയത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. എല്ലാവരും സങ്കടപ്പെട്ടിരിക്കുമ്പോള്‍ കാമറകളുമായി ഇന്ത്യന്‍ ടീമിന്റെ ഡ്രസ്സിങ് റൂമിലെത്തിയത് ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം വിമര്‍ശനം ഉയര്‍ത്തിയത്.

 

 

Latest